ഷെയര്‍ എ മീല്‍’ പദ്ധതി പുനരാരംഭിച്ചു

മലപ്പുറം ഗവ. കോളജിലെ എന്‍.എസ്.എസ് യൂനിറ്റ് കോട്ടപ്പടിയിലെ ഗവ. താലൂക്കാശുപത്രിയിലെ രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കുമായി നടപ്പാക്കി വരുന്ന ‘ഷെയര്‍ എ മീല്‍ ‘ പദ്ധതി പുനരാരംഭിച്ചു. താലൂക്കാശുപത്രിയില്‍ നടന്ന ചടങ്ങ് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന ഉദ്ഘാടനം ചെയ്തു. ആശുപത്രി സൂപ്രണ്ട് ഡോ. അലിഗര്‍ ബാബു അധ്യക്ഷനായി.

കോളജിലെ വിദ്യാര്‍ഥികള്‍ തിങ്കള്‍ മുതല്‍ വെള്ളി വരെയുള്ള എല്ലാ പ്രവൃത്തി ദിവസങ്ങളിലും ഗവ. താലൂക്കാശുപത്രിയിലെ രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കുമായി കഞ്ഞിയും കൂട്ടുകറികളും വിതരണം ചെയ്യുന്ന പദ്ധതിയാണ് ‘ഷെയര്‍ എ മീല്‍’. പദ്ധതിക്കാവശ്യമായ അരിയും പച്ചക്കറികളും വിദ്യാര്‍ഥികള്‍ തന്നെ കണ്ടെത്തി കോളേജ് കാന്റീനില്‍ വെച്ച് വിദ്യാര്‍ഥികള്‍ തന്നെ പാചകം ചെയ്തു വിതരണം നടത്തുന്നു എന്നതാണ് പദ്ധതിയുടെ പ്രത്യേകത.

പരിപാടിയില്‍ കോളജ് പ്രിന്‍സിപ്പല്‍ ഡോ. അലവി ബിന്‍ മുഹമ്മദ്, പ്രോ ഗ്രാം ഓഫീസര്‍മാരായ മൊയ്തീന്‍ കുട്ടി കല്ലറ, പ്രൊഫ. ഹസനത്ത്, വളണ്ടിയര്‍ സെക്രട്ടറിമാരായ അംന, ശുഫൈന എന്നിവര്‍ സംസാരിച്ചു.

Share news
error: Content is protected !!
Scroll to Top