തദ്ദേശ തെരഞ്ഞെടുപ്പ് : പേര് ചേര്‍ക്കാന്‍ അപേക്ഷിച്ചത് 15.9 ലക്ഷം പേര്‍, വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കുന്നതിനുള്ള സമയം നാളെ അവസാനിക്കും

തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിനുള്ള വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കുന്നതിനുള്ള സമയം വ്യാഴാഴ്ച അവസാനിക്കും. തദ്ദേശ തെരഞ്ഞെടുപ്പിനുള്ള വോട്ടര്‍പ്പട്ടികയില്‍ പേരുള്‍പ്പെടുത്താന്‍ ഇതുവരെ 15,94,379 അപേക്ഷകള്‍ ലഭിച്ചു. തിരുത്തലിന് 7,406 അപേക്ഷയും വാര്‍ഡ്മാറ്റാന്‍ 80,212 അപേക്ഷയും ലഭിച്ചു. പേര് ഒഴിവാക്കാന്‍ 745 പേര്‍ സ്വന്തമായി അപേക്ഷ നല്‍കി. 5,168 പേരെ ഇലക്ടറല്‍ രജിസ്ട്രേഷന്‍ ഓഫീസര്‍മാര്‍ (ഇആര്‍ഒ) സ്വമേധയ നീക്കുന്നതിനുള്ള നടപടി ക്രമങ്ങളുടെ ഭാഗമായി നോട്ടീസ് നല്‍കി. 1,15,219 പേരെ നീക്കം ചെയ്യാന്‍ രാഷ്ട്രീയ പാര്‍ടി പ്രതിനിധികള്‍ ഓണ്‍ലൈനായി അപേക്ഷ നല്‍കി. 30ന് അന്തിമ പട്ടിക .

വോട്ടര്‍പട്ടികയില്‍ പുതുതായി പേരുചേര്‍ക്കുന്നതിനും (ഫോറം 4) അപേക്ഷ, ഉള്‍ക്കുറിപ്പുകള്‍ തിരുത്തുന്നതിനും(ഫോറം 6), സ്ഥാനമാറ്റം വരുത്തുന്നതിനും(ഫോറം7) സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷന്റെ sec.kerala.gov.in വെബ്‌സൈറ്റില്‍ ഓണ്‍ലൈനായി അപേക്ഷിക്കണം.

ഓണ്‍ലൈനായി അപേക്ഷിക്കുമ്പോള്‍ ഹിയറിങിനുള്ള കംപ്യൂട്ടര്‍ ജനറേറ്റഡ് നോട്ടീസ് ലഭിക്കും. നോട്ടീസില്‍ പറഞ്ഞിട്ടുള്ള തീയതിയില്‍ ആവശ്യമായ രേഖകള്‍ സഹിതം ഹിയറിങിന് നേരിട്ട് ഹാജരാകണം.

വോട്ടര്‍പട്ടികയില്‍ പേര് ഒഴിവാക്കുന്നത് സംബന്ധിച്ച ആക്ഷേപങ്ങള്‍ (ഫോറം 5) ഓണ്‍ലൈനായി രജിസ്റ്റര്‍ചെയ്യുകയും അതിന്റെ പ്രിന്റൗട്ടില്‍ അപേക്ഷകനും ആ വാര്‍ഡിലെ ഒരു വോട്ടറും ഒപ്പിട്ടു നേരിട്ടോ തപാലിലൂടെയോ ഇലക്ടറല്‍ രജിസ്‌ട്രേഷന്‍ ഓഫീസര്‍ക്ക് സമര്‍പ്പിക്കണം.

ഓണ്‍ലൈന്‍ മുഖേന അല്ലാതെയും നിര്‍ദ്ദിഷ്ടഫാറത്തില്‍ ഇലക്ഷന്‍ രജിസ്‌ട്രേഷന്‍ ഓഫീസര്‍ക്ക് അപേക്ഷിക്കാം.പഞ്ചായത്തുകളിലും നഗരസഭകളിലും അതത് സ്ഥാപനങ്ങളിലെ സെക്രട്ടറിമാരും കോര്‍പ്പറേഷനുകളില്‍ അഡീഷണല്‍ സെക്രട്ടറിയുമാണ് ഇലക്ടറല്‍ രജിസ്‌ട്രേഷന്‍ ഓഫീസര്‍മാര്‍.

അപേക്ഷകളിലും ആക്ഷേപങ്ങളിലും ഇലക്ടറല്‍ രജിസ്‌ട്രേഷന്‍ ഓഫീസര്‍മാര്‍ സ്വീകരിക്കുന്ന നടപടിക്കെതിരെ തദ്ദേശസ്വയംഭരണവകുപ്പ് ജില്ലാ ജോയിന്റ് ഡയറക്ടര്‍ക്ക് അപ്പീല്‍ നല്‍കാം. ഉത്തരവ് തീയതി മുതല്‍ 15 ദിവസത്തിനകമാണ് അപ്പീല്‍ നല്‍കേണ്ടത്.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യു
 

Share news
error: Content is protected !!
Scroll to Top