മകരവിളക്ക്; സന്നിധാനത്ത് സുരക്ഷയൊരുക്കാന്‍ 5000 പൊലീസ് ഉദ്യോഗസ്ഥരെ വിന്യസിച്ചു

പത്തനംതിട്ട: മകരവിളക്ക് മത്സോവത്തിന് ശബരിമല സന്നിധാനത്ത് സുരക്ഷയൊരുക്കാന്‍ 5000 പൊലീസ് ഉദ്യോഗസ്ഥര്‍. മുന്നൊരുക്കങ്ങള്‍ സംസ്ഥാന പൊലീസ് മേധാവി ഷേഖ് ദര്‍വേശ് സാഹിബ് വിലയിരുത്തി. 1800 ഓളം പൊലീസ് ഉദ്യോഗസ്ഥരെ സന്നിധാനത്തും 800 പേരെ പമ്പയിലും 700 പേരെ നിലക്കലും 1050-ഓളം പേരെ ഇടുക്കിയിലും 650 പേരെ കോട്ടയത്തുമായാണ് വിന്യസിച്ചിട്ടുള്ളത്.

ഇതു കൂടാതെ എന്‍ഡിആര്‍എഫ്, ആര്‍എഎഫ് സേനകളുടെ സുരക്ഷയുമുണ്ടാകും. തിരുവാഭരണ ഘോഷയാത്ര നടത്താന്‍ സ്‌പെഷ്യല്‍ സ്‌കീം നിശ്ചയിച്ചാകും പൊലീസ് പ്രവര്‍ത്തിക്കുക. ഒരു എസ്പി, 12 ഡിവൈഎസ്പി, 31 സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ അടക്കമുള്ള 1440 ഓളം പൊലീസ് ഉദ്യോഗസ്ഥര്‍ ഉണ്ടാകും. പൊലീസ്, ഫയര്‍ ആന്റ് റസ്‌ക്യൂ, എന്‍ഡിആര്‍എഫ് തുടങ്ങിയ സേനകള്‍ മകരജ്യോതി കാണാന്‍ ആളുകള്‍ കയറുന്ന പ്രധാനപ്പെട്ട എല്ലാ സ്ഥലത്തും സുരക്ഷ പരിശോധിച്ചിട്ടുണ്ട്. എല്ലാ വകുപ്പുകളുമായും ഒരു കോ-ഓര്‍ഡിനേഷന്‍ മീറ്റിങ് ഞായറാഴ്ച നടക്കും.

സന്നിധാനത്ത് ചീഫ് പൊലീസ് കോ-ഓര്‍ഡിനേറ്റര്‍ എഡിജിപി എസ് ശ്രീജിത്ത്, പമ്പയില്‍ സൗത്ത് സോണ്‍ ഐജി ശ്യാംസുന്ദര്‍, നിലക്കലില്‍ ഡിഐജി അജിതാ ബീഗം, എരുമേലി-ഇടുക്കി ഭാഗത്തിന്റെ ചുമതല എറണാകുളം ഡിഐജി സതീഷ് ബിനു എന്നിവര്‍ ക്രമീകരണങ്ങള്‍ മേല്‍നോട്ടം വഹിച്ച് ക്യാമ്പ് ചെയ്യും. മകരവിളക്കിനു ശേഷം ഭക്തര്‍ക്ക് പോകാനുള്ള എക്സിറ്റ് പ്ലാനും തയാറാക്കിയിട്ടുണ്ട്. തിരക്ക് വന്നാല്‍ എക്സിറ്റ് പ്ലാന്‍ ഉപയോഗപ്പെടുത്തി സുഗമായി ഭക്തജനങ്ങള്‍ക്ക് മലയിറങ്ങാനുള്ള ക്രമീകരണങ്ങളാണ് പൊലീസ് തയാറാക്കിയിട്ടുള്ളതെന്നും സംസ്ഥാന പൊലീസ് മേധാവി പറഞ്ഞു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
error: Content is protected !!
Scroll to Top