മലപ്പുറം കോട്ടക്കുന്നില്‍ സ്‌ഫോട ശബ്ദം;ആശങ്കയിലായി നാട്ടുകാര്‍

മലപ്പുറം: ശക്തമായ മഴയില്‍ ഉരുള്‍പൊട്ടലുണ്ടായി മൂന്ന് പേരുടെ ജീവന്‍ പൊലിഞ്ഞ കോട്ടക്കുന്നില്‍ രാത്രി സ്‌ഫോടന ശബ്ദമുണ്ടായത് നാട്ടുകാരെ ആശങ്കയിലാഴ്ത്തി. ഇതെ തുടര്‍ന്ന് ജിയോളജി, റവന്യൂ അധികൃതര്‍ സ്ഥലത്തെത്തി പരിശോധന നടത്തി.
സ്‌ഫോടന ശബ്ദവും ഉരുള്‍ പൊട്ടലും തമ്മില്‍ ബന്ധമില്ലെന്നും ആശങ്കപ്പെടാവുന്ന സാഹചര്യമില്ലെന്നും അധികൃതര്‍ വ്യക്തമാക്കി.

ഇന്നലെ രാത്രി ഒമ്പതര മണിയോടെയാണ് കോട്ടക്കുന്നില്‍ നിന്ന് ശബ്ദം കേട്ടതായി നാട്ടുകാര്‍ അറിയിച്ചതെന്ന് നഗരസഭ കൗണ്‍സിലര്‍ കല്ലിടുമ്പില്‍ വിനോദ് പറഞ്ഞു.

കോട്ടക്കുന്നില്‍ ജില്ലാ അസി.ജിയോളജിസ്റ്റ് സുകേഷ്, തഹസില്‍ദാര്‍ സുരേഷ് എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്. രാവിലെ 11 മണിയോടെ ചെറാട്ടുകുഴിയില്‍ നിന്ന് ആരംഭിച്ച പരിശോധന 12.30 യോടെ അവസാനിച്ചു. ശബ്ദം കേട്ടതായി നാട്ടുകാര്‍ പറഞ്ഞ ഭാഗങ്ങളിലും പരിസര പ്രദേശങ്ങളിലും ഉദ്യോഗസ്ഥര്‍ പരിശോധന നടത്തി.

Related Articles