Section

malabari-logo-mobile

ചമ്രവട്ടം റെഗുലേറ്റര്‍ കംബ്രിഡ്ജിന്റെ അപാകതള്‍ക്ക് പരിഹാരമാകുന്നു

HIGHLIGHTS : തിരൂര്‍:ഏറെ നാളായി പ്രവര്‍ത്തന ലക്ഷ്യം കൈവരിക്കാതിരുന്ന മലപ്പുറം ജില്ലയിലെ ചമ്രവട്ടം റഗുലേറ്റര്‍ കം ബ്രിഡ്ജിന്റെ അപാകതകള്‍ മാറ്റുന്നതിനായുള്ള പ്രവര...

തിരൂര്‍:ഏറെ നാളായി പ്രവര്‍ത്തന ലക്ഷ്യം കൈവരിക്കാതിരുന്ന മലപ്പുറം ജില്ലയിലെ ചമ്രവട്ടം റഗുലേറ്റര്‍ കം ബ്രിഡ്ജിന്റെ അപാകതകള്‍ മാറ്റുന്നതിനായുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടി 29.75 കോടി രൂപയുടെ ഭരണാനുമതി നല്‍കിയതായി ജലവിഭവ വകുപ്പുമന്ത്രി മാത്യു ടി. തോമസ് അറിയിച്ചു.
കേരളത്തിലെ ഏറ്റവും വലിയ റഗുലേറ്റര്‍ കം ബ്രിഡ്ജാണ് ചമ്രവട്ടം പദ്ധതി എന്ന പേരില്‍ അറിയപ്പെടുന്ന ചമ്രവട്ടം റഗുലേറ്റര്‍ കം-ബ്രിഡ്ജ് പ്രെജക്ട്.  മലപ്പുറം ജില്ലയിലെ പൊന്നാനിയേയും തിരൂരിനേയും ഭാരതപ്പുഴയ്ക്ക് കുറുകെ പാലം നിര്‍മ്മിച്ച് ഇതിലൂടെ ബന്ധിപ്പിച്ചിരിക്കുന്നു.  ഒപ്പം മലപ്പുറം ജില്ലയിലെ ജലസേചനത്തിനായി പാലത്തില്‍ 70 ഷട്ടറുകള്‍ ഘടിപ്പിച്ചിട്ടുണ്ട്.  1984 ല്‍ ജലസേചനത്തിനു പ്രാമുഖ്യം നല്‍കി നിര്‍മ്മാണം ആരംഭിച്ച പാലം കൊച്ചി-കോഴിക്കോട് യാത്രയ്ക്ക് 38 കിലോമീറ്റര്‍ കുറവുള്ള പുതിയൊരുപാത കൂടി ഇതിലൂടെ സൃഷ്ടിക്കപ്പെട്ടു.  ഭാരതപ്പുഴയില്‍ 13 കിലോമീറ്റര്‍ നീളത്തിലും ആറുമീറ്റര്‍ ഉയരത്തിലും ജലം സംഭരിക്കാന്‍ ഇതിലൂടെ സാധിക്കും.  കുറ്റിപ്പുറം പാലം വരെ പുഴയില്‍ വെള്ളം നിറയുമെന്നാണ് കരുതുന്നത്.  മലപ്പുറം ജില്ലയിലെ 4344 ഹെക്ടര്‍ ഭൂമിയില്‍ ജലസേചനവും 16 പഞ്ചായത്തുകള്‍ക്കും തിരൂര്‍ പൊന്നാനി നഗരസഭകള്‍ക്കും കുടിവെള്ളലഭ്യതയുമാണ് പദ്ധതിയുടെ ലക്ഷ്യം.
പൊന്നാനിക്കടുത്ത് നരിപ്പറമ്പിലാണ് പദ്ധതി.  978 മീറ്റര്‍ നീളമുള്ള പാലത്തിന് 7.5 മീറ്റര്‍ വീതിയും ഇരുവശങ്ങളിലും 1.5 മീറ്റര്‍ വീതിയില്‍ നടപ്പാതയും ഉണ്ട്.  രണ്ട് മീറ്റര്‍ ഉയരവും നാലുമീറ്റര്‍ വീതിയുമുള്ള റഗുലേറ്ററിന് 70 ഷട്ടറുകളും അവ പ്രവര്‍ത്തിപ്പിക്കുന്നതിന് 70 മോട്ടോറുകളോടുകൂടിയ പ്ലാറ്റ്‌ഫോമും തയാറാക്കിയിട്ടുണ്ട്.  മേഖലയിലെ കാര്‍ഷിക, ജലസേചന, ഗതാഗതരംഗത്തും, കുടിവെള്ള വിതരണം, മത്സ്യബന്ധനം, ടൂറിസം മേഖലകളിലും ഈ പ്രൊജക്ട് മുതല്‍ക്കൂട്ടാണ്.
കടലില്‍ നിന്ന് പുഴയുടെ മേല്‍ഭാഗത്ത് ഉപ്പുവെള്ളം കയറുന്നത് തടയാന്‍ കൂടിയാണ് റഗുലേറ്റര്‍ നിര്‍മ്മിച്ചിരിക്കുന്നത്.  എന്നാല്‍ 2012-13 വര്‍ഷത്തില്‍ പദ്ധതിയുടെ 70 ഷട്ടറുകളും അടച്ച് പരീക്ഷണാടിസ്ഥാനത്തില്‍ വെള്ളം സംഭരിച്ചപ്പോള്‍ ചില സ്പാനുകളില്‍ ഏപ്രണിന്റെ അടിയിലൂടെ വെള്ളം ചോരുന്നതായി കണ്ടു.  അറ്റകുറ്റപ്പണികള്‍ക്കുശേഷം ആ വര്‍ഷം വെള്ളം സംഭരിക്കാന്‍ കഴിഞ്ഞു.  എന്നാല്‍ 2013-14 വര്‍ഷത്തില്‍ ഷട്ടറുകള്‍ അടച്ചപ്പോള്‍ ചോര്‍ച്ച കൂടുതല്‍ സ്പാനുകളിലേക്ക് വ്യാപിച്ചതായും ചോര്‍ച്ചയുടെ തോത് വര്‍ദ്ധിച്ചതായി കാണപ്പെട്ടു.  ഈ ന്യൂനത പരിഹരിക്കാനുള്ള നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കാന്‍ ഡല്‍ഹി ഐ.ഐ.ടിയെ ഏല്‍പ്പിക്കുകയും 2015 ജൂലൈ 14 ന് അവര്‍ സ്ഥലം സന്ദര്‍ശിക്കുകയും ചെയ്തു.  തുടര്‍ന്ന് പഠനം നടത്തി 2017 മെയ് മാസത്തില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു.  ഐ.ഐ.ടിയുടെ റിപ്പോര്‍ട്ടിന്റെയും തുടര്‍ന്നു നടന്ന ടെക്‌നിക്കല്‍ കമ്മറ്റിയുടെ തീരുമാനങ്ങള്‍ക്ക് അനുസരിച്ചും തയാറാക്കിയ 29.75 കോടി രൂപയുടെ എസ്റ്റിമേറ്റിനാണ് സര്‍ക്കാര്‍ ഇപ്പോള്‍ അനുമതി നല്‍കിയത്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!