പൂന : മഹാരാഷ്ട്രയിലെ മാലി ഗ്രാമത്തില്‍ കനത്ത മഴയെ തുടര്‍ന്നുണ്ടായ ഉരുള്‍പ്പൊട്ടലില്‍ 23 പേര്‍ മരിച്ചതായി സ്ഥിരീകരിച്ചു. ഒരു ഗ്രാമം മുഴുവന്‍ തകര്‍ന്നു. 800 ഓളം ഗ്രാമവാസികളാണ് മാലിയിലുണ്ടായിരുന്നത്. അതില്‍ ഏകദേശം 200 പേരിലധികവും അപകടത്തില്‍പ്പെട്ടിരിക്കുകയാണ്.
ദേശീയ ദുരന്ത രക്ഷാസേനയുടെ നേതൃത്വത്തിലാണ് രക്ഷാ പ്രവര്‍ത്തനം നടന്നുകൊണ്ടിരിക്കുന്നത്. അതേ സമയം ശക്തമായി തുടരുന്ന മഴയും, മണ്ണിടിച്ചിലും മൂലം മലയോര പാത തകര്‍ന്നതും രക്ഷാപ്രവര്‍ത്തനത്തെ പ്രതികൂലമായി ബാധിച്ചിരിക്കുകയാണ്. ജൂണ്‍ സെപ്റ്റംബര്‍ മണ്‍സൂണ്‍ കാലത്ത് ഇത്തരത്തിലുള്ള ഉരുള്‍പ്പൊട്ടലുകള്‍ ഈ മേഖലയില്‍ സാധാരണമാണ്.
മൃതദേഹങ്ങള്‍ മണ്ണിനടിയില്‍ മരങ്ങളിലും, പാറകളിലും കുടുങ്ങി കിടക്കുന്നതിനാല്‍ വളരെ പ്രയാസപ്പെട്ടാണ് പുറത്തെടുത്തുകൊണ്ടിരിക്കുന്നത്.
മാലി ഗ്രാമത്തിന് ചുറ്റുമുള്ള പ്രദേശങ്ങളില്‍ അടുത്ത കാലത്തായി വനനശീകരണം വ്യാപകമായി നടന്നതാണ് ഇപ്പോഴുണ്ടായിരിക്കുന്ന വന്‍ ദുരന്തത്തിന് കാരണമായതെന്നാണ് വിലയിരുത്തപ്പെടുന്നത്. മഹാരാഷ്ട്ര മുഖ്യമന്ത്രി പൃഥ്വിരാജന്‍ ചവാന്‍, കേന്ദ്ര മന്ത്രി രാജ്‌നാഥ് സിംഗ് എന്നിവര്‍ സ്ഥലം സന്ദര്‍ശിച്ചു.




