സിക്കിമില്‍ മിന്നല്‍ പ്രളയം;23 സൈനിരെ കാണാതായി

ഗാംഗ്ടോക്ക്: സിക്കിമില്‍ മേഘസ്ഫോടനത്തെ തുടര്‍ന്ന് മിന്നല്‍ പ്രളയം. 23 സൈനികര്‍ ഉള്‍പ്പെടെ 30 പേരെയാണ് വെള്ളപ്പൊക്കത്തില്‍ കാണാതായെന്ന് റിപ്പോര്‍ട്ട്. വടക്കന്‍ സിക്കിമിലെ ലോനക് തടാകത്തിന് മുകളിലാണ് മേഘവിസ്‌ഫോടനം ഉണ്ടായത്. ഇതേത്തുടര്‍ന്ന് ടീസ്റ്റ നദിയില്‍ വെള്ളപ്പൊക്കമുണ്ടായി. നിരവധി പാലങ്ങളും റോഡുകളും സൈനിക വാഹനങ്ങളും ഒലിച്ചുപോയതായി റിപ്പോര്‍ട്ടുണ്ട്.

അതേസമയം കാണാതായ സൈനികര്‍ക്കായി ദേശീയ ദുരന്ത നിവാരണ സേന തിരച്ചില്‍ ആരംഭിച്ചു. വെള്ളപ്പൊക്കത്തെ തുടര്‍ന്ന് 2,400 വിനോദസഞ്ചാരികളാണ് മേഖലയില്‍ കുടുങ്ങിയതായ് റിപ്പോര്‍ട്ടുണ്ട്. സൈന്യം രക്ഷാപ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്.

അതിനിടെ, ചുങ്താങ് അണക്കെട്ടില്‍ നിന്ന് വെള്ളം തുറന്നുവിട്ടത് സ്ഥിതി കൂടുതല്‍ വഷളാക്കി. ഇത് ജലനിരപ്പ് 15-20 അടി വരെ ഉയരാന്‍ കാരണമായതായും റിപ്പോര്‍ട്ടുണ്ട്. നദി കരകവിഞ്ഞൊഴുകിയതിനെ തുടര്‍ന്ന് ടീസ്റ്റ നദിക്ക് കുറുകെയുള്ള സിംഗ്താം നടപ്പാലം തകര്‍ന്നു. പശ്ചിമ ബംഗാളിനെ സിക്കിമുമായി ബന്ധിപ്പിക്കുന്ന ദേശീയ പാത 10 ന്റെ പല ഭാഗങ്ങളും ഒലിച്ചുപോയി. വെള്ളപ്പൊക്കത്തില്‍ പല റോഡുകളും തകര്‍ന്നിട്ടുണ്ട്.

ടീസ്റ്റ ഡാമിന് സമീപമുള്ള ചുങ്താങ് നഗരത്തിലെ താമസക്കാരെ രക്ഷപ്പെടുത്തിയതായി റിപ്പോര്‍ട്ട്. വടക്കന്‍ സിക്കിമിലെ സിങ്താമിനെ ചുങ്താങ്ങുമായി ബന്ധിപ്പിക്കുന്ന ദിക്ചു, ടൂങ് പട്ടണങ്ങളിലെ രണ്ട് പാലങ്ങള്‍ക്കും കേടുപാടുകള്‍ സംഭവിച്ചതായി പ്രതിരോധ മന്ത്രാലയം അറിയിച്ചു.

അപകടത്തെ തുടര്‍ന്ന് സിക്കിമില്‍ അതീവ ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ടീസ്റ്റ നദീതീരത്ത് നിന്ന് മാറിനില്‍ക്കാന്‍ സര്‍ക്കാര്‍ ജനങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ട്. പശ്ചിമ ബംഗാളിലെ ജല്‍പായ്ഗുരി ഭരണകൂടം മുന്‍കരുതല്‍ നടപടിയായി നദിയുടെ താഴ്ന്ന വൃഷ്ടിപ്രദേശത്ത് നിന്ന് ആളുകളെ ഒഴിപ്പിക്കാന്‍ തുടങ്ങി.

സിക്കിം മുഖ്യമന്ത്രി പ്രേം സിങ് തമാങ് സിങ്തം മേഖല സന്ദര്‍ശിച്ചു.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top