താനൂര്‍: റംസാന്‍ എത്തിയാല്‍ എന്നുമില്ലാത്ത തിരക്കാണ് താനൂര്‍ സ്വദേശി കുമാരേട്ടന്. ഇസ്ലാം മത വിശ്വാസികള്‍ക്കായി കഴിഞ്ഞ ഇരുപതോളം വര്‍ഷങ്ങളായി താനൂര്‍ സെന്‍ട്രല്‍ ജുമാ മസ്ജിദ് പരിപാലിക്കുന്നത് ഇദ്ദേഹമാണ്. അതിരാവിലെ പള്ളിയിലെത്തുന്ന കുമാരേട്ടന്‍ നമസ്‌ക്കാരത്തിന് മുന്‍പേ പള്ളിയുടെ അകവും പുറവും വൃത്തിയാക്കും. കൂടാതെ വെള്ളിയാഴ്ച്ചകളിലെ ജുമുഅ നമസ്‌ക്കാത്തിന് ഖുത്തുബ നിര്‍വഹിക്കുന്ന പരിപാവനമായ മിമ്പറും കുമാരേട്ടന്റെ വിരല്‍ സ്പര്‍ശമേറ്റാണ് വൃത്തിയാക്കപ്പെടുന്നത്.
നൂറിലധികം പഴക്കമുണ്ട് സെന്‍ട്രല്‍ ജുമാ മസ്ജിദിന്. കുമാരന്റെ പ്രവര്‍ത്തനം മാതൃകാപരവും നന്മയുടെയും സൗഹാര്‍ദ്ധത്തിന്റേയും പ്രതീകവുമാണെന്ന് മുത്തവല്ലി പൂതേരി കുഞ്ഞിബാവു പറഞ്ഞു. നമസ്‌ക്കാരത്തിനെത്തുന്ന വിശ്വാസികള്‍ക്ക് കുമാരേട്ടനെ വളരെ മതിപ്പും സ്‌നേഹവുമാണെന്നും കുഞ്ഞിബാവു കൂട്ടിചേര്‍ത്തു.
താന്‍ ചെയ്യുന്ന പ്രവര്‍ത്തനങ്ങളെ കുമാരേട്ടന്‍ നാടന്‍ ഭാഷയില്‍ പറഞ്ഞത് ഇപ്രകാരമാണ്.
”അമ്പലായാലും പള്ളിയായാലും ഇന്നക്കൊണ്ട് ചെയ്യാന്‍ പറ്റ്ണത്ല്ലാം ചെയ്യലുണ്ട്. ഇമ്മളെല്ലാരും ഒന്നല്ലെ”.
ഇത് പറഞ്ഞ് വാക്കനപറമ്പില്‍ കുമാരന്‍കുട്ടി എന്ന കുമാരേട്ടന്‍ നടന്നുനീങ്ങി.
തന്റെ ദിനചര്യയിലേക്ക്…. നിസ്വാര്‍ത്ഥമായി….



