HIGHLIGHTS : Kumaranashan National Memorial Institute to be transformed into international research centre: CM

നവോത്ഥാന മൂല്യങ്ങൾ മനുഷ്യത്വത്തിന്റെ മൂല്യങ്ങളാണെന്നു പഠിപ്പിച്ച മഹാകവിയായിരുന്നു കുമാരനാശാനെന്നു മുഖ്യമന്ത്രി പറഞ്ഞു. ദാർശനികനിഷ്ഠമായിരുന്ന ആശാന്റെ കാവ്യസൃഷ്ടികൾ മനുഷ്യ ജീവിതത്തിന്റെ പ്രശ്‌നങ്ങളെയാണ് അഭിമുഖീകരിച്ചത്.
നവോത്ഥാനത്തിന്റെയും ജനാധിപത്യ രീതിയിലുള്ള വിപ്ലവത്തിന്റെയും മാനവികതയുടേയും കാമ്പുള്ളതാണ് ആശാന്റെ എല്ലാ കൃതികളും. മനുഷ്യാവസ്ഥയും മാനുഷികതയും അടിസ്ഥാന വർഗത്തിന്റെ മൗലികാവകാശമാണെന്ന് ആദ്യം ഉദ്‌ബോധിപ്പിച്ചത് അദ്ദേഹമാണ്. ജാതിയെ നിർമാർജനം ചെയ്യാതെ സമൂഹത്തിൽ ഐക്യമുണ്ടാകില്ലെന്ന് അദ്ദേഹം വിശ്വസിച്ചു.

ആധുനിക കാലത്തിന്റെ മൂല്യങ്ങൾ ഉൾക്കൊണ്ട് പൗരാണികതയെ വിചാരണ ചെയ്യുന്ന ‘ചിന്താവിഷ്ടയായ സീത’ ഇന്നാണ് ഉണ്ടാകുന്നതെങ്കിൽ വർഗീയമായ എന്തൊക്കെ പുകിലുകളാകാം ഉണ്ടാവുകയെന്നതു ചിന്തിക്കണമെന്നു മുഖ്യമന്ത്രി പറഞ്ഞു. കുമാരനാശാൻ നിന്നിടത്തു നിന്നു നാം മുന്നോട്ടു പോയോ പിന്നോട്ടു പോയോ എന്നു ചിന്തിക്കണം. യാത്ര മുന്നോട്ടുതന്നെയാകണം. അത് ഉറപ്പാക്കുമെങ്കിൽ അതാകും ആശാനുള്ള ഏറ്റവും വലിയ ആദരാഞ്ജലിയെന്നും മുഖ്യമന്ത്രി പറഞ്ഞു.
തോന്നയ്ക്കൽ കുമാരനാശാൻ സ്മാരക ഇൻസ്റ്റിറ്റ്യൂട്ടിൽ നടന്ന ചടങ്ങിൽ സഹകരണ മന്ത്രി വി.എൻ. വാസവൻ അധ്യക്ഷത വഹിച്ചു. മഹാകവി കുമാരനാശന്റെ കവിതകളിലെ കഥാപാത്രങ്ങൾ ചേർത്ത് പ്രശ്‌സ്ത ശിൽപി കാനായി കുഞ്ഞിരാമന്‍ കാവ്യ ശിൽപം ഒരുക്കിയത്. എം.എൽ.എമാരായ വി. ശശി, കടകംപള്ളി സുരേന്ദ്രൻ, പ്രശസ്ത ശിൽപി കാനായി കുഞ്ഞിരാമൻ, കെ. ജയകുമാർ, കവി പ്രൊഫ. വി. മധുസൂദനൻ നായർ, പല്ലന ആശാൻ സ്മാരക സമിതി പ്രസിഡന്റ് രാമപുരം ചന്ദ്രബാബു, ജില്ലാ പഞ്ചായത്ത് മെമ്പർ എം. ജെലീൻ തുടങ്ങിയവർ പങ്കെടുത്തു.