HIGHLIGHTS : Land reform is the foundation of Kerala's development model: Chief Minister inaugurates 'Bhoomi' national conclave
കേരള വികസന മോഡലിന്റെ അടിസ്ഥാനം ഭുപരിഷ്‌ക്കരണമാണെന്നും സര്‍ക്കാര്‍ നടപ്പിലാക്കിയ ഭുപരിഷ്‌ക്കരണ നടപടികളിലൂടെ സംസ്ഥാനത്ത് സമൂലമായ വികസന മാറ്റങ്ങള്‍ ഉണ്ടായതായും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. റവന്യൂ, സര്‍വേ-ഭൂരേഖാ വകുപ്പുകള്‍ സംയുക്തമായി സംഘടിപ്പിച്ച സ്മാര്‍ട്ട് ലാന്‍ഡ് ഗവേണന്‍സ് ഡിജിറ്റല്‍ സര്‍വേ ദേശീയ കോണ്‍ക്ലേവ് നിശാഗന്ധി ഓഡിറ്റോറിയത്തില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.

സംസ്ഥാനത്തെ ആദ്യ സര്‍ക്കാര്‍ തന്നെ ഭൂപരിഷ്‌ക്കരണ നടപടികള്‍ക്ക് തുടക്കമിട്ടിരുന്നു. കേരളത്തിലെ ഭൂമി തര്‍ക്കങ്ങളില്‍ പ്രധാനമായും അതിര്‍ത്തി തര്‍ക്കവും വിവിധ രേഖകളിലെ വ്യത്യാസങ്ങളുമാണ്. ഇവ പരിഹരിക്കുന്നതിനു ശാസ്ത്രീയ സര്‍വേ സ്വീകരിച്ച നടപടികള്‍ പൂര്‍ണ്ണമായും ഫലം കണ്ടിരുന്നില്ല. സാങ്കേതികവിദ്യയുടെ സഹായത്തോടെയുള്ള ഡിജിറ്റല്‍ ലാന്‍ഡ് സര്‍വേയിലൂടെ ഈ സ്ഥിതിയില്‍ മാറ്റമുണ്ടായി. ഡിജിറ്റല്‍ സര്‍വേയിലൂടെ ഭൂപരിഷ്‌ക്കരണ നടപടികളില്‍ കേരളം പുതിയൊരു ഘട്ടത്തിലേക്ക് വളരുകയാണ്. ഡിജിറ്റല്‍ സര്‍വേ പൂര്‍ത്തിയാക്കുമ്പോള്‍ കേരളത്തിലെ ഭൂമിയുമായി ബന്ധപ്പെട്ട രേഖകളും വിവരങ്ങളും പൂര്‍ണ്ണമായും കൃത്യതയുള്ളതും സുതാര്യവുമാകും. ഭൂമി തര്‍ക്കങ്ങള്‍ ഒഴിവാക്കുന്നതിനുള്ള ശാശ്വതമായ പരിഹാരവും ഇതിലൂടെ സാധ്യമാകും. കേരളത്തിന്റെ ഭൂപരിഷ്‌ക്കരണ പ്രവര്‍ത്തനങ്ങള്‍ അഭിമാനകരമാണെന്നും രാജ്യത്തിനാകെ മാതൃകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
‘ഭൂമി’ ദേശീയ കോണ്‍ക്ലേവിന്റെ ഭാഗമായി വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള പ്രതിനിധികള്‍ കേരളത്തിന്റെ ഭൂപരിഷ്‌ക്കരണ വികസന മാതൃകകള്‍ മനസ്സിലാക്കാനും പഠിക്കാനും എത്തിച്ചേര്‍ന്നിട്ടുണ്ട്. കോണ്‍ക്ലേവിലെ കൂട്ടായ ഇടപെടലുകളിലൂടെ മികച്ച പ്രവര്‍ത്തനങ്ങളും ആശയങ്ങളും ഉയര്‍ന്നുവരുമെന്നു പ്രതീക്ഷിക്കുന്നതായും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. കോണ്‍ക്ലേവ് വീഡിയോ മുഖ്യമന്ത്രി പ്രകാശനം ചെയ്തു.
ചരിത്രം കണ്ടിട്ടില്ലാത്ത തരത്തിലുള്ള ആധുനികവല്‍ക്കരണം ഭുപരിഷ്‌ക്കരണ പ്രവര്‍ത്തനങ്ങളില്‍ നടപ്പിലാക്കാന്‍ കേരളത്തിന് കഴിഞ്ഞതായി റവന്യു വകുപ്പ് മന്ത്രി കെ. രാജന്‍ അധ്യക്ഷ പ്രസംഗത്തില്‍ പറഞ്ഞു. ഡിജിറ്റല്‍ സര്‍വേയിലേക്ക് സംസ്ഥാനം കടക്കുമ്പോള്‍ രാജ്യത്ത് വേറെ മാതൃകകളുണ്ടായിരുന്നില്ല. സര്‍വേ പ്രവര്‍ത്തനങ്ങളുടെ വേഗത്തിലും കൃത്യതയിലും വിട്ടുവീഴ്ച്ച ചെയ്യാതെ സംസ്ഥാനത്താകെയുള്ള 35 ലക്ഷം ഹെക്ടര്‍ ഭൂമിയില്‍ ഏഴ് ലക്ഷം വനഭൂമി ഒഴിച്ചുള്ള 28 ലക്ഷം ഹെക്ടര്‍ ഭൂമിയുടെ നാലില്‍ ഒന്ന് ഭാഗവും അളന്ന് നടപടികള്‍ പൂര്‍ത്തീകരിച്ചു. ഡിജിറ്റല്‍ റീ സര്‍വേയുടെ മൂന്നാം ഘട്ടം പുരോഗമിക്കുകയാണെന്നും സെറ്റില്‍മെന്റ് ആക്ട് കൂടി നടപ്പിലാകുന്നതോടെ ലാന്‍ഡ് റെവന്യു കേസുകളില്ലാത്ത സംസ്ഥാനമായി കേരളം മാറുമെന്നും മന്ത്രി കൂട്ടിചേര്‍ത്തു.
ഹിമാചല്‍ പ്രദേശ് റവന്യു, ഹോര്‍ട്ടികള്‍ച്ചര്‍, ട്രൈബല്‍ വികസന വകുപ്പ് മന്ത്രി ജഗത് സിംഗ് നേഗി മുഖ്യാതിഥിയായി. മന്ത്രിമാരായ റോഷി അഗസ്റ്റിന്‍, കെ കൃഷ്ണന്‍കുട്ടി, എ കെ ശശീന്ദ്രന്‍, രാമചന്ദ്രന്‍ കടന്നപ്പള്ളി, വി ശിവന്‍കുട്ടി, കെ എന്‍ ബാലഗോപാല്‍, ജി ആര്‍ അനില്‍, എ എ റഹീം എംപി, എംഎല്‍എമാര്‍, മറ്റ് സംസ്ഥാനങ്ങളില്‍ നിന്നുള്ള ഉന്നത ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
സ്മാര്‍ട്ട് ലാന്‍ഡ് ഗവേണന്‍സ് പ്രമേയമാക്കി 28 വരെ കോവളത്തെ ഉദയ് സമുദ്ര ഹോട്ടലില്‍ നടക്കുന്ന കോണ്‍ക്ലേവില്‍ പങ്കെടുക്കാന്‍ 23 സംസ്ഥാനത്തെ പ്രതിനിധികള്‍ കേരളത്തിലെത്തി. റവന്യൂ-സെറ്റില്‍മെന്റ് കമ്മിഷണര്‍മാരും സര്‍വെ ഡയറക്ടര്‍മാരും മറ്റ് മുതിര്‍ന്ന ഐഎഎസ് ഉദ്യോഗസ്ഥരും, അന്തര്‍ദ്ദേശീയ, ദേശീയ തലത്തിലെ വിദഗ്ദ്ധരും കോണ്‍ക്ലേവില്‍ പങ്കെടുക്കും. ലാന്റ് ഗവേണന്‍സിലെ ഏറ്റവും പുതിയ സാങ്കേതികവിദ്യകളും അനുഭവങ്ങളും കേരളത്തിന്റെ നേട്ടങ്ങളുടെ വെളിച്ചത്തില്‍ വിവിധ സെഷനുകളിലായി പങ്കുവയ്ക്കും. കേരളത്തിന്റെ ‘എന്റെ ഭൂമി’ പോര്‍ട്ടല്‍ അടക്കമുള്ള വിപ്ലവാത്മകമായ നേട്ടങ്ങളെ ലോകത്തിനു മുമ്പിലും ദേശീയ തലത്തിലും ഉയര്‍ത്തിക്കാട്ടുന്നതോടൊപ്പം രണ്ടാം ഭൂപരിഷ്‌ക്കരണ മുന്നേറ്റത്തിലേക്ക് സംസ്ഥാനത്തെ നയിക്കുന്ന സാങ്കേതിക, ഭരണ നേട്ടങ്ങളും കോണ്‍ക്ലേവില്‍ ചര്‍ച്ച ചെയ്യപ്പെടും. കോണ്‍ക്ലേവിനോടൊപ്പം നടക്കുന്ന ഡിജിറ്റല്‍ സര്‍വെ എക്‌സ്‌പോ ഭുപരിഷ്‌ക്കരണ രംഗത്തെ ഏറ്റവും മികച്ച സംവിധാനങ്ങളും രീതികളും മുന്നേറ്റങ്ങളും പ്രദര്‍ശിപ്പിക്കും.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ
ലിങ്കില്‍ ക്ലിക്ക് ചെയ്യു