Section

malabari-logo-mobile

ലോക്‌സഭ തിരഞ്ഞെടുപ്പ്: മലപ്പുറം ജില്ലയില്‍ വോട്ടെണ്ണലിനുള്ള ഒരുക്കങ്ങൾ പൂർത്തിയായി

HIGHLIGHTS : ലോക്‌സഭ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണലിന് മലപ്പുറം ജില്ലയിലെ വോട്ടെണ്ണല്‍ കേന്ദ്രങ്ങള്‍ സജ്ജമായി. ജൂണ്‍ നാലിന് നടക്കുന്ന വോട്ടെണ്ണലിനായി മലപ്പുറം ജില...

ലോക്‌സഭ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണലിന് മലപ്പുറം ജില്ലയിലെ വോട്ടെണ്ണല്‍ കേന്ദ്രങ്ങള്‍ സജ്ജമായി. ജൂണ്‍ നാലിന് നടക്കുന്ന വോട്ടെണ്ണലിനായി മലപ്പുറം ജില്ലയില്‍ നാലു  കേന്ദ്രങ്ങളാണ് നിശ്ചയിച്ചിട്ടുള്ളത്. പൊന്നാനി ലോക്‍സഭാ മണ്ഡലത്തിന്റെ വോട്ടെണ്ണല്‍ കേന്ദ്രമായി തിരൂര്‍ എസ്.എസ്.എം പോളിടെക്ന‍ിക് കോളേജും മലപ്പുറം ലോക്‍സഭാ മണ്ഡലത്തിന്റെ വോട്ടെണ്ണല്‍ കേന്ദ്രമായി മലപ്പുറം ഗവ. കോളേജുമാണ് നിശ്ചയിച്ചിട്ടുള്ളത്. അതത് മണ്ഡലങ്ങളിലെ പോസ്റ്റല്‍ വോട്ടുകളും ഈ കേന്ദ്രങ്ങളില്‍ തന്നെയായിരിക്കും എണ്ണുക. വയനാട് ലോക്‍സഭാ മണ്ഡലത്തില്‍ ഉള്‍പ്പെടുന്ന നിലമ്പൂര്‍, ഏറനാട് നിയമസഭാ മണ്ഡലങ്ങളുടെ വോട്ടെണ്ണല്‍ കേന്ദ്രമായി ചുങ്കത്തറ മാര്‍ത്തോമ കോളേജും വയനാട് ലോക്‍സഭാ മണ്ഡലത്തില്‍ ഉള്‍പ്പെടുന്ന വണ്ടൂര്‍ നിയമസഭാ മണ്ഡലത്തിന്റെ വോട്ടെണ്ണല്‍ കേന്ദ്രമായി ചുങ്കത്തറ മാര്‍ത്തോമ ഹയര്‍സെക്കന്ററി സ്കൂളുമാണ് നിശ്ചയിച്ചിട്ടുള്ളത്. വയനാട് ലോക്‌സഭാ മണ്ഡലത്തിലെ മുഴുവന്‍ തപാല്‍ വോട്ടുകളും മുട്ടില്‍ ഡബ്ലു.എം.ഒ ആട്‌സ് ആന്‍ഡ് സയന്‍സ് കോളേജിലാണ് എണ്ണുന്നത്. പൊന്നാനി ലോക്‍സഭാ മണ്ഡലത്തില്‍ ഉള്‍പ്പെടുന്ന തൃത്താല നിയോജക മണ്ഡലത്തിലെ വോട്ടുകള്‍ തിരൂര്‍ എസ്.എസ്.എം പോളിടെക്ന‍ിക് കോളേജിലെ വോട്ടെണ്ണല്‍ കേന്ദ്രത്തിലുമാണ് എണ്ണുക.

രാവിലെ എട്ടുമണിക്ക് വോട്ടെണ്ണല്‍ ആരംഭിക്കുമ്പോള്‍ ആദ്യം എണ്ണുന്നത് പോസ്റ്റല്‍ ബാലറ്റുകളായിരിക്കും. ശേഷമാണ് വോട്ടിങ് യന്ത്രത്തിലെ വോട്ടുകള്‍ എണ്ണിത്തുടങ്ങുക. കൗണ്ടിങ് സൂപ്പര്‍വൈസര്‍മാര്‍, കൗണ്ടിങ് അസിസ്റ്റന്റുമാര്‍, മൈക്രോ ഒബ്‌സര്‍വര്‍മാര്‍, തെരഞ്ഞെടുപ്പ്  കമ്മീഷന്‍ പ്രതിനിധികള്‍, നിരീക്ഷകര്‍, തിരഞ്ഞെടുപ്പ് ഡ്യൂട്ടിയിലുള്ള സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍, സ്ഥാനാര്‍ത്ഥികള്‍, അവരുടെ തിരഞ്ഞെടുപ്പ് ഏജന്റുമാര്‍ എന്നിവര്‍ക്ക് മാത്രമാണ് വോട്ടെണ്ണല്‍ ഹാളിലേക്ക് പ്രവേശനമുള്ളത്. കൗണ്ടിങ് ഏജന്റുമാര്‍ക്ക് സ്ഥാനാര്‍ഥിയുടെ പേരും നിര്‍ദിഷ്ട ടേബിള്‍ നമ്പറും വ്യക്തമാക്കുന്ന ബാഡ്ജ് റിട്ടേണിങ് ഓഫീസര്‍ നല്‍കും. വോട്ടെണ്ണല്‍ മുറിയ്ക്കുള്ളില്‍ തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിരീക്ഷകനൊഴിച്ച് മറ്റാര്‍ക്കും മൊബൈല്‍ ഫോണ്‍ ഉപയോഗിക്കാന്‍ അധികാരമില്ല. 25 ശതമാനം റിസര്‍വ് അടക്കം ആകെ 989 ഉദ്യോഗസ്ഥരെയാണ് വോട്ടെണ്ണല്‍ ജോലിക്കായി ജില്ലയില്‍ നിയമിച്ചിട്ടുള്ളത്.

sameeksha-malabarinews

ഓരോ അസംബ്ലി മണ്ഡലത്തിലെയും വോട്ടുകള്‍ എണ്ണാന്‍ ഒരോ ഹാള്‍ ഉണ്ടായിരിക്കും. ഒരോ ഹാളിലും പരമാവധി 14 ടേബിളുകളാണ് ഉണ്ടാവുക. ഏറനാട്, മങ്കട നിയമസഭാ മണ്ഡ‍ലങ്ങളിലെ വോട്ടുകള്‍ എണ്ണാന്‍ രണ്ട് ഹാളുകള്‍ സജ്ജീകരിച്ചിട്ടുണ്ട്. വോട്ടിങ് മെഷീനുകളില്‍ രേഖപ്പെടുത്തിയിട്ടുള്ള വോട്ടുകള്‍ എണ്ണുന്നതിനായി 218 ഉം പോസ്റ്റല്‍ ബാലറ്റ് എണ്ണുന്നതിനായി 31 ഉം അടക്കം ആകെ 249 കൗണ്ടിങ് ടേബിളുകളാണ് ജില്ലയിലെ നാല് വോട്ടെണ്ണല്‍ കേന്ദ്രങ്ങളിലുമായി സജ്ജീകരിക്കുക. ഏറനാട് (ഹാള്‍ 1)- 8, ഏറനാട് (ഹാള്‍- 2)- 4, നിലമ്പൂര്‍ – 14, വണ്ടൂര്‍- 14, കൊണ്ടോട്ടി- 12, മഞ്ചേരി- 12, പെരിന്തല്‍മണ്ണ- 12, മങ്കട (ഹാള്‍ 1)- 6, മങ്കട (ഹാള്‍-2)- 6, മലപ്പുറം- 12, വേങ്ങര- 10, വള്ളിക്കുന്ന്- 12, തിരൂരങ്ങാടി -14, താനൂര്‍ – 12, തിരൂര്‍ -14, കോട്ടയ്ക്കല്‍  -14, തവനൂര്‍ -14, പൊന്നാനി – 14, തൃത്താല- 14 എന്നിങ്ങനെയാണ് ഓരോ മണ്ഡലത്തിലും യന്ത്രങ്ങളിലെ വോട്ടുകള്‍ എണ്ണുന്നതിനായി സജ്ജീകരിക്കുന്ന ടേബിളുകളുടെ എണ്ണം. ഇതോടൊപ്പം പോസ്റ്റല്‍  ബാലറ്റുകള്‍ എണ്ണുന്നതിനായി മലപ്പുറം മണ്ഡലത്തില്‍ രണ്ടു ഹാളുകളിലായി 17 ടേബിളുകളും പൊന്നാനി മണ്ഡലത്തില്‍ ഒരു ഹാളിലായി 14 ടേബിളുകളും സജ്ജീകരിക്കും.

ഓരോ മേശയ്ക്കും ഒരു കൗണ്ടിങ് സൂപ്പര്‍വൈസര്‍ ഉണ്ടാവും. ഇത്  ഗസറ്റഡ് റാങ്കുള്ള ഓഫീസറായിരിക്കും. ഒരു കൗണ്ടിങ് അസിസ്റ്റന്റ്, ഒരു മൈക്രോ ഒബ്‌സര്‍വര്‍ എന്നിവരും വോട്ടെണ്ണല്‍ മേശയ്ക്കു ചുറ്റുമുണ്ടാവും. വോട്ടെണ്ണലിന്റെ സുതാര്യത ഉറപ്പുവരുത്തുകയാണ് മൈക്രോ ഒബ്‌സര്‍വറുടെ ഡ്യൂട്ടി. മൂന്ന് ഘട്ട റാന്‍ഡമൈസേഷന്‍ വഴിയാണ് വോട്ടെണ്ണലിനുള്ള ഉദ്യോഗസ്ഥരെ നിയോഗിക്കുന്നത്. ആദ്യഘട്ടം മെയ് 17 ന് പൂര്‍ത്തിയായി. രണ്ടാം റാന്‍ഡമൈസേഷനും മൂന്നാം റാന്‍ഡമൈസേഷനും ജൂണ്‍ മൂന്നിന് രാവിലെ എട്ട് മണിക്കും ജൂണ്‍ നാലിന് രാവിലെ അഞ്ച് മണിക്കും നടക്കും. രണ്ടാം ഘട്ടം റാന്‍ഡമൈസേഷനിലാണ് നിയമസഭാ മണ്ഡലം അനുസരിച്ച് ജീവനക്കാരെ നിയോഗിക്കുക. വോട്ടെണ്ണല്‍ ദിനം പുലര്‍ച്ചെ അഞ്ചു  മണിക്ക് നടക്കുന്ന മൂന്നാംഘട്ട റാന്‍ഡമൈസേഷനിലാണ് വോട്ടെണ്ണല്‍ മേശയുടെ വിശദാംശങ്ങള്‍ ജീവനക്കാര്‍ക്ക് ലഭ്യമാക്കുക.
മലപ്പുറം മണ്ഡലത്തിന്റെ വോട്ടെണ്ണല്‍ കേന്ദ്രമായി മലപ്പുറം  ഗവ. കോളജില്‍ ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസറും മലപ്പുറം മണ്ഡലം വരണാധികാരിയുമായ ജില്ലാ കളക്ടര്‍ വി.ആര്‍ വിനോദ് സന്ദര്‍ശിച്ച് ഒരുക്കങ്ങള്‍ വിലയിരുത്തി. തിരൂര്‍ പോളിടെക്നിക്കിലെ വോട്ടെണ്ണല്‍ കേന്ദ്രം പൊന്നാനി മണ്ഡലം വരണാധികാരിയും എ.ഡി.എമ്മുമായ കെ. മണികണ്ഠനും വയനാട് മണ്ഡലത്തിലെ മലപ്പുറം ജില്ലയിലെ വോട്ടെണ്ണല്‍ കേന്ദ്രങ്ങളായ ചുങ്കത്തറ മാര്‍ത്തോമ കോളേജും മാര്‍ത്തോമ എച്ച്.എസ്.എസും വയനാട് മണ്ഡലം വരണാധികാരിയും വയനാട് ജില്ലാ കളക്ടറുമായ ഡോ. രേണുരാജും സന്ദര്‍ശിച്ച് ഒരുക്കങ്ങള്‍ വിലയിരുത്തി.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!