തദ്ദേശതിരഞ്ഞെടുപ്പ് : കരട് വോട്ടര്‍പട്ടിക ജൂലൈ 23ന്

2025 ലെ തദ്ദേശസ്ഥാപനങ്ങളിലെ പൊതുതിരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങള്‍ വിശദീകരിക്കുന്നതിനായി തിരുവനന്തപുരം മസ്‌കറ്റ് ഹോട്ടലില്‍ രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികളുടെ യോഗം ചേര്‍ന്നു.പൊതുതിരഞ്ഞെടുപ്പിന് മുന്നോടിയായി വോട്ടര്‍പട്ടിക പുതുക്കുന്നതിനുള്ള കരട് ജൂലൈ 23 നും അന്തിമപട്ടിക ആഗസ്റ്റ് 30 നും പ്രസിദ്ധീകരിക്കുമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണര്‍ എ.ഷാജഹാന്‍ പറഞ്ഞു.

ത്രിതലപഞ്ചായത്തുകളിലും നഗരസഭകളിലും വോട്ടെടുപ്പിന് ഉപയോഗിക്കുന്ന ഇലക്ട്രോണിക് വോട്ടിങ് മെഷീനുകളുടെ (ഇ.വി.എം) ഫസ്റ്റ് ലെവല്‍ ചെക്കിങ് ( FLC) ജൂലൈ 25 മുതല്‍ ആഗസ്റ്റ് 25 നകം പൂര്‍ത്തിയാക്കുമെന്നും കമ്മീഷന്‍ അറിയിച്ചു. കുറ്റമറ്റ രീതിയില്‍ വോട്ടര്‍പട്ടിക തയ്യാറാക്കുന്നതിനും ഇ.വി.എമ്മുകളുടെ ക്ഷമതാപരിശോധന പൂര്‍ത്തിയാക്കുന്നതിനും എല്ലാ രാഷ്ട്രീയപാര്‍ട്ടികളുടെയും സഹകരണം കമ്മീഷണര്‍ അഭ്യര്‍ത്ഥിച്ചു.കരട് പട്ടിക സംബന്ധിച്ച അപേക്ഷകളും ആക്ഷേപങ്ങളും ജൂലൈ 23 മുതല്‍ ആഗസ്റ്റ് 7 വരെ ഓണ്‍ലൈനായി നല്‍കാം. യോഗ്യതാ തീയതിയായ 2025 ജനുവരി ഒന്നിനോ അതിന് മുന്‍പോ18 വയസ്സ് പൂര്‍ത്തിയായവര്‍ക്കാണ് പട്ടികയില്‍ പേരു ചേര്‍ക്കാന്‍ അര്‍ഹതയുള്ളത്.

കണ്ണൂര്‍ ജില്ലയിലെ മട്ടന്നൂര്‍ മുനിസിപ്പാലിറ്റി ഒഴികെയുള്ള തദ്ദേശസ്ഥാപനങ്ങളിലേയ്ക്കാണ് ഈ വര്‍ഷം പൊതുതിരഞ്ഞെടുപ്പ് നടത്തുന്നത്. 941 ഗ്രാമപഞ്ചായത്തുകളിലും 86 മുനിസിപ്പാലിറ്റികളിലും 6 കോര്‍പ്പറേഷനുകളിലും 152 ബ്ളോക്ക് പഞ്ചായത്തുകളിലും 14 ജില്ലാപഞ്ചായത്തുകളിലുമാണ് പൊതുതിരഞ്ഞെടുപ്പ്. മട്ടന്നൂര്‍ മുനിസിപ്പാലിറ്റിയുടെ കാലാവധി 2027 സെപ്തംബര്‍ 10ന് മാത്രമേ അവസാനിക്കുകയുള്ളൂ.

യോഗത്തില്‍ രാഷ്ട്രീയപാര്‍ട്ടികളെ പ്രതിനിധീകരിച്ച് എം.വിജയകുമാര്‍ (കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ (മാര്‍ക്സിസ്റ്റ്)), എം.ലിജു (ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്), അഡ്വ.ജെ.ആര്‍.പത്മകുമാര്‍ (ഭാരതീയ ജനതാപാര്‍ട്ടി) പി.കെ.ഷറഫുദ്ദീന്‍ (ഇന്ത്യന്‍ യൂണിയന്‍ മുസ്ലീംലീഗ്), ഡോ.ബെന്നി കക്കാട് (കേരളകോണ്‍കോണ്‍ഗ്രസ്(എം), പൂജപ്പുര രാധാകൃഷ്ണന്‍, (കേരളകോണ്‍കോണ്‍ഗ്രസ്(ബി)), ജോസഫ് ജോണ്‍ (വെല്‍ഫെയര്‍ പാര്‍ട്ടി ഓഫ് ഇന്ത്യ), റോയി അറയ്ക്കല്‍ (സോഷ്യല്‍ ഡെമോക്രാറ്റിക് പാര്‍ട്ടി ഓഫ് ഇന്ത്യ), ജോയ്എബ്രഹാം (കേരളകോണ്‍കോണ്‍ഗ്രസ്), കെ.കെ.നായര്‍ (ബി.ജെ.കെ.പി), , അഡ്വ. കൊല്ലങ്കോട് രവീന്ദ്രന്‍നായര്‍ (ജനതാദള്‍ (എസ്)), അഡ്വ. റ്റി.മനോജ്കുമാര്‍ (ആള്‍ ഇന്‍ഡ്യ ഫോര്‍വേര്‍ഡ് ബ്ളോക്ക്),കല്ലട നാരായണപിള്ള (ജനാധിപത്യകേരള കോണ്‍ഗ്രസ്), കെ.ജയകുമാര്‍ (റവല്യൂഷണറി സോഷ്യലിസ്റ്റ് പാര്‍ട്ടി), ജോയ് ആര്‍. തോമസ് (ബഹുജന്‍ സമാജ് പാര്‍ട്ടി), തിരഞ്ഞെടുപ്പ് കമ്മീഷന്‍ സെക്രട്ടറി ബി.എസ്.പ്രകാശ്, കമ്മീഷനിലെ മറ്റുദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യു
 

Share news
error: Content is protected !!
Scroll to Top