Section

malabari-logo-mobile

ലോക്ക് ഡൗണ്‍: വരള്‍ച്ച-മണ്‍സൂണ്‍ മുന്നൊരുക്ക പ്രവര്‍ത്തനങ്ങള്‍ക്ക് മലപ്പുറം ജില്ലയില്‍ ഇളവ് പ്രഖ്യാപിച്ചു

HIGHLIGHTS : മലപ്പുറം: ലോക്ക് ഡൗണ്‍ നിലനില്‍ക്കുന്ന സാഹചര്യത്തില്‍ വരള്‍ച്ച-മണ്‍സൂണ്‍ മുന്നൊരുക്കങ്ങളുടെ ഭാഗമായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ മല...

മലപ്പുറം: ലോക്ക് ഡൗണ്‍ നിലനില്‍ക്കുന്ന സാഹചര്യത്തില്‍ വരള്‍ച്ച-മണ്‍സൂണ്‍ മുന്നൊരുക്കങ്ങളുടെ ഭാഗമായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ മലപ്പുറം ജില്ലയില്‍ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് നിബന്ധനങ്ങളോടെ ഇളവ് നല്‍കിയതായി ജില്ലാ കലക്ടര്‍ ജാഫര്‍ മലിക് അറിയിച്ചു. ജില്ലയില്‍ നടന്നുകൊണ്ടിരിക്കുന്ന പ്രീ-മണ്‍സൂണ്‍ പ്രവര്‍ത്തനങ്ങള്‍, വെള്ളപ്പൊക്കം തടയുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍, സാനിറ്റേഷന്‍ പ്രവൃത്തി, ഗ്രാമപഞ്ചായത്തിന്റെ വാര്‍ഷിക പദ്ധതിയിലുള്‍പ്പെട്ട എല്ലാ പൊതുമരാമത്ത് പ്രവൃത്തികള്‍, വരള്‍ച്ച നേരിടുന്നതിനുള്ള കിണര്‍ നിര്‍മാണം, കിണര്‍ അറ്റകുറ്റ പ്രവൃത്തികള്‍, കുഴല്‍ കിണര്‍ നിര്‍മാണവും അനുബന്ധ പ്രവൃത്തികളും, വിത്ത്-ചെടി നഴ്‌സ്‌റി പരിപാലനം, അഴുക്ക് ചാല്‍ നിര്‍മ്മാണവും വൃത്തിയാക്കലും തുടങ്ങിയ പ്രവൃത്തികള്‍ നിര്‍വഹിക്കുന്നതിനാണ് ജില്ലാകലക്ടര്‍ അനുമതി നല്‍കിയത്.

കോവിഡ് 19 രോഗവ്യാപന പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നിലനില്‍ക്കുന്ന സാഹചര്യത്തില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് പ്രത്യേക നിബന്ധനക്കനുസൃതമായി മാത്രമേ പ്രവൃത്തികള്‍ ചെയ്യാന്‍ അനുമതിയുള്ളൂ. വ്യവസ്ഥകള്‍ പാലിച്ചായിരിക്കണം ജില്ലയിലെ വരള്‍ച്ച-മണ്‍സൂണ്‍ പ്രവര്‍ത്തനങ്ങളെന്ന് ജില്ലാകലക്ടര്‍ അറിയിച്ചു.

sameeksha-malabarinews

പ്രവൃത്തി നടക്കുന്ന സമയങ്ങളില്‍ ഒരേ സമയം അഞ്ച് പേരില്‍ കൂടുതല്‍ പ്രവൃത്തി സ്ഥലത്ത് ഉണ്ടാവരുത്. നാട്ടില്‍ ലഭ്യമായ തൊഴിലാളികളെ മാത്രമെ ഉപയോഗിക്കാവൂ. ഇവരുടെ മറ്റിടങ്ങളിലേയ്ക്കുള്ള യാത്ര അനുവദിക്കില്ല. തൊഴില്‍ സ്ഥലത്തിനടുത്തായി താമസ സൗകര്യം ഒരുക്കുകയും കൃത്യമായ സാമൂഹിക അകലം പാലിക്കുകയും ചെയ്യണം. ജോലിസമയങ്ങളില്‍ മാസ്‌ക്, ഗ്ലൗസ് എന്നിവ ബന്ധപ്പെട്ട തദ്ദേശ സ്വയം ഭരണ സ്ഥാപനം ഉറപ്പുവരുത്തണം.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!