മലപ്പുറം: കോവിഡ് 19 ബാധിച്ച് വിദഗ്ധ ചികിത്സയ്ക്കു ശേഷം ജില്ലയില്‍ ഒരാള്‍ക്ക് കൂടി രോഗം ഭേദമായതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിച്ചു. മമ്പുറം വെട്ടം ബസാര്‍ സ്വദേശി 42 കാരിയാണ് കോവിഡ് വിമുക്തയായത്.
മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ഐസൊലേഷന്‍ കേന്ദ്രത്തില്‍ ഇവരെ സ്റ്റെപ് ഡൗണ്‍ ഐ.സി.യുവിലേക്ക് മാറ്റിയിരിക്കുകയാണ്.
ഡല്‍ഹി നിസാമുദ്ദീനിലും മുംബയിലും ഭര്‍ത്താവിനും മറ്റ് അഞ്ച് കുടുംബങ്ങള്‍ക്കുമൊപ്പം താമസിച്ച് തിരിച്ചെത്തിയവരാണ് മമ്പുറം വെട്ടം ബസാര്‍ സ്വദേശിനി. മാര്‍ച്ച് 23 ന് വീട്ടില്‍ തിരിച്ചെത്തി വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയുന്നതിനിടെ ഇവരുടെ കൂടെ യാത്ര ചെയ്തിരുന്ന വേങ്ങര കണ്ണമംഗലം സ്വദേശിനിയ്ക്കും രോഗം സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ഏപ്രില്‍ ഏഴിന് മഞ്ചേരി ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ഐസൊലേഷനില്‍ പ്രവേശിപ്പിച്ചു. ഏപ്രില്‍ ഒമ്പതിനാണ് രോഗബാധ സ്ഥിരീകരിച്ചത്.
ഇതോടെ ജില്ലയില്‍ വിദഗ്ധ ചികിത്സയ്ക്കു ശേഷം കോവിഡ് വിമുക്തരായവരുടെ എണ്ണം 18 ആയി. ഇതില്‍ 12 പേര്‍ ആശുപത്രിയില്‍ നിന്ന് വീടുകളിലേയ്ക്ക് മടങ്ങി. മമ്പുറം വെട്ടം ബസാര്‍ സ്വദേശിനിയുള്‍പ്പടെ രോഗം ഭേദമായ അഞ്ച് പേര്‍ മഞ്ചേരി ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയിലെ സ്റ്റെപ് ഡൗണ്‍ ഐ.സി.യുവില്‍ തുടരുന്നു. ഒരാള്‍ രോഗ വിമുക്തനായ ശേഷം ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മരിച്ചു.
ഇനി ഒരാള്‍ മാത്രമാണ് രോഗ ബാധിതനായി ജില്ലയില്‍ ചികിത്സയില്‍ തുടരുന്നത്. 20 പേര്‍ക്കാണ് ഇതുവരെ രോഗബാധ സ്ഥിരീകരിച്ചത്. ഇതില്‍ നാല് മാസം പ്രായമായ കുട്ടി മാത്രമാണ് കോവിഡ് ബാധിതയായിരിക്കെ മരിച്ചത്. രോഗബാധിതരെ പുതു ജീവിതത്തിലേയ്ക്ക് തിരികെ കൊണ്ടുവരാനായത് സര്‍ക്കാര്‍ ഒരുക്കിയ കരുതലിന്റെ നേട്ടമാണെന്ന് ജില്ലാ കലക്ടര്‍ ജാഫര്‍ മലിക് അഭിപ്രായപ്പെട്ടു. രോഗബാധിതര്‍ക്കെല്ലാം മികച്ച ചികിത്സയും പരിചരണവും നല്‍കാന്‍ ജില്ലയിലെ ഡോക്ടര്‍മാരുള്‍പ്പടെയുള്ള ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് സാധിച്ചു. കൂടുതല്‍ പേര്‍ക്ക് രോഗം പകരാതെ സൂക്ഷിക്കാന്‍ വിവിധ വകുപ്പുകളുടെ ഒറ്റക്കെട്ടായ പ്രവര്‍ത്തനങ്ങള്‍ കൊണ്ട് കഴിഞ്ഞെന്നും ജില്ലാ കലക്ടര്‍ പറഞ്ഞു.




