തിരു: ലോക്‌സഭാ തെരഞ്ഞെടുപ്പ് പരാജയത്തെ തുടര്‍ന്ന് എംഎല്‍എ സ്ഥാനം രാജിവെക്കാനൊരുങ്ങിയ സിപിഐഎം പി ബി അംഗം എംഎ ബേബി വിവദങ്ങള്‍ക്ക് വിരാമമിട്ട് നിയമസഭയില്‍ ഹാജരായി.
ബേബി അഞ്ചുദിവസം നിയമസഭയില്‍ ഹാജരായിരുന്നില്ല. ഇതേതുടര്‍ന്ന് പാര്‍ട്ടി ഇടപെട്ട് നിയമസഭയില്‍ ഹാജരാകാന്‍ നിര്‍ദേശിച്ചിരുന്നു. രാവിലെ മുതല്‍ പാര്‍ട്ടി ഫഌറ്റിലുണ്ടായിരുന്നെങ്കിലും ചോദ്യോത്തരവേള തുടങ്ങി 45 മിനിറ്റിനു ശേഷമാണ് ബേബി സഭയിലെത്തിയത്.
ഇന്ന് സഭയില്‍ ബേബി എത്തിയതോടെ പാര്‍ട്ടിയെ ബാധിച്ച പ്രതിസന്ധിക്ക് താല്‍ക്കാലിക പരിഹാരമായി. എന്നാല്‍ പാര്‍ട്ടി നേതൃയോഗങ്ങളില്‍ രാജിക്കാര്യത്തില്‍ ബേബി നിലപാടില്‍ ഉറച്ചു നില്‍ക്കുമോ എന്നാണ് അറിയേണ്ടത്.
ബേബിയുടെ രാജി തീരുമാനം സംസ്ഥാന സെക്രട്ടറിയേറ്റും കേന്ദ്രകമ്മിറ്റിയും നേരത്തെ തള്ളിയിരുന്നു. ഈ സാഹചര്യത്തിലാണ് ബേബി ഇന്ന് സഭയില്‍ എത്തിയിരിക്കുന്നത്. ഈ മാസം 21 നു സംസ്ഥാന സെക്രട്ടറിയേറ്റും 22 ന് സംസ്ഥാന സമിതിയും ചേരുമ്പോള്‍ രാജിക്കാര്യത്തില്‍ അന്തിമ തീരുമാനമുണ്ടാകുമെന്നാണ് സൂചന.




