
തിരൂർ : തിരൂർ റെയിൽവേ സ്റ്റേഷനിലെ വിശ്രമമുറിയിൽനിന്ന് മോഷണം പോയ മൊബൈൽ അടങ്ങിയ ബാഗ് മോഷ്‌ടിച്ചയാളെ അഭിഭാഷകൻ അന്വേഷിച്ച് പിടികൂടി. മലപ്പുറം പൊൻമള സ്വദേശിയായ അഭിഭാഷകൻ ശിഹാബ് പൊൻമളയാണ് തന്റെ ബാഗ് മോഷ്‌ടിച്ച കള്ളനെ പിടികൂടിയത്.
നെടുമങ്ങാടു നിന്ന് തിങ്കൾ പുലർച്ചെ തിരുരിലെത്തിയ ശിഹാബ് റെയിൽവേ സ്റ്റേഷനിലെ വിശ്രമമുറിയിൽ മയങ്ങുന്നതിനിടെയാണ് ബാഗ് നഷ്ടപ്പെട്ടത്. ആർപിഎഫിനെ വിവരമറിയിച്ച് സിസിടിവിയിൽ നിന്ന് മോഷ്‌ടാവിനെ തിരിച്ചറിഞ്ഞു. ശിഹാബ് തന്റെ മൊബൈൽ ഫോൺ ട്രേസ് ചെയ്ത് പരപ്പനങ്ങാടി ചിറമംഗലത്താണ് മോഷ്ടാവെന്ന് കണ്ടെത്തി.
കരാട്ടേ പരിശീലനായ ചിറമംഗ ലം സ്വദേശി റഫീഖിനെ വിവരമറിയിച്ച് ഓട്ടോയിൽ പരപ്പനങ്ങാടിയിലേക്ക് പുറപ്പെട്ടു. ഓട്ടോ ഡ്രൈവറുടെ മൊബൈലിൽനിന്ന് മോഷ്‌ടാവിൻ്റെ ഫോട്ടോ അയച്ചുകൊടുത്തു. ഇതിനിടെ പ്രതി പരപ്പനങ്ങാടി റെയിൽവേ സ്റ്റേഷനിലെത്തിയെന്ന് വിവരം ലഭിച്ചു.
ഇതോടെ റഫീഖ് സുഹൃത്തുമായി സ്റ്റേഷനിലെത്തി പ്രതിയെ തടഞ്ഞുവച്ചു.
പ്രതിയായ ബിഹാർ സ്വദേശി അസ്ഹറുദീനെ പരപ്പനങ്ങാടി പൊലീസ് കസ്റ്റഡിയിലെടുത്ത് തിരൂർ പൊലീസിന് കൈമാറി. സ്ഥിരം മോഷ്‌ടാവായ അസ്ഹറുദീൻ ഒരാഴ്ചമുമ്പാണ് ജയിലിൽ നിന്നിറങ്ങിയത്. പ്രതിയെ കോടതി റിമാൻഡ് ചെയ്തു.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യു




