HIGHLIGHTS : Local body elections; first phase of voting on December 9; second phase on December 11
തിരുവനന്തപുരം: സംസ്ഥാനത്തെ തദ്ദേശ തെരഞ്ഞെടുപ്പ് തീയതികള്‍ പ്രഖ്യാപിച്ചു. രണ്ടു ഘട്ടങ്ങളിലായിട്ടായിട്ടാണ് തെരഞ്ഞെടുപ്പ് നടക്കുക. ആദ്യഘട്ട വോട്ടെടുപ്പ് ഡിസംബര്‍ ഒമ്പതിനും രണ്ടാം ഘട്ട വോട്ടെടുപ്പ് ഡിസംബര്‍ 11നുമാണ് നടക്കുക. വോട്ടെണ്ണല്‍ ഡിസംബര്‍ 13നായിരിക്കും . നവംബര്‍ 14ന് തെരഞ്ഞെടുപ്പ് വിജ്ഞാപനം പുറത്തിറക്കും. നവംബര്‍ 21 വരെ നാമനിര്‍ദേശ പത്രിക നല്‍കാം. തെരഞ്ഞെടുപ്പിനായുള്ള എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയാക്കിയതായി സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍ വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി. സംസ്ഥാനത്ത് പെരുമാറ്റച്ചട്ടം ഇന്ന് മുതല്‍ നിലവില്‍ വന്നു.
തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം എന്നീ ഏഴു ജില്ലകളിലായിരിക്കും ആദ്യഘട്ടത്തില്‍ വോട്ടെടുപ്പ് നടക്കുക. രണ്ടാം ഘട്ടത്തില്‍ തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് എന്നീ ഏഴു ജില്ലകളിലുമാണ് വോട്ടെടുപ്പ് നടക്കുക. വോട്ടെടുപ്പ് വിജ്ഞാപന തീയതി മുതല്‍ നാമനിര്‍ദേശ പത്രിക നല്‍കാം.
മട്ടന്നൂര്‍ നഗരസഭ ഒഴികെയുള്ള 1199 തദ്ദേശ സ്ഥാപനങ്ങളിലേക്കാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. ആകെ 23576 വാര്‍ഡുകളിലേക്കായിട്ടാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. മട്ടന്നൂരില്‍ തെരഞ്ഞെടുപ്പ് പിന്നീട് നടക്കും. തെരഞ്ഞെടുപ്പ് ഇപ്പോള്‍ നടക്കുന്നില്ലെങ്കിലും മട്ടന്നൂരിലും പെരുമാറ്റച്ചട്ടം ബാധകമായിരിക്കും.
സംസ്ഥാനത്ത് ആകെ 33746 പോളിങ് സ്റ്റേഷനുകളായിരിക്കും ഉണ്ടാകുക. 1,37,922 ബാലറ്റ് യൂണിറ്റുകളാണ് തെരഞ്ഞെടുപ്പിനായി സജ്ജമാക്കിയിട്ടുള്ളത്. 50691 കണ്‍ട്രോള്‍ യൂണിറ്റുകളുമുണ്ടാകും. 1249 റിട്ടേണിങ് ഓഫീസര്‍മാരായിക്കും വോട്ടെടുപ്പിനായി ഉണ്ടാകുക.
സംസ്ഥാനത്തെ തദ്ദേശ സ്ഥാപനങ്ങളുടെ നിലവിലെ ഭരണസമിതി കാലയളവ് ഡിസംബര്‍ 20ന് അവസാനിക്കും. 2020-ല്‍ പൊതു തിരഞ്ഞെടുപ്പ് ഡിസംബര്‍ 8, 10, 14 തീയതികളിലാണ് നടന്നത്. വോട്ടെണ്ണല്‍ 16നും സത്യപ്രതിജ്ഞ 21നു മായിരുന്നു. കണ്ണൂര്‍ ജില്ലയിലെ മട്ടന്നൂര്‍ നഗരസഭ ഒഴികെ സംസ്ഥാനത്തെ 1199 തദ്ദേശസ്ഥാപനങ്ങളിലേക്കുമുളള പൊതു തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുകയാണ്. മട്ടന്നൂര്‍ നഗരസഭയുടെ കാലാവധി 2027 സെപ്റ്റംബര്‍ 10ന് മാത്രമേ അവസാനിക്കൂ.
941 ഗ്രാമപഞ്ചായത്തുകളിലെ 17337 വാര്‍ഡുകള്‍, 152 ബ്ലോക്ക് പഞ്ചായത്തുകളിലെ 2267 വാര്‍ഡുകള്‍, 14 ജില്ലാ പഞ്ചായത്തുകളിലെ 346 വാര്‍ഡുകള്‍, 86 മുനിസിപ്പാലിറ്റികളിലെ 3205 വാര്‍ഡുകള്‍, 6 കോര്‍പ്പറേഷനുകളിലെ 421 വാര്‍ഡുകള്‍ എന്നിവയിലേക്കാണ് തിരഞ്ഞെടുപ്പ് നടത്തുന്നത്. തിരഞ്ഞെടുപ്പ് നടക്കുന്നത് ആകെ 23576 വാര്‍ഡുകളിലേക്കാണ്.
പൊതു തിരഞ്ഞെടുപ്പിന് മുന്നോടിയായി ഡീലിമിറ്റേഷന്‍ കമ്മീഷന്‍ തദ്ദേശ സ്ഥാപനങ്ങളുടെ വാര്‍ഡ് വിഭജനം നടത്തിയിരുന്നു. 2024 – ല്‍ സര്‍ക്കാര്‍ പുതുക്കി
നിശ്ചയിച്ച അംഗസംഖ്യ പ്രകാരവും 2011-ലെ സെന്‍സസ് ജനസംഖ്യ അടിസ്ഥാനമാക്കിയുമാണ് വാര്‍ഡ് വിഭജനം നടത്തിയത്. ഗ്രാമപഞ്ചായത്തുകള്‍, മുനിസിപ്പാലിറ്റികള്‍, കോര്‍പ്പറേഷനുകള്‍ എന്നിവയുടേത് ഒന്നാം ഘട്ടമായും ബ്ലോക്ക് പഞ്ചായത്തുകളുടേത് രണ്ടാംഘട്ടമായും ജില്ലാ പഞ്ചായത്തുകളുടേത് മൂന്നാംഘട്ടമായുമാണ് വാര്‍ഡ് വിഭജനം പൂര്‍ത്തിയാക്കിയത്. പാലക്കാട് ജില്ലയിലെ ചെര്‍പ്പുളശ്ശേരി മുനിസിപ്പാലിറ്റി, തൃക്കടീരി ഗ്രാമപഞ്ചായത്ത് എന്നിവയില്‍ വാര്‍ഡ് വിഭജനം ആവശ്യമായിരുന്നില്ല. വാര്‍ഡ് വിഭജനത്തിന്റെ ഭാഗമായി എല്ലാ തദ്ദേശ സ്ഥാപനങ്ങളുടെയും ഡിജിറ്റല്‍ വാര്‍ഡ് മാപ്പ് IKM സഹായത്തോടെ തയ്യാറാക്കി. സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണര്‍ ചെയര്‍മാനും ഗവ. സെക്രട്ടറിമാരായ ഡോ. രത്തന്‍ യു ഖേല്‍ക്കര്‍ ഐഎഎസ്, കെ ബിജു ഐഎഎസ്, എസ് ഹരികിഷോര്‍ ഐഎഎസ്, ഡോ. കെ വാസുകി ഐഎഎസ് എന്നിവര്‍ അംഗങ്ങളുമായ ഡീലിമിറ്റേഷന്‍ കമ്മീഷനാണ് വാര്‍ഡ് വിഭജനം നടത്തിയത്.
തദ്ദേശ സ്ഥാപനങ്ങളില്‍ 2020 ലെ പൊതു തിരഞ്ഞെടുപ്പിനായി തയ്യാറാക്കിയ വോട്ടര്‍പട്ടിക 2023 ലും 2024 ലും 2025-ല്‍ രണ്ടുതവണയും സംക്ഷിപ്തമായി പരിഷ്‌കരിച്ചാണ് 2025 ലെ പൊതു തിരഞ്ഞെടുപ്പിനായി ഉപയോഗിക്കുന്നത്. കേന്ദ്ര ഇലക്ഷന്‍ കമ്മീഷന്റെ 2014-ലെ അസംബ്ലി ബൂത്തുതല വോട്ടര്‍പട്ടിക ഹൗസ് വെരിഫിക്കേഷന്‍ ഓഫീസര്‍മാര്‍ വീട് വീടാന്തരം സന്ദര്‍ശിച്ച് വാര്‍ഡുതലത്തില്‍ ക്രമീകരിച്ചിരുന്നു. അത്തരത്തില്‍ തയ്യാറാക്കിയ വോട്ടര്‍പട്ടിക 2015 ലും 2020 ലും ആവശ്യമായ പുതുക്കലുകള്‍ വരുത്തി പൊതു തിരഞ്ഞെടുപ്പുകള്‍ക്കും അതിനെ തുടര്‍ന്നുനടന്ന ഉപതിരഞ്ഞെടുപ്പുകള്‍ക്കും ഉപയോഗിച്ചിരുന്നു.
സംസ്ഥാനത്താകെ 1200 തദ്ദേശ സ്ഥാപനങ്ങളിലുണ്ടായിരുന്ന 21900 വാര്‍ഡുകള്‍ ഡീലിമിറ്റേഷന്‍ പ്രക്രിയവഴി 23,612 ആയി വര്‍ദ്ധിച്ചു. പുതിയ വാര്‍ഡുകള്‍ക്കനുസൃതമായി വോട്ടര്‍പട്ടിക 2025 ആഗസ്റ്റിലും ഒക്ടോബറിലും രണ്ട് പ്രാവശ്യം പുതുക്കിയിരുന്നു. ആഗസ്റ്റില്‍ തയ്യാറാക്കിയ വോട്ടര്‍ പട്ടിക സെപ്റ്റംബര്‍ 29ന് വീണ്ടും കരടായി പ്രസിദ്ധീകരിക്കുകയും അന്തിമ പട്ടിക ഒക്ടോബര്‍ 25 ന് പ്രസിദ്ധീകരിക്കുകയും ചെയ്തു. ഒക്ടോബര്‍ 25 ന് പ്രസിദ്ധീകരിച്ച അന്തിമ വോട്ടര്‍ പട്ടികയില്‍ 1,34,12,470 പുരുഷന്മാരും 1,50,18,010 സ്ത്രീകളും 281 ട്രാന്‍സ്‌ജെന്‍ഡറുകളും ഉള്‍പ്പെടെ ആകെ 2,84,30,761 വോട്ടര്‍മാരുണ്ട്.
പ്രവാസി ഭാരതീയര്‍ക്കുള്ള വോട്ടര്‍ പട്ടികയും തയ്യാറാക്കിയിട്ടുണ്ട്. പ്രവാസി പട്ടികയില്‍ 2484 പുരുഷന്മാരും 357 സ്ത്രീകളും ഉള്‍പ്പെടെ ആകെ 2841 വോട്ടര്‍മാരാണുളളത്.
ഒക്ടോബര്‍ 25 ന് പ്രസിദ്ധീകരിച്ച അന്തിമ പട്ടികയില്‍ ഉള്‍പ്പെടാത്തവര്‍ക്ക് പേര് ചേര്‍ക്കുന്നതിന് നവംബര്‍ 4, 5 തീയതികളില്‍ വീണ്ടും അവസരം നല്‍കിയിരുന്നു. അതോടൊപ്പം ഒഴിവാക്കലിനും ഭേദഗതിയ്ക്കും സ്ഥാനമാറ്റത്തിനും അവസരമുണ്ടായിരുന്നു. സപ്ലിമെന്ററി ലിസ്റ്റുകള്‍ 14ന് പ്രസിദ്ധീകരിക്കും. അത് അംഗീകൃത രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് സൗജന്യമായി നല്‍കും.
വോട്ടെടുപ്പിനായി 33,746 പോളിംഗ് സ്റ്റേഷനുകള്‍ ഉണ്ടാകും. ഗ്രാമ, ബ്ലോക്ക്, ജില്ലാ പഞ്ചായത്ത് വാര്‍ഡുകളിലേക്കുളള വോട്ട് രേഖപ്പെടുത്തുന്നതിന് പഞ്ചായത്തുകള്‍ക്കായി 28,127 ഉം മുനിസിപ്പാലിറ്റികള്‍ക്ക് 3604 ഉം കോര്‍പ്പറേഷനുകള്‍ക്ക് 2015 ഉം പോളിംഗ് സ്റ്റേഷനുകളുമാണുളളത്. പഞ്ചായത്ത് തലത്തില്‍ ഒരു വോട്ടര്‍ ഗ്രാമ, ബ്ലോക്ക്, ജില്ലാ പഞ്ചായത്തുകളിലേക്ക് മൂന്ന് വോട്ടും നഗരസഭാതലത്തില്‍ ഒരു വോട്ടുമാണ് രേഖപ്പെടുത്തേണ്ടത്.
തദ്ദേശസ്ഥാപനങ്ങളിലെ വാര്‍ഡ് സംവരണ സംബന്ധിച്ച് അധികാരപ്പെടുത്തിയ ഉദ്യോഗസ്ഥര്‍ ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ട്. ഗ്രാമ, ബ്ലോക്ക്, ജില്ലാ പഞ്ചായത്തുകളുടേത് ജില്ലാ കളക്ടറും, മുനിസിപ്പാലിറ്റികളുടേത് തദ്ദേശ വകുപ്പ് ജില്ലാ ജോയിന്റ് ഡയറക്ടറും കോര്‍പ്പറേഷനുകളുടേത് തദ്ദേശ വകുപ്പ് അര്‍ബന്‍ ഡയറക്ടറുമായിരുന്നു അധികാരപ്പെടുത്തിയ ഉദ്യോഗസ്ഥര്‍. സ്ത്രീ, പട്ടികജാതി സ്ത്രീ, പട്ടിക വര്‍ഗ്ഗ സ്ത്രീ, പട്ടികജാതി, പട്ടിക വര്‍ഗ്ഗം എന്നിങ്ങനെ അഞ്ച് വിഭാഗങ്ങള്‍ക്കുളള സംവരണ വാര്‍ഡുകളുടെ എണ്ണം സര്‍ക്കാര്‍ നിശ്ചയിച്ചിരുന്നു. അതനുസരിച്ച് ആവര്‍ത്തനക്രമം പാലിച്ച് നറുക്കെടുപ്പിലൂടെയാണ് സംവരണ വാര്‍ഡുകള്‍ കണ്ടെത്തിയിട്ടുള്ളത്.
തദ്ദേശ സ്ഥാപനങ്ങളുടെ അദ്ധ്യക്ഷ സ്ഥാനങ്ങളുടെ സംവരണം കമ്മീഷന്‍ നിശ്ചയിച്ച് വിജ്ഞാപനം ചെയ്തിട്ടുണ്ട്. അദ്ധ്യക്ഷസ്ഥാനം സ്ത്രീകള്‍ക്കായി സംവരണം ചെയ്യാത്ത തദ്ദേശ സ്ഥാപനങ്ങളില്‍ ഉപാധ്യക്ഷസ്ഥാനം സ്ത്രീകള്‍ക്കായി സംവരണം ചെയ്തിട്ടുണ്ട്.
വോട്ടെടുപ്പിനായി ഉപയോഗിക്കുന്ന ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകള്‍ ഹൈദരാബാദ് ആസ്ഥാനമായ ഇലക്ട്രോണിക് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ ലിമിറ്റഡ് (ECIL) സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷനു വേണ്ടി നിര്‍മ്മിച്ചു നല്‍കിയവയാണ്. ഇവയുടെ പരിശോധന ECIL എന്‍ജിനീയര്‍മാരുടെ നേതൃത്വത്തില്‍ പൂര്‍ത്തിയാക്കിയിട്ടുണ്ട്. 50,693 കണ്‍ട്രോള്‍ യൂണിറ്റുകളും 1,37,922 ബാലറ്റ് യൂണിറ്റുകളുമാണ് അത്തരത്തില്‍ തിരഞ്ഞെടുപ്പിനായി തയ്യാറാക്കിയിട്ടുളളത്. ത്രിതല പഞ്ചായത്തുകളില്‍ ഓരോ പോളിംഗ് സ്റ്റേഷനിലും ഒരു കണ്‍ട്രോള്‍ യൂണിറ്റും മൂന്ന് ബാലറ്റ് യൂണിറ്റുകളും ഉപയോഗിക്കും. പരിശോധന പൂര്‍ത്തിയാക്കിയ മെഷീനുകളില്‍ വോട്ടെടുപ്പിന് ഒരാഴ്ച മുമ്പ് കാന്‍ഡിഡേറ്റ് സെറ്റിംഗ് നടത്തും. ഒരു ബാലറ്റ് യൂണിറ്റില്‍ പരമാവധി 15 സ്ഥാനാര്‍ത്ഥികളുടെ പേരും ചിഹ്നവുമാണ് രേഖപ്പെടുത്തുന്നത്. 15-ല്‍ അധികം സ്ഥാനാര്‍ത്ഥികള്‍ ഉണ്ടാവുകയാണെങ്കില്‍ അധിക ബാലറ്റ് യൂണിറ്റ് സജ്ജമാക്കും.
വോട്ടെടുപ്പിന് ആവശ്യമായ പോളിംഗ് സാധനങ്ങളും ഫാറങ്ങളും ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് ലഭ്യമാക്കിയിട്ടുണ്ട്. EVMകള്‍ വോട്ടെടുപ്പിന് ഒരാഴ്ച മുമ്പ് ജില്ലാ വെയര്‍ഹൗസില്‍ നിന്നും വരണാധികാരികള്‍ക്ക് ലഭ്യമാക്കും.
തിരഞ്ഞെടുപ്പിനായി വരണാധികാരികളെയും ഉപവരണാധികാരികളെയും കമ്മീഷന്‍ ചുമതലപ്പെടുത്തിയിട്ടുണ്ട്. ജില്ലാ പഞ്ചായത്തിന്റെ വരണാധികാരി ജില്ലാ കളക്ടറാണ്. ഗ്രാമപഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത്, ജില്ലാ പഞ്ചായത്ത് എന്നിവയ്ക്ക് ഒന്ന് വീതവും മുനിസിപ്പാലിറ്റി കോര്‍പ്പറേഷനുകള്‍ക്ക് വാര്‍ഡുകളുടെ എണ്ണത്തിനനുസരിച്ച് ഒന്നിലധികവും വരണാധികാരികള്‍ ഉണ്ടാവും. ആകെ 1249 വരണാധികാരികളാണുളളത്. ഓരോ വരണാധികാരിക്കും ഒന്നിലധികം ഉപവരണാധികാരികളെയും ചുമതലപ്പെടുത്തിയിട്ടുണ്ട്. വരണാധികാരികള്‍ക്കും ഉപവരണാധികാരികള്‍ക്കും ആവശ്യമായ പരിശീലനം നല്‍കിയിട്ടുണ്ട്.
ഓരോ പോളിംഗ് സ്റ്റേഷനിലും ഒരു പ്രിസൈഡിംഗ് ഓഫീസര്‍, 3 പോളിംഗ് ഓഫീസര്‍മാര്‍ എന്നിവരെ വോട്ടെടുപ്പിനായി നിയോഗിക്കും. വോട്ടെടുപ്പിനും പോളിംഗ് സാധനങ്ങളുടെ വിതരണത്തിനും മറ്റുമായി ഒരു ലക്ഷത്തി എണ്‍പതിനായിരത്തോളം (1,80,000) ഉദ്യോഗസ്ഥരെ നിയോഗിക്കും. കൂടാതെ സുരക്ഷാ ഉദ്യോഗസ്ഥരെയും നിയോഗിക്കും. പോളിംഗ് ഉദ്യോഗസ്ഥര്‍ക്കുളള പരിശീലനം വോട്ടെടുപ്പിന് മുമ്പ് നല്‍കും.
പോളിംഗ് സാധനങ്ങളുടെ വിതരണത്തിനും പോളിംഗിനു ശേഷം അവ തിരികെ വാങ്ങി സൂക്ഷിക്കുന്നതിനുമുള്ള വിതരണ സ്വീകരണ കേന്ദ്രങ്ങള്‍ നിശ്ചയിച്ചിട്ടുണ്ട്. ത്രിതല പഞ്ചായത്തുകളെ സംബന്ധിച്ച് ബ്ലോക്ക് പഞ്ചായത്ത്തലത്തിലും, മുനിസിപ്പാലിറ്റി കോര്‍പ്പറേഷനുകളെ സംബന്ധിച്ച് അതത് സ്ഥാപനതലത്തിലുമാണ് വിതരണസ്വീകരണ കേന്ദ്രങ്ങള്‍ സജ്ജമാക്കുന്നത്. വോട്ടെണ്ണലും ഇതേ കേന്ദ്രങ്ങളില്‍ വച്ചാണ് നടത്തുന്നത്. അത്തരത്തില്‍ സംസ്ഥാനത്ത് ആകെ 244 കേന്ദ്രങ്ങള്‍ ഉണ്ടാകും.
തദ്ദേശ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിന് രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് ചിഹ്നം അനുവദിച്ച് കമ്മീഷന്‍ ഉത്തരവായിട്ടുണ്ട്. നാല് പട്ടികകളായി തിരിച്ചാണ് ചിഹ്നങ്ങള്‍ അനുവദിച്ചിട്ടുള്ളത്. ഒന്നാം പട്ടികയില്‍ ദേശീയ പാര്‍ട്ടികള്‍ക്കും രണ്ടാം പട്ടികയില്‍ കേരളത്തിലെ സംസ്ഥാന പാര്‍ട്ടികള്‍ക്കുമാണ് ചിഹ്നങ്ങള്‍ നല്‍കിയിട്ടുളളത്. മൂന്നാം പട്ടികയില്‍ മറ്റു സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും അംഗീകൃത പാര്‍ട്ടികള്‍ക്കും, കേരള നിയമസഭയിലോ തദ്ദേശസ്ഥാപനങ്ങളിലോ പ്രാധിനിത്യമുളള പാര്‍ട്ടികള്‍ക്കുമുളള ചിഹ്നങ്ങളാണ് നല്‍കിയിട്ടുളളത്. നാലാം പട്ടികയിലെ ചില സ്വതന്ത്ര ചിഹ്നങ്ങള്‍ മുന്‍ഗണനാപ്രകാരം നല്‍കുന്നതിന് രജിസ്‌ട്രേഡ് രാഷ്ട്രിയ പാര്‍ട്ടികള്‍ക്ക് അനുവദിച്ചിട്ടുണ്ട്. അല്ലാത്തവ സ്വതന്ത്ര സ്ഥാനാര്‍ത്ഥികള്‍ക്ക് നല്‍കും.
തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട മാതൃക പെരുമാറ്റച്ചട്ടം പ്രാബല്യത്തില്‍ വന്നിരിക്കുകയാണ്. പെരുമാറ്റചട്ടം സംസ്ഥാനത്തെ മുഴുവന്‍ തദ്ദേശ സ്ഥാപനങ്ങളിലും ബാധകമായിരിക്കും. സ്വതന്ത്രവും നിഷ്പക്ഷവും നീതിപൂര്‍വവുമായ തിരഞ്ഞെടുപ്പ് നടത്തുന്നതിനാണ് പെരുമാറ്റച്ചട്ടം ഏര്‍പ്പെടുത്തുന്നത്. ജാതിയുടെയോ സമുദായത്തിന്റെയോ ഭാഷയുടെയോ പേരില്‍ വോട്ട് ചോദിക്കുകയോ മതസ്ഥാപനങ്ങള്‍, ആരാധനാലയങ്ങള്‍ എന്നിവ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തിന് ഉപയോഗിക്കാനോ പാടില്ല. മതപരമോ വംശപരമോ സമുദായപരമോ ഭാഷാപരമോ ആയ സംഘര്‍ഷങ്ങള്‍ ഉണ്ടാകുന്നതും പരസ്പര വിദ്വേഷം ജനിപ്പിക്കുന്നതുമായ പ്രചാരണപ്രവര്‍ത്തനങ്ങളും പാടില്ല. മറ്റു സ്ഥാനാര്‍ത്ഥികളുടെയോ പ്രതിപക്ഷപാര്‍ട്ടി പ്രവര്‍ത്തകരുടെയോ സ്വകാര്യ ജീവിതവുമായി ബന്ധപ്പെട്ട വിമര്‍ശനങ്ങളും പാടില്ല.
കേന്ദ്രത്തിലോ സംസ്ഥാനത്തിലോ തദ്ദേശ സ്ഥാപനങ്ങളിലോ അധികാരത്തിരിക്കുന്ന കക്ഷി ഔദ്യോഗിക സ്ഥാനം തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി വിനിയോഗിക്കരുത്. മന്ത്രിമാര്‍, എംപിമാര്‍, എംഎല്‍എമാര്‍, മറ്റു ജനപ്രതിനിധികള്‍ എന്നിവര്‍ തങ്ങളുടെ വിവേചനാധികാരം ഉപയോഗിച്ച് ആനുകൂല്യങ്ങള്‍ നല്‍കുകയോ പ്രഖ്യാപനങ്ങള്‍ നടത്തുകയോ ഗുണഭോക്താക്കളെ തിരഞ്ഞെടുക്കുകയോ ചെയ്യാന്‍ പാടില്ല. പുതിയ പദ്ധതികളോ സ്‌കീമുകളോ ആരംഭിക്കുകയോ ഉദ്ഘാടനം നടത്തുകയോ പാടില്ല.
പെരുമാറ്റചട്ടം സംബന്ധിച്ച പരാതികള്‍ പരിശോധിക്കുന്നതിന് ജില്ലകളില്‍ മോണിറ്ററിംഗ് കമ്മിറ്റി ഉണ്ടാകും. ജില്ലാ കളക്ടര്‍ അധ്യക്ഷനും ജില്ലാ പോലീസ് മേധാവി, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍, തദ്ദേശ വകുപ്പിലെ ജില്ലാ ജോയിന്റ് ഡയറക്ടര്‍, പ്രമുഖ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ എന്നിവര്‍ കമ്മിറ്റിയില്‍ അംഗങ്ങളുമായിരിക്കും.
മാധ്യമപ്രവര്‍ത്തകര്‍ക്കും പെരുമാറ്റച്ചട്ടം ബാധകമാണ്. തിരഞ്ഞെടുപ്പ് സംബന്ധിച്ച വാര്‍ത്തകളുടെ നിജസ്ഥിതി മനസ്സിലാക്കിയാവണം അവ പ്രസിദ്ധീകരിക്കേണ്ടത്. ഇതിനായി ജില്ലകളില്‍ ജില്ലാ കളക്ടര്‍ ചെയര്‍മാനും ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍
കണ്‍വീനറും ഐ & പി.ആര്‍ വകുപ്പിലെ റീജിയണല്‍ ഡെപ്യൂട്ടി ഡയറക്ടര്‍,
ജില്ലാ കളക്ടറേറ്റിലെ ലോ ഓഫീസര്‍, ഒരു വിശിഷ്ട മാധ്യമ/സാമൂഹ്യ പ്രവര്‍ത്തകന്‍, ഒരു അര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്/സോഷ്യല്‍മീഡിയ വിദഗ്ദ്ധന്‍ എന്നിവരടങ്ങുന്ന മീഡിയ റിലേഷന്‍ സമിതി രൂപീകരിച്ചിട്ടുണ്ട്. സംസ്ഥാനതലത്തില്‍ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്‍ സെക്രട്ടറി ചെയര്‍മാനായും പബ്ലിക് റിലേഷന്‍സ് ഓഫീസര്‍ കണ്‍വീനറായും 8 അംഗ മീഡിയാ റിലേഷന്‍സ് സമിതിയും രൂപീകരിച്ചിട്ടുണ്ട്. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, സോഷ്യല്‍ മീഡിയ എന്നിവയിലൂടെ ഉള്ള വ്യാജ വാര്‍ത്തകള്‍ക്കെതിരെ പ്രത്യേക ജാഗ്രത വേണം.
വോട്ടെടുപ്പ് അവസാനിക്കുന്നതിന് മുമ്പുളള 48 മണിക്കൂര്‍ സമയപരിധിയില്‍ മാധ്യമങ്ങളിലൂടെ തിരഞ്ഞെടുപ്പ് ഫലത്തെ സ്വാധീനിക്കുന്ന പ്രചാരണങ്ങള്‍ പാടില്ല. തിരഞ്ഞെടുപ്പ സംപ്രേക്ഷണം സംബന്ധിച്ച് News Broadcasting Standard Authority നല്‍കിയിട്ടുളള നിര്‍ദ്ദേശങ്ങളും അച്ചടി മാധ്യമങ്ങള്‍ക്കായി പ്രസ് കൗണ്‍സില്‍ ഓഫ് ഇന്ത്യ നല്‍കിയിട്ടുളള മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും പാലിക്കേണ്ടതാണ്.
പെരുമാറ്റചട്ടം സംബന്ധിച്ച മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ കമ്മീഷന്‍ പുറപ്പെടുവിച്ചിട്ടുണ്ട്. അവ പാലിക്കാനും തിരഞ്ഞെടുപ്പ് സമാധാനപരമായി നടത്തുന്നതിനും ബന്ധപ്പെട്ടവര്‍ ആവശ്യമായ നടപടി സ്വീകരിക്കേണ്ടതാണ്. സ്വതന്ത്രവും സമാധാനപരവും നീതിയുക്തവുമായ തിരഞ്ഞെടുപ്പ് നടത്തുന്നതിന് വേണ്ട എല്ലാ കരുതല്‍ നടപടികളും കമ്മീഷന്‍ സ്വീകരിക്കും.
ക്രമസമാധാനപാലനത്തിന് വേണ്ട ക്രമീകരണങ്ങള്‍ സംസ്ഥാന പോലീസ് ചീഫുമായി ആലോചിച്ച് ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇതിനായി 70,000 പോലീസ് ഓഫീസര്‍മാരെ നിയോഗിക്കും. പ്രശ്‌നബാധിതബൂത്തുകളുടെ വിവരം ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ നല്‍കുന്ന മുറയ്ക്ക് ആവശ്യമായ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തുന്നതാണ്. പ്രശ്‌നബാധിത ബൂത്തുകളില്‍ ആവശ്യാനുസരണം വീഡിയോഗ്രാഫിയോ വെബ്കാസ്റ്റിംഗോ ഏര്‍പ്പെടുത്തും. അധിക സുരക്ഷാ സംവിധാനവും ഏര്‍പ്പെടുത്തും. പോലീസ് സബ്ഇന്‍സ്‌പെക്ടര്‍മാര്‍, സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍മാര്‍ ഡെപ്യൂട്ടി പോലീസ് സൂപ്രണ്ടുമാര്‍ എന്നിവര്‍ക്കുളള സ്ഥലമാറ്റ മാനദണ്ഡങ്ങള്‍ കമ്മീഷന്‍ പുറപ്പെടുവിച്ചതനുസരിച്ച് ഉദ്യോഗസ്ഥരെ പുനര്‍ വിന്യസിച്ചിട്ടുണ്ട്.
സ്ഥാനാര്‍ത്ഥികളുടെയും രാഷ്ട്രീയപാര്‍ട്ടികളുടെയും തിരഞ്ഞെടുപ്പ് പ്രചാരണം നിയമാനുസൃതവും കമ്മീഷന്റെ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ക്ക് വിധേയവുമായിരിക്കണം. ഇതുമായി ബന്ധപ്പെട്ട വിശദാംശങ്ങള്‍ മാതൃകാ പെരുമാറ്റചട്ടത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്.
വാഹന പ്രചാരണത്തിനും പൊതുയോഗങ്ങള്‍, പ്രകടനങ്ങള്‍, എന്നിവയ്ക്കും പോലീസ് അധികാരികളില്‍ നിന്ന് മുന്‍കൂട്ടി അനുമതി വാങ്ങേണ്ടതുണ്ട്. ഉച്ചഭാഷിണിയുടെ ഉപയോഗം രാത്രി 10 മണിക്ക് ശേഷം രാവിലെ 6 മണിവരെ പാടില്ലാത്തതാണ്. നിയമാനുസൃതമായ ശബ്ദപരിധി പാലിച്ചായിരിക്കണം പ്രചാരണ പ്രവര്‍ത്തനം നടത്തേണ്ടത്. പരസ്യപ്രചാരണം വോട്ടെടുപ്പ് അവസാനിക്കുന്ന സമയത്തിന് 48 മണിക്കൂര്‍ മുമ്പ് വരെ മാത്രമെ പാടുളളൂ.
സ്ഥാനാര്‍ത്ഥികളും രാഷ്ട്രീയ പാര്‍ട്ടികളും അച്ചടിക്കുന്ന പോസ്റ്ററുകളിലും ലഘുലേഖകളിലും അച്ചടിക്കാരന്റെയും പ്രസാധകന്റെയും പേരും വിലാസവും കോപ്പികളുടെ എണ്ണവും ഉണ്ടായിരിക്കണം. അച്ചടിക്കുന്ന രേഖയുടെ പകര്‍പ്പും പ്രസാധകന്റെ പ്രഖ്യാപനവും ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന് നല്‍കിയിരിക്കണം.
വോട്ടെടുപ്പ് അവസാനിക്കുന്നതിന് മുമ്പുളള 48 മണിക്കൂര്‍ വേളയില്‍ മദ്യനിരോധനം ഏര്‍പ്പെടുത്തും. വോട്ടെണ്ണല്‍ ദിവസവും മദ്യനിരോധനം ഉണ്ടാകും.
തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കുന്നതിനായി ഓരോ ജില്ലയിലും ഒരു ജനറല്‍ ഒബ്‌സര്‍വര്‍ ഉണ്ടാകും. ഐഎഎസ്/ഐഎഫ്എസ് തലത്തിലുളള ഒരു ഓഫീസറെ ഇതിനായി കമ്മീഷന്‍ നിയമിക്കും.
സ്ഥാനാര്‍ത്ഥികളുടെ ചെലവ് കണക്ക് നിരീക്ഷിക്കുന്നതിനായി ചെലവ് നിരീക്ഷകരെയും കമ്മീഷന്‍ നിയോഗിക്കും.
പൊതു സ്ഥാപനങ്ങളും പരിസരവും തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിക്കാന്‍ പാടില്ല. പൊതുസ്ഥലങ്ങളും സ്ഥാപനങ്ങളും വികൃതമാക്കുന്ന തരത്തിലുള്ളതും അനധികൃതവുമായ പ്രചാരണങ്ങള്‍ മോണിറ്റര്‍ ചെയ്ത് നടപടി എടുക്കുന്നതിന് താലൂക്ക്തലത്തിലും ജില്ലാതലത്തിലും ആന്റിഡീഫേയ്‌സ്‌മെന്റ് സ്‌ക്വാഡ് ഉണ്ടാകും.
ഗ്രീന്‍ പ്രോട്ടോകോള്‍ പാലിച്ച് കൊണ്ടായിരിക്കും തിരഞ്ഞെടുപ്പ് നടത്തുക. ഇതു സംബന്ധിച്ച വിശദമായ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ കമ്മീഷന്‍ പുറപ്പെടുവിച്ചിട്ടുണ്ട്. പ്രകൃതി സൗഹൃദപരവും നിയമാനുസൃതവുമായ മാര്‍ഗ്ഗങ്ങള്‍ മാത്രം സ്വീകരിച്ചുകൊണ്ട്. തിരഞ്ഞെടുപ്പ് നടത്താന്‍ എല്ലാവരും ജാഗ്രത പാലിക്കേണ്ടതാണ്.
സ്ഥാനാര്‍ത്ഥികള്‍ക്ക് പരമാവധി ചെലവഴിക്കാവുന്ന തുക ഗ്രാമപഞ്ചായത്തില്‍ 25,000 രൂപയും ബ്ലോക്ക് പഞ്ചായത്തിലും മുനിസിപ്പാലിറ്റിയിലും 75,000 രൂപയും ജില്ലാ പഞ്ചായത്തിലും കോര്‍പ്പറേഷനിലും 1,50,000 രൂപയുമാണ്. സ്ഥാനാര്‍ത്ഥികളുടെ ചെലവ് കണക്ക് ഫലപ്രഖ്യാപന തീയതി മുതല്‍ 30 ദിവസത്തിനകം തദ്ദേശ സ്ഥാപന സെക്രട്ടറിമാര്‍ക്ക് നല്‍കിയിരിക്കണം. ചെലവ് കണക്ക് നല്‍കാതിരിക്കുകയോ പരിധിയില്‍ കൂടുതല്‍ ചെലവഴിക്കുകയോ ചെയ്യുന്ന സ്ഥാനാര്‍ത്ഥികളെ ഉത്തരവ് തീയതി മുതല്‍ അഞ്ച് വര്‍ഷക്കാലത്തേക്ക് കമ്മീഷന്‍ അയോഗ്യരാക്കും.
വോട്ടെടുപ്പ് ദിവസം രാവിലെ ആറുമണിക്ക് അതാത് പോളിംഗ് സ്റ്റേഷനില്‍ വച്ച് മോക്‌പോള്‍ നടത്തും. വോട്ടെടുപ്പ് രാവിലെ 7 മണിക്ക് ആരംഭിക്കും. വൈകുന്നേരം ആറുമണി വരെയാണ് പോളിംഗ്. വോട്ടര്‍മാര്‍ക്ക് സൗകര്യപ്രദമായ രീതീയിലാണ് പോളിംഗ് സ്റ്റേഷനുകള്‍ ക്രമീകരിക്കുന്നത്. അടിസ്ഥാന സൗകര്യങ്ങളായ വൈദ്യുതി, കുടിവെളളം, റാമ്പ്, സുഗമമായ വോട്ടിംഗിംനും വിശ്രമിക്കുന്നതിനുമുളള സൗകര്യം എന്നിവ ഏര്‍പ്പെടുത്തും.
വോട്ട് ചെയ്യുന്നതിന് ഹാജരാക്കാവുന്ന തിരിച്ചറിയല്‍ രേഖകള്‍ – കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ നല്‍കിയ തിരിച്ചറിയല്‍ കാര്‍ഡ്, പാസ്‌പോര്‍ട്ട്, ഡ്രൈവിംഗ് ലൈസന്‍സ്, പാന്‍ കാര്‍ഡ്, ഫോട്ടോ പതിച്ച എസ്എസ്എല്‍സി ബുക്ക്, ഏതെങ്കിലും ദേശസാല്‍ക്കൃത ബാങ്കില്‍ നിന്നും 6 മാസത്തിനു മുമ്പ് നല്‍കിയ ഫോട്ടോ പതിച്ച പാസ് ബുക്ക്, സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്‍ നല്‍കിയ തിരിച്ചറിയല്‍ രേഖ, ആധാര്‍ കാര്‍ഡ്.
വോട്ടേഴ്‌സ് ലിസ്റ്റില്‍ പേരുളള മുഴുവന്‍ പേരും പോളിംഗ് സ്റ്റേഷനില്‍ എത്തി അവരുടെ വിലയേറിയ സമ്മതിദാനാവകാശം വിനിയോഗിക്കണമെന്ന് കമ്മീഷന്‍ അഭ്യര്‍ത്ഥിക്കുകയാണ്.
വോട്ടെടുപ്പ് ദിവസം എല്ലാ സര്‍ക്കാര്‍, പൊതുമേഖലാ ജീവനക്കാര്‍ക്കും നെഗോഷ്യബിള്‍ ഇന്‍സ്ട്രമെന്റ് ആക്ട് പ്രകാരം അവധി അനുവദിക്കും. സ്വകാര്യ മേഖലയിലെ വ്യാപാര, വാണിജ്യ, വ്യവസായ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്ക് അവധിയോ വോട്ട്‌ചെയ്യുന്നതിനുളള അനുമതിയോ നല്‍കുന്നതിന് കമ്മീഷന്‍ ഉത്തരവ് പുറപ്പെടുവിക്കും.
വോട്ടര്‍പട്ടികയ്ക്കായി Electoral Roll Management System എന്ന സോഫ്റ്റ് വെയറും തിരഞ്ഞെടുപ്പ് ഡ്യൂട്ടികള്‍ക്കായി നിയോഗിക്കുന്ന ഉദ്യോഗസ്ഥരുടെ വിവരങ്ങള്‍ക്ക് e-Drop, വോട്ടെണ്ണലിനായി TREND, ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍, വരണാധികാരി, സെക്ടറല്‍ ഓഫീസര്‍, പ്രിസൈഡിംഗ് ഓഫീസര്‍ എന്നിവര്‍ക്ക് പോളിംഗ് ദിവസവും തലേന്നും മോണിറ്ററിംഗിനായി Poll Manager, സ്ഥാനാര്‍ത്ഥികള്‍ക്കുളള Nomination Management System, EVM Tracking Software എന്നീ IT Application നുകളും കമ്മീഷന്‍ പൊതു തിരഞ്ഞെടുപ്പിനായി വിന്യസിച്ചിട്ടുണ്ട്.
തിരഞ്ഞെടുപ്പ് വിജ്ഞാപന തീയതി മുതല്‍ നാമനിര്‍ദ്ദേശപത്രിക സമര്‍പ്പിക്കാം. നിശ്ചിത ദിവസങ്ങളില്‍ രാവിലെ 11 മണിക്കും വൈകുന്നേരം 3 മണിക്കുമിടയില്‍ വേണം പത്രിക സമര്‍പ്പിക്കേണ്ടത്. നാമനിര്‍ദ്ദേശപത്രിക നിശ്ചിത ഫാറത്തില്‍ (ഫാറം – 2) വേണം നല്‍കേണ്ടത്. പത്രികയോടൊപ്പം ഫാറം 2എ – ല്‍ സ്ഥാവര ജംഗമ സ്വത്തുക്കളുടെയും, ബാധ്യത/കുടിശ്ശികയുടെയും, ക്രിമിനല്‍ കേസുകളുടെയും ഉള്‍പ്പടെയുളള വിശദവിവരങ്ങള്‍ നല്‍കണം. സ്ഥാനാര്‍ത്ഥി നിക്ഷേപമായി ഗ്രാമപഞ്ചായത്തില്‍ 2,000 രൂപയും ബ്ലോക്ക് പഞ്ചായത്തിലും, മുനിസിപ്പാലിറ്റിയിലും 4,000 രൂപയും ജില്ലാ പഞ്ചായത്തിലും കോര്‍പ്പറേഷനിലും 5,000 രൂപയും കെട്ടിവയ്ക്കണം. പട്ടികജാതി പട്ടികവര്‍ഗ്ഗ വിഭാഗങ്ങള്‍ക്ക് നിശ്ചിത തുകയുടെ പകുതി മതിയാകും.
സ്ഥാനാര്‍ത്ഥിക്ക് നോമിനേഷന്‍ നല്‍കുന്ന ദിവസം 21 വയസ്സ് പൂര്‍ത്തിയായിരിക്കണം. പട്ടികജാതി, പട്ടികവര്‍ഗ്ഗ സംവരണ വാര്‍ഡുകളില്‍ മത്സരിക്കുന്നവര്‍ ബന്ധപ്പെട്ട അധികാരിയില്‍നിന്നുളള ജാതി സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം. വരണാധികാരിയുടെയോ കമ്മീഷന്‍ അധികാരപ്പെടുത്തിയ ഓഫീസറുടെയോ മുമ്പാകെ നിശ്ചിത ഫോറമനുസരിച്ച് സത്യപ്രതിജ്ഞയോ ദൃഡപ്രതിജ്ഞയോ നടത്തി ഒപ്പിട്ടുനല്‍കുകയും വേണം.
നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാന്‍ പോകുന്ന സ്ഥാനാര്‍ത്ഥിക്കൊപ്പം മൂന്ന് അകമ്പടി വാഹനങ്ങള്‍ മാത്രമേ 100 മീറ്റര്‍ പരിധിക്കുളളില്‍ അനുവദിക്കൂ. വരണാധികാരി/ ഉപവരണാധികാരി മുമ്പാകെ പത്രിക സമര്‍പ്പിക്കുന്ന വേളയില്‍ വരണാധികാരിയുടെ റൂമിലേക്ക് സ്ഥാനാര്‍ത്ഥി ഉള്‍പ്പെടെ 5 പേര്‍ക്ക് മാത്രമേ പ്രവേശനാനുമതിയുളളൂ.
സ്ഥാനാര്‍ത്ഥികളുടെ യോഗ്യതകളും അയോഗ്യതകളും സംബന്ധിച്ച മാര്‍ഗ്ഗരേഖ കമ്മീഷന്‍ പുറപ്പെടുവിച്ചിട്ടുണ്ട്.
വോട്ടെണ്ണല്‍ ബന്ധപ്പെട്ട വിതരണ കേന്ദ്രങ്ങളില്‍ വച്ച് രാവിലെ 8 മണിമുതല്‍ ആരംഭിക്കും. ആദ്യം തപാല്‍ വോട്ടുകളാണ് എണ്ണുന്നത്. അതിനെത്തുടര്‍ന്ന് വോട്ടിംഗ് മെഷിനിലെ വോട്ടുകള്‍ എണ്ണും. ഒരു വാര്‍ഡിലെ എല്ലാ പോളിംഗ് സ്റ്റേഷനുകളിലേയും വോട്ടുകള്‍ ഒരേ ടേബിളിലായിരിക്കും എണ്ണുക. വോട്ടെണ്ണല്‍ പുരോഗതി അപ്പപ്പോള്‍ തന്നെ TREND Software ലൂടെ ലഭ്യമാക്കും.
തദ്ദേശസ്ഥാപനങ്ങളുടെ നിലവിലെ ഭരണസമിതിയുടെ കാലാവധി അവസാനിക്കുന്ന മുറയ്ക്ക് പുതിയതായി തിരഞ്ഞെടുക്കപ്പെടുന്ന അംഗങ്ങളുടെയും കൗണ്‍സിലര്‍മാരുടെയും സത്യപ്രതിജ്ഞ/ദൃഢപ്രതിജ്ഞ ചെയ്യേണ്ടതുണ്ട്. സത്യപ്രതിജ്ഞ തീയതിയും ആദ്യയോഗം വിളിച്ചുചേര്‍ക്കുന്നത് സംബന്ധിച്ചും സര്‍ക്കാര്‍ മാര്‍ഗ്ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിക്കും. അതനുസരിച്ചുള്ള തുടര്‍നടപടി ബന്ധപ്പെട്ട വരണാധികാരികള്‍ സ്വീകരിക്കും. അംഗങ്ങളുടെ സത്യപ്രതിജ്ഞക്ക് ശേഷം കമ്മീഷന്‍ നിശ്ചയിക്കുന്ന തീയതികളില്‍ അധ്യക്ഷന്‍, ഉപാധ്യക്ഷന്‍, സ്റ്റാന്‍ഡിംഗ് കമ്മിറ്റി തിരഞ്ഞെടുപ്പുകള്‍ നടത്തും.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യു


