മലപ്പുറത്ത് മണ്ണിടിഞ്ഞ് ഒരാള്‍ മരിച്ചു ;ഒരാള്‍ രക്ഷപ്പെട്ടു

മലപ്പുറം: എടവണ്ണയില്‍ മണ്ണിടിഞ്ഞ് ഒരാള്‍ മരിച്ചു. മണ്ണിനടയില്‍ കുടങ്ങിയ മറ്റൊരാളെ രക്ഷപ്പെടുത്തി. ഷാരത്തുകുന്ന് സ്വദേശി ഗോപിയാണ് മരിച്ചത്. രക്ഷപ്പെടുത്തിയ എടവണ്ണ സ്വദേശി രാകേഷിനെ മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. തിങ്കളാഴ്ച വൈകീട്ട് മൂന്ന് മണിയോടെയാണ് സുരക്ഷാ ഭിത്തി നിര്‍മ്മാണത്തിനിടെ എടവണ്ണ കല്ലിടുമ്പില്‍ അപകടം സംഭവിച്ചത്.

മണ്ണിടിഞ്ഞ് നിര്‍മ്മാണ പ്രവൃത്തിയില്‍ ഏര്‍പ്പെട്ടിരുന്ന തൊഴിലാളികള്‍ക്ക് മുകളിലേക്ക് വീഴുകയായിരുന്നു. അപകടവിവരം പുറത്തറിയാന്‍ വൈകിയതോടെ രണ്ടുപേരും ഒരുമണിക്കൂറോളം മണ്ണിനടിയില്‍ കുടങ്ങിക്കിടന്നു. പൂര്‍ണമായും മണ്ണിനടയില്‍ കുടുങ്ങിയ ഗോപിയെയാണ് ആദ്യം പുറത്തെടുത്തത്. പിന്നീടാണ് ഒരാള്‍ കൂടി മണ്ണിനടിയില്‍പെട്ടിട്ടുണ്ടെന്ന വിവരം ലഭിച്ചത്. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് രാകേഷിനെ കണ്ടെത്തിയത്.

നിലമ്പൂര്‍, മഞ്ചേരി, തിരുവാലി എന്നിവടങ്ങളില്‍ നിന്നെത്തിയ ഫയര്‍ ഫോഴ്‌സ് യൂണിറ്റും, പോലീസും നാട്ടുകാരും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.

പ്രദേശത്ത് മണ്ണൊലിപ്പ് രൂക്ഷമായതോടെ നാട്ടുകാരുടെ ശക്തമായ പ്രതിഷേധത്തെ തുടര്‍ന്നാണ് ഇവിടെ കഴിഞ്ഞ കുറച്ചുദിവസമായി സുരക്ഷാ ഭിത്തി നിര്‍മ്മാണം ആരംഭിച്ചത്. മഴക്കാലമാകുന്നതോടെ മണ്ണിടിച്ചില്‍ നിത്യസംഭവമാണ് ഇവിടെ. സംഭവത്തില്‍ വിശദമായ അന്വേഷണം ആവശ്യപ്പെട്ട് നാട്ടുകാര്‍ രംഗത്തെത്തിയിരിക്കുകയാണ്.

Share news
error: Content is protected !!
Scroll to Top