Section

malabari-logo-mobile

കോഴിമാലിന്യ മുക്ത ജില്ലയായി മലപ്പുറം; ഹരിതകര്‍മ്മസേന ജില്ലാ സംഗമം നടത്തി; തിരൂര്‍ നഗരസഭ ഹരിത കര്‍മ്മ സേനക്ക് പ്രത്യേക പുരസ്‌കാരം

HIGHLIGHTS : Malappuram as chicken waste free district; Haritakarmasena held a district meeting

sameeksha-malabarinews

കോഴി മാലിന്യത്തില്‍ നിന്നും മോചനം നേടി മലപ്പുറം. കടകളില്‍ നിന്നും ശേഖരിക്കുന്ന കോഴി മാലിന്യം സംസ്‌കരണ കേന്ദ്രങ്ങളിലെത്തിച്ച് വളമാക്കി മാറ്റുകയാണ് ചെയ്യുന്നത്. 21 സംസ്‌കരണ കേന്ദ്രങ്ങളാണ് ജില്ലയുടെ വിവിധ ഭാഗങ്ങളിലായി പ്രവര്‍ത്തിക്കുന്നത്. കോഴി മാലിന്യമില്ലാത്ത മലപ്പുറത്തിന്റെ പ്രഖ്യാപനം ഹരിതകര്‍മസേനയുടെ ജില്ലാതല സംഗമത്തില്‍ നടന്നു. കായിക, വഖഫ്, ഫിഷറീസ് വകുപ്പ് മന്ത്രി വി.അബ്ദുറഹിമാന്‍ ജില്ലാതല സംഗമത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു. ഹരിതകര്‍മസേനയുടെ പ്രവര്‍ത്തനം മാതൃകപരമാണെന്ന് മന്ത്രി പറഞ്ഞു. കര്‍മസേനയുമായി സഹകരിക്കാത്തവരുടെ വിവരങ്ങള്‍ പരസ്യപ്പെടുത്തണമെന്നും മാലിന്യം വലിച്ചെറിയുകയാണെങ്കില്‍ സര്‍ക്കാര്‍ ആനുകൂല്യം തടയുന്നതടക്കമുള്ള നടപടി സ്വീകരിക്കണമെന്നും മന്ത്രി പറഞ്ഞു. ഹരിതകര്‍മസേനയുടെ പ്രവര്‍ത്തനം ലോകത്തിന് തന്നെ മാതൃകയാണെന്നും അദ്ദേഹം പറഞ്ഞു. പി ഉബൈദുള്ള എം.എല്‍.എ അധ്യക്ഷത വഹിച്ചു.

മാതൃകാ പ്രവര്‍ത്തനം നടത്തിയ ഹരിതകര്‍മസേനകളെ മന്ത്രി ആദരിച്ചു. കരുളായി, ചുങ്കത്തറ, പുല്‍പ്പറ്റ, കീഴാറ്റൂര്‍, പുറത്തൂര്‍, വെട്ടം, താനാളൂര്‍, ആനക്കയം, പുഴക്കാട്ടിരി, അമരമ്പലം, ചാലിയാര്‍, മാറഞ്ചേരി, തിരുവാലി പഞ്ചായത്തുകളെയും മഞ്ചേരി, പെരിന്തല്‍മണ്ണ, പരപ്പനങ്ങാടി, തിരൂര്‍ നഗരസഭകളെയുമാണ് മന്ത്രി ആദരിച്ചത്. ഹരിതമിത്രം ആപ് ലോഗോ പ്രകാശനം പി.ഉബൈദുള്ള എം.എല്‍.എ നിര്‍വഹിച്ചു. കോഴിമാലിന്യ മുക്ത മലപ്പുറത്തിന്റെ പ്രഖ്യാപനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എംകെ റഫീഖ നിര്‍വഹിച്ചു. നന്നമ്പ്ര ചെറുമുക്ക് ആമ്പല്‍പാടം ശുചീകരിച്ച വിസ്മയ ക്ലബിനെ ജില്ലാകലക്ടര്‍ വി.ആര്‍ പ്രേംകുമാര്‍ ആദരിച്ചു.

മലപ്പുറം എം.എസ്.എം ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടി മലപ്പുറം നഗരസഭാ ചെയര്‍മാന്‍ മുജീബ് കാടേരി, ബ്ലോക്ക് പഞ്ചായത്ത് അസോസിയേഷന്‍ ജില്ലാ പ്രസിഡന്റ് അഡ്വ. കാരാട്ട് അബ്ദുറഹ്‌മാന്‍, ഗ്രാമപഞ്ചായത്ത് അസോസിയേഷന്‍ ജില്ലാ പ്രസിഡന്റ് അബ്ദുല്‍ കലാം, എല്‍സിജിഡി ഷാജി ജോസഫ് ചെറുകരക്കുന്നേല്‍, ശുചിത്വമിഷന്‍ ജില്ലാ കോര്‍ഡിനേറ്റര്‍ എന്‍.കെ ദേവകി, നവകേരളം കര്‍മപദ്ധതി ജില്ലാ കോര്‍ഡിനേറ്റര്‍ ടി.വി.എസ് ജിതിന്‍, എ.ഡി.സി ജനറല്‍ പി.ബൈജു, എ.ഡി.പി മലപ്പുറം വി.കെ മുരളി, കുടുംബശ്രീ കോര്‍ഡിനേറ്റര്‍ ജാഫര്‍ കെ.കക്കൂത്ത്, മലിനീകരണ നിയന്ത്രണ ബോര്‍ഡ് എന്‍വയോണ്‍മെന്റ് എഞ്ചിനീയര്‍ വി.വരുണ്‍ നാരായണന്‍, ക്ലീന്‍ കേരള കമ്പനി ജനറല്‍ മാനേജര്‍ കെ.മുജീബ് എന്നിവര്‍ സംസാരിച്ചു.

ഖരമാലിന്യ നിര്‍മാര്‍ജനത്തിലെ മാതൃക പ്രവര്‍ത്തനങ്ങള്‍ക്ക് തിരൂര്‍ നഗരസഭയിലെ ഹരിത കര്‍മ്മ സേനക്ക് ജില്ലാ ഏകോപന സമിതിയുടെ പ്രത്യേക പുരസ്‌കാരം. മലപ്പുറത്തു നടന്ന പരിപാടിയില്‍ കായിക – ഫിഷറീസ് വകുപ്പ് മന്ത്രി വി. അബ്ദുറഹിമാന്‍ പുരസ്‌കാരം കൈമാറി. 29 ഹരിതകര്‍മ സേനാ അംഗങ്ങളാണ് നഗരസഭയിലുള്ളത്. പ്ലാസ്റ്റിക് മാലിന്യമടക്കമുള്ള ഖരമാലിന്യങ്ങളും പാഴ് വസ്തുക്കളും കൃത്യമായി ശേഖരിച്ച് സംസ്‌കരണ കേന്ദ്രത്തില്‍ എത്തിച്ചു വേര്‍തിരിച്ചതിന് ശേഷം ഗ്രീന്‍ വേര്‍മ്‌സ് എന്ന എജന്‍സിക്ക് കൈമാറുകയാണ് ഇവര്‍ ചെയ്യുന്നത്. വാര്‍ഡുകളില്‍ ബോധവല്‍ക്കരണമുള്‍പ്പടെ കാര്യങ്ങളും നടത്തുന്നുണ്ട്. മാതൃക പ്രവര്‍ത്തനം നടത്തി പുരസ്‌കാരം നേടിയ ഹരിത കര്‍മ്മ സേനാ അംഗങ്ങളെ നഗരസഭാ അധ്യക്ഷ എ.പി നസീമ, ഉപാധ്യക്ഷന്‍ പി. രാമന്‍കുട്ടി, ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷ ഫാത്തിമത് സജ്ന എന്നിവര്‍ അഭിനന്ദിച്ചു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

MORE IN Latest News