കെഎസ്ആര്‍ടിസി മലപ്പുറം-മൂന്നാര്‍ ഉല്ലാസയാത്ര ഇന്ന് ആരംഭിക്കും

മലപ്പുറം: മലപ്പുറം- മൂന്നാര്‍ ഉല്ലാസയാത്ര ഇന്ന് ആരംഭിക്കും. 50 യാത്രക്കാരുമായി ആദ്യ സൂപ്പര്‍ ഫാസ്റ്റ് ബസ് പകല്‍ ഒന്നിന് മലപ്പുറം ഡിപ്പോയില്‍നിന്ന് യാത്ര തിരിക്കും. ഞായര്‍, തിങ്കള്‍ ദിവസങ്ങളിലെ ടിക്കറ്റും ഹൗസ് ഫുള്ളാണ്. വാരാന്ത്യത്തില്‍ ഒരുക്കിയിരുന്ന യാത്രക്ക് ആവശ്യക്കാര്‍ കൂടിയതോടെ തിങ്കളാഴ്ചയിലേക്കും നീട്ടുകയായിരുന്നു.
കെഎസ്ആര്‍ടിസിയെ സാമ്പത്തികമായി ഉയര്‍ത്താന്‍ സംസ്ഥാന സര്‍ക്കാരും ഗതാഗത വകുപ്പും ചേര്‍ന്ന് ഒരുക്കുന്ന ഉല്ലാസ യാത്രക്ക് വലിയ പിന്തുണയാണ് ലഭിക്കുന്നത്.

മലപ്പുറം കൂടാതെ കാസര്‍കോട്, കണ്ണൂര്‍, കോഴിക്കോട്, തൃശൂര്‍ ജില്ലയില്‍നിന്നുള്ള കുടുംബങ്ങളാണ് യാത്രക്കാര്‍. ഒരാള്‍ക്ക് മലപ്പുറത്തുനിന്ന് സൂപ്പര്‍ ഫാസ്റ്റ് ബസില്‍ 1000 രൂപയും സൂപ്പര്‍ ഡീലെക്‌സ് 1200 ഉം, എ സി ലോഫ്‌ലോര്‍ വോള്‍വോയില്‍ 1500 രൂപയുമാണ് മൂന്നാറില്‍ പോയി തിരിച്ചുവരാന്‍ ചെലവ്. 200 രൂപ സൈറ്റ് പ്രവേശനത്തിനും 100 രൂപ താമസ ചാര്‍ജുമാണ്. ഭക്ഷണ ചെലവ് സ്വയം വഹിക്കണം.

പകല്‍ ഒന്നിന് പുറപ്പെട്ട് രാത്രിയോടെ ബസ് മൂന്നാര്‍ ഡിപ്പോയിലെത്തും. താമസം ഡിപ്പോയില്‍ ക്രമീകരിച്ച എസി സ്ലീപ്പര്‍ ക്ലാസ് ബസുകളിലാണ്. രാവിലെ 10ന് പ്രത്യേക ബസുകളില്‍ ടൂറിസം കേന്ദ്രങ്ങളിലെത്തും. ചീയപ്പാറ വെള്ളച്ചാട്ടം, മാട്ടുപെട്ടി അണക്കെട്ട്, കുണ്ടള അണക്കെട്ട്, ടോപ് സ്റ്റേഷന്‍ തുടങ്ങി പത്തോളം കേന്ദ്രങ്ങളിലെ സന്ദര്‍ശത്തിനുശേഷം വൈകിട്ട് ആറിന് ഡിപ്പോയില്‍ തിരിച്ചെത്തും. രാത്രി ക്യാമ്പ് ഫയറിന് ശേഷം യാത്ര തിരിച്ച് പിറ്റേന്ന് രാവിലെ മലപ്പുറത്തെത്തുന്നതാണ് പാക്കേജ്.

 

 

Share news
error: Content is protected !!
Scroll to Top