ഓണം ഘോഷയാത്ര നടത്തിയ വിദ്യാര്‍ത്ഥികള്‍ക്ക് നേരെ ലാത്തിച്ചാര്‍ജ്ജ്, 50 പേര്‍ക്കതിരെ കേസ് ; പരപ്പനങ്ങാടിയില്‍ നടന്നത് മോറല്‍പോലീസിങ്ങോ?

പരപ്പനങ്ങാടി ; കഴിഞ്ഞ ദിവസം പരപ്പനങ്ങാടി നഗരത്തിലൂടെ കടന്നുപോയ പരപ്പനങ്ങാടി കോ ഓപറേറ്റീവ് കോളേജിലെ വിദ്യാര്‍ത്ഥികളുടെ ഓണാഘോഷ ഘോഷയാത്രക്ക് നേരെ പോലീസ് ലാത്തിചാര്‍ജ്ജ് നടത്തിയത് വിവാദമാകുന്നു. ആണ്‍കുട്ടികളും പെണ്‍കുട്ടികളുമടക്കം റോഡിലൂടെ കടന്നുപോകുകയായിരുന്ന വിദ്യാര്‍ത്ഥികള്‍ക്ക നേരെയാണ് പോലീസ് ലാത്തിചാര്‍ജ്ജ് നടത്തിയത് . നടന്ന് പോകുന്ന കുട്ടികള്‍ക്ക് പിന്നില്‍ നിന്ന് ഒരു സംഘം പോലീസൂകാര്‍ പാഞ്ഞടുത്ത് ലാത്തിവീശി ഓടിക്കുന്ന ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡയിലൂടെ വൈറലായിരിക്കുകയാണ് . പെണ്‍കുട്ടികളടക്കമുള്ളവര്‍ ഭയചകിതരായി ഓടുന്നതും ദൃശ്യങ്ങളിലുണ്ട്.

ഒരു പ്രകോപനവുമില്ലാതെയാണ് പോലീസ് തങ്ങള്‍ക്ക് നേരെ ലാത്തിച്ചാര്‍ജ്ജ് നടത്തിയതെന്ന് വിദ്യാര്‍ത്ഥികള്‍ പറയുന്നു. തങ്ങള്‍ റോഡരികിലൂടെയാണ് ഘോഷയാത്രനടത്തിയതെന്നും, യാതൊരു മുന്നറിയിപ്പും തരാതെ പെട്ടന്ന് പിറകിലൂടെ ആക്രമിക്കുകയായിരുന്നുവെന്നും ഇവര്‍ പറഞ്ഞു. വിദ്യാര്‍ത്ഥികളുടെ ഘോഷയാത്ര കടന്നുപോകുമ്പോള്‍ പറയത്തക്ക ഗതാഗത തടസ്സം പ്രചരിക്കുന്ന ദൃശ്യങ്ങളില്‍ കാണുന്നില്ല.

എന്നാല്‍ വാഹനഗതാഗതത്തിന് തടസ്സമില്ലാതിരിക്കാന്‍ പോലീസിന്റെ ഭാഗത്തുനിന്നുണ്ടായ സ്വാഭാവിക നടപടി മാത്രമാണിതെന്നും, സംഘം ചേര്‍ന്ന് വാഹനഗതാഗത്തിന് തടസ്സം സൃഷ്ടിച്ച 50 വിദ്യാര്‍ത്ഥികള്‍ക്ക് നേരെ കേസെടുത്തിട്ടുണ്ടെന്നും പോലീസ് പറയുന്നു.

കുട്ടികള്‍ ഗതാഗത തടസ്സമുണ്ടാക്കുന്ന രീതിയില്ല ഘോഷയാത്ര നടത്തിതെന്നും ഒരു ഘട്ടത്തില്‍ യാതൊരു പ്രകോപനവുമില്ലാതെ പോലീസ് എത്തി ലാത്തിച്ചാര്‍ജ്ജ് ചെയ്യുകയായിരുന്നുവെന്നും കോളേജ് സക്രട്ടറി സി. അബ്ദുറഹിമാന്‍ കുട്ടി പറഞ്ഞു.

കുറച്ചുകാലമായി വിദ്യാര്‍ത്ഥികള്‍ക്ക് നേരെ പരസ്യമായ അവഹേളനമാണ് പരപ്പനങ്ങാടിയില്‍ നടക്കുന്നതെന്ന് ആക്ഷേപം ശക്തമാണ്. കോളേജ് വിട്ടുവരുന്ന ആണ്‍കുട്ടികളും പെണ്‍കുട്ടികളും പരസ്പരം സംസാരിച്ചുകൊണ്ട് റോഡില്‍ പരന്നുനടക്കുന്നു, ബസ് സ്റ്റോപ്പില്‍ ആണ്‍കുട്ടികളും പെണ്‍കുട്ടികളും പരസ്പരം കുറേനേരം സംസാരിച്ചിരിക്കുന്ന എന്നല്ലാമുള്ള ആക്ഷേപമയുര്‍ത്തി ചിലര്‍ വിദ്യാര്‍ത്ഥികള്‍ക്ക് നേരെ സദാചാരപോലീസിങ്ങ് നടത്തുന്നതും പതിവ് കാഴ്ചയാണ്.

. കഴിഞ്ഞ അധ്യയന വര്‍ഷത്തിന്റെ അവസാനത്തില്‍ വിദ്യാര്‍ത്ഥികള്‍ തമ്മില്‍ സംഘര്‍ഷമുണ്ടായിരുന്നു. ഇതിനെ നിയന്ത്രിക്കാനെന്ന പേരില്‍ നഗരസഭ കൗണ്‍സിലിന്റെ നേതൃത്വത്തില്‍ നടത്തിയ വിദ്യാര്‍ത്ഥികളെ നിയന്ത്രിക്കാനെന്ന പേരില്‍ എടുത്ത നടപടികള്‍ ഏറെ വിവാദങ്ങള്‍ക്ക് ഇടയാക്കിയിരുന്നു.

എന്നാല്‍ സദാചാരപോലീസിങ്ങിനെതിരെയും, പോലീസ് ലാത്തിചാര്‍ജ്ജിനെതിരെയും സാമൂഹ്യമാധ്യമങ്ങളില്‍ പ്രതിഷേധങ്ങള്‍ ഉയരുന്നുണ്ട്. സംഘടനകള്‍ ഇത്തരത്തില്‍ റോഡില്‍ ഗതാഗത തടസ്സം സൃഷ്ടിച്ച് ആഘോഷങ്ങള്‍ നടത്തിയപ്പോള്‍ ആരും നടപടി സ്വീകരിച്ച് കണ്ടിലെന്ന് സോഷ്യല്‍ മീഡിയ കുറ്റപ്പെടുത്തുന്നു. എന്നാല്‍ പോലീസ് നടപടിക്കെതിരെ പ്രതികരിക്കാന്‍ രാഷ്ട്രീയപാര്‍ട്ടികളോ, യുവജന വിദ്യാര്‍ത്ഥി സംഘടനകളോ ഇതുവരെ തയ്യാറായിട്ടില്ല.

 

Share news
error: Content is protected !!
Scroll to Top