ഭക്ഷ്യരംഗത്ത് വിപ്ലവകരമായ മാറ്റങ്ങള്‍ ലക്ഷ്യമിട്ട് കുടുംബശ്രീ ആരംഭിച്ച പുതിയ സംരംഭമായ ‘മീറ്റ് പോയിന്റ്’ ടേക്ക് എവേ കൗണ്ടറുകള്‍ക്ക് തുടക്കമായി.ജില്ലയിലെ ആദ്യ സംരംഭം മലപ്പുറം ജില്ലയിലെ താഴെക്കോട് കാപ്പുപറമ്പില്‍ പ്രവര്‍ത്തനം ആരംഭിച്ചു. കുടുംബശ്രീ ജില്ലാ മിഷന്‍ കോഡിനേറ്റര്‍ ബി. സുരേഷ് കുമാര്‍ കൗണ്ടര്‍ ഉദ്ഘാടനം ചെയ്തു. താഴെക്കോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഹുസൈന്‍ കളപ്പാടന്‍ കുടുംബശ്രീയുടെ തന്നെ പദ്ധതിയായ മാര്‍ക്കറ്റിങ് ഔട്ട്ലെറ്റും ജ്യൂസ് കൗണ്ടറും ഉദ്ഘാടനം ചെയ്തു.
ഭക്ഷ്യമേഖലയില്‍ ഗുണമേന്മയുള്ള സേവനം ഉറപ്പാക്കുന്നതിനായി ഒരേ മാതൃകയില്‍ 50 ടേക്ക് എവേ കൗണ്ടറുകള്‍ സംസ്ഥാനത്തുടനീളം ആരംഭിക്കുന്ന പദ്ധതിയുടെ ഭാഗമായാണ് മീറ്റ് പോയിന്റ് നിലവില്‍ വന്നത്. ഷിഹാന ഷെറിന്‍, ആന്‍സി സന്തോഷ് എന്നീ സംരംഭകരാണ് താഴെക്കോട്ടെ യൂണിറ്റിന് നേതൃത്വം നല്‍കുന്നത്. ചിക്കന്‍ ഉപയോഗിച്ചുള്ള ഫ്രൈഡ് ചിക്കന്‍ വിഭവങ്ങളും ചിക്കന്‍ നഗറ്റ്സുമാണ് ഇവിടുത്തെ പ്രധാന ആകര്‍ഷണം.
പുതുതലമുറ ഭക്ഷണരീതികളെക്കൂടി ഉള്‍പ്പെടുത്തിയാണ് മീറ്റ് പോയിന്റിന്റെ പ്രവര്‍ത്തനം. ഫ്രൈഡ് ചിക്കന്‍ വിഭവങ്ങള്‍ക്ക് പുറമെ ഫ്രോസണ്‍ ചിക്കനും ഇവിടെ ലഭ്യമാണ്. ഇതിനുപുറമെ ഗുണമേന്മയുള്ള പ്രഭാതഭക്ഷണം, രാത്രി ഭക്ഷണം, വൈകുന്നേരത്തെ ലഘുഭക്ഷണങ്ങള്‍ എന്നിവയും ടേക്ക്എവേ സൗകര്യത്തോടെ ഉപഭോക്താക്കള്‍ക്ക് വാങ്ങാം. എല്ലാ കൗണ്ടറുകളിലും ഭക്ഷണത്തിന്റെ രുചിയിലും നിലവാരത്തിലും ഏകീകൃത സ്വഭാവം ഉറപ്പുവരുത്താന്‍ കുടുംബശ്രീ പ്രത്യേകം ശ്രദ്ധിച്ചിട്ടുണ്ട്. നിലവിലുള്ള കഫേ-കാറ്ററിംഗ് യൂണിറ്റുകളെ ഒരു സ്ഥിരസംവിധാനത്തിലേക്ക് കൊണ്ടുവരുന്നതിനും സംരംഭകര്‍ക്ക് സുസ്ഥിരമായ വരുമാനം ഉറപ്പാക്കുന്നതിനുമാണ് ഈ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യു




