പാടെ തകര്‍ന്ന് പരപ്പനങ്ങാടി കുരിക്കള്‍ റോഡ്; വോട്ട് ബഹിഷ്‌കരണമുള്‍പ്പെടെയുള്ള സമരത്തിന് ഒരുങ്ങി നാട്ടുകാര്‍

പരപ്പനങ്ങാടി ; പരപ്പനങ്ങാടി നഗരസഭയിലെ കുരിക്കള്‍ റോഡിന്റെ ശോച്യാവസ്ഥ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് വോട്ട് ബഹിഷ്‌ക്കരണമടക്കമുള്ള പ്രക്ഷോഭത്തിനൊരുങ്ങി നാട്ടുകാര്‍. നഗരസഭ ഡിവിഷന്‍ 27 ലെ കുരിക്കള്‍ റോഡ് – അമ്പാടി നഗര്‍ റോഡാണ് വര്‍ഷങ്ങളായി തകര്‍ന്നു കിടക്കുന്നത്. പരപ്പനങ്ങാടിയിലെ ടൂറിസം സ്‌പോര്‍ട്ടായ കെട്ടുങ്ങല്‍, തൂവല്‍ തീരം എന്നിവിടങ്ങളിലേക്ക് അവധി ദിവസങ്ങളില്‍ നൂറുകണക്കിന് വാഹനങ്ങളാണ് ഈ വഴി കടന്നു പോകുന്നത്. പ്രദേശത്തെ രോഗികളെ ആശുപത്രിയിലെത്തിക്കാന്‍ റോഡിന്റെ ശോചനീയാവസ്ഥമൂലം വലിയ ദുരിതമാണ് നാട്ടുകാര്‍ അനുഭവിക്കുന്നത്.

മഴക്കാലത്ത് റോഡില്‍ വലിയ ഗര്‍ത്തങ്ങള്‍ രൂപപ്പെടുന്നതോടെ ഇരുചക്രവാഹനങ്ങളും സൈക്കിള്‍ യാത്രികരായ വിദ്യാര്‍ത്ഥികളും അപകടത്തില്‍പ്പെടുന്നത് ഇവിടെ പതിവാണ്. റോഡിന്റെ ഈ അവസ്ഥ കാരണം ഓട്ടോറിക്ഷകള്‍ പോലും ഇവിടേക്ക് വിളിച്ചാല്‍ വരാന്‍ തയ്യാറാകുന്നില്ലെന്നും നാട്ടുകാര്‍ പറയുന്നു.ഇതിനെതിരെ രാഷ്ട്രീയ കക്ഷിഭേദമന്യേ ജനകീയ കൂട്ടായ്മ രൂപീകരിച്ച് പ്രക്ഷോഭത്തിനൊരുങ്ങുകയാണ് നാട്ടുകാര്‍.ഇതിന്റെ ഭാഗമായി അവഗണനയ്‌ക്കെതിരെ ആക്ഷന്‍ കമ്മിറ്റി ഒപ്പ് ശേഖരണം നടത്തി നഗരസഭ അധ്യക്ഷന് പരാതി നല്‍കിയതായി ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

വിഷയത്തില്‍ നടപടി സ്വീകരിച്ചില്ലെങ്കില്‍ വരുന്ന ലോക്‌സഭ തെരഞ്ഞെടുപ്പില്‍ വോട്ട് ബഹിഷ്‌കരിക്കുന്നതുള്‍പ്പെടെയുള്ള ശക്തമായ സമര രീതികളിലേക്ക് നീങ്ങുമെന്നും ഇവര്‍ മുന്നറിയിപ്പ് നല്‍കി.

വാര്‍ത്താസമ്മേളനത്തില്‍ ജനകീയ കമ്മിറ്റി ചെയര്‍മാന്‍ സലീം കാരാട്ട്, സി.പി. അഷ്‌റഫ്, ടി.കെ.അബ്ദുല്‍ റസാഖ്, പി പി. അക്ബര്‍, ടി കെ.ഹംസക്കോയ, ടി. ഷൗക്കത്ത്, ടി.കെ. യൂനുസ് എന്നിവര്‍ സംബന്ധിച്ചു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
error: Content is protected !!
Scroll to Top