ബംഗ്ലൂരൂ: സ്ത്രീകള്‍ക്കും, കുട്ടികള്‍ക്കുമെതിരെ വര്‍ദ്ധിച്ചു വരുന്ന പീഡനങ്ങളില്‍ പ്രതിഷേധിച്ച് ബംഗ്ലൂരുവില്‍ ഇന്ന് ഹര്‍ത്താല്‍. രാവിലെ ആറു മുതല്‍ വൈകീട്ട് ആറു വരെയാണ് ഹര്‍ത്താല്‍. സര്‍ക്കാരിനെതിരെയല്ല പീഡനക്കാര്‍ക്കെതിരെയാണ് ബന്ദ് ആചരിക്കുന്നതെന്ന് കന്നഡ ഒക്കുത്തെ പ്രസിഡന്റ് വഡല്‍ നാഗരാജ് വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി.
ബംഗ്ലൂരുവിലെ ശാന്തിധര്‍മ്മന്‍ സ്‌കൂളില്‍ 7 വയസ്സുകാരി ഇന്നലെ പീഡനത്തിനിരയായിരുന്നു. സംഭവത്തില്‍ സ്‌കൂള്‍ ജീവനക്കാരന്റെ മകനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ബംഗ്ലൂരുവിലെ വിബ്ജിയോര്‍ ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ 6 വയസ്സുകാരി പീഡിപ്പിക്കപ്പെട്ട സംഭവം ഏറെ പ്രതിഷേധങ്ങള്‍ക്കിടയാക്കികൊണ്ടിരിക്കെയാണ് നഗരത്തെ ഞെട്ടിച്ച് വീണ്ടും ഒരു ബാലിക പീഡിപ്പിക്കപ്പെട്ടിരിക്കുന്നത്.
ആശുപത്രികളുള്‍പ്പെടെ അവശ്യ സേവനങ്ങള്‍ ഒഴികെയുള്ള എല്ലാ സ്ഥാപനങ്ങളും ഹര്‍ത്താലിനോട് അനുകൂലിക്കുന്നുണ്ട്. ഹര്‍ത്താലിനോടനുബന്ധിച്ച് മുഖ്യമന്ത്രിയുടെ വസതിയിലേക്ക് ഹര്‍ത്താല്‍ അനുകൂലികളുടെ നേതൃത്വത്തില്‍ പ്രതിഷേധ റാലി നടത്തും.




