മു​ഖ്യ​മ​ന്ത്രി​യു​മാ​യു​ള്ള വ്യാ​പാ​രി​ക​ളു​ടെ ച​ർ​ച്ച ഇ​ന്ന്; നി‍​യ​ന്ത്ര​ണ​ങ്ങ​ളി​ൽ ഇ​ള​വുണ്ടായേക്കും

തിരുവന്തപുരം: കടകള്‍ തുറന്നു പ്രവര്‍ത്തിക്കുന്നതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയനും വ്യാപാരി നേതാക്കളും ഇന്ന് ചര്‍ച്ച നടത്തും. ചര്‍ച്ചയില്‍ പങ്കെടുക്കാന്‍ വ്യാപാരി നേതാക്കള്‍ക്ക് മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്നും അറിയിപ്പു ലഭിച്ചിട്ടുണ്ട്. കൂടിക്കാഴ്ചയ്ക്ക് മുന്നോടിയായി വ്യാപാരി വ്യവസായി ഏകോപന സമിതി ഇന്ന് യോഗം ചേരുന്നുണ്ട്.

ഓണം, ബക്രീദ് വിപണികള്‍ മുന്നില്‍ കണ്ട് നിയന്ത്രണങ്ങളില്‍ ഇളവുകള്‍ ലഭിക്കണമെന്നാണ് സൂചന.

അതേസമയം സമരം പൊടുന്നനേ പിന്‍വലിച്ചതില്‍ വ്യാപാരികള്‍ക്കിടയില്‍ അതൃപ്തിയുള്ളതായാണ് സൂചന. വ്യാപാരി നേതാക്കളോടോ മറ്റു സംഘടനകളോടോ ആലോചിക്കാതെ വ്യാപാരി വ്യവസായി അകോപനസമിതി പ്രസിഡന്റ് ടി. നസിറുദ്ദീന്‍ ഏകപക്ഷീയമായി തീരിമാനമെടുക്കുകയായിരുന്നുവെന്നും ആക്ഷേപമുയര്‍ന്നിട്ടുണ്ട്.

നിയന്ത്രണങ്ങളില്‍ ഇളവ് അനുവദിച്ച് വ്യാപാര സ്ഥാപനങ്ങള്‍ തുറക്കണമെന്ന ആവശ്യപ്പെട്ട ഇടതു അനുകൂല വ്യാപാര സംഘടനയും രംഗത്തെത്തിയിട്ടുണ്ട്. ഇക്കാര്യം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും തൊഴില്‍മന്ത്രിക്കും സംഘടന നിവേദനവും നല്‍കി. കടതുറക്കല്‍ വിഷയത്തില്‍ വ്യാപാരികളെ മുഖ്യമന്ത്രി വെള്ളിയാഴ്ച ചര്‍ച്ചക്ക് വിളിച്ച സാഹചര്യത്തിലാണ് സിഐടിയുവിന് കീഴിലുള്ള ഷോപ് എംപ്ലോയീസ് ഫെഡറേഷന്റെ ആവശ്യം.

രണ്ടു മാസമായി അവശ്യസാധനം വില്‍ക്കുന്ന കടകള്‍ ഒഴികെയുള്ളവ അടഞ്ഞുകിടക്കുന്നതിനാല്‍ വ്യാപാര മേഖലയിലെ തൊഴിലാളികള്‍ക്ക് ജോലിയും ശമ്പളവുമില്ലെന്ന് ഫെഡറേഷന്‍ ജനറല്‍ സെക്രട്ടറി അഡ്വ. പി. സജി പറഞ്ഞു. നിയന്ത്രണങ്ങളുള്ള സ്ഥലത്ത് വെള്ളിയാഴ്ച മാത്രമാണ് കട തുറക്കാന്‍ അനുമതി. ഈ ദിവസം ജനങ്ങള്‍ കടകളിലേക്ക് കൂടുതലായി തള്ളിക്കയറുന്നു. ഇത് തൊഴിലാളികള്‍ക്ക് കോവിഡ് പകരാനുള്ള സാഹചര്യമാണ് സൃഷ്ടിക്കുന്നത്.

സാമ്പത്തിക പ്രതിസന്ധി തരണം ചെയ്യാനാകാതെ സ്ഥാപനങ്ങള്‍ അടച്ചുപൂട്ടുകയാണ്. നിരവധി തൊഴിലാളികളാണ് തൊഴില്‍രഹിതരായത്. പലയിടത്തും തൊഴിലാളികളെ കൂട്ടത്തോടെ പിരിച്ചുവിട്ടുകൊണ്ടിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ ദിവസവും കോവിഡ് മാനദണ്ഡം പാലിച്ച് വ്യാപാര സ്ഥാപനങ്ങള്‍ തുറക്കാന്‍ അനുമതി നല്‍കി തൊഴിലാളികള്‍ നേരിടുന്ന പ്രതിസന്ധിക്ക് പരിഹാരമുണ്ടാക്കണമെന്നും ഫെഡറേഷന്‍ ആവശ്യപ്പെട്ടു.

 

Share news
error: Content is protected !!
Scroll to Top