188 കിലോ കഞ്ചാവുമായി കോഴിക്കോട് സ്വദേശികള്‍ വേലന്താവളം ചെക്ക്‌പോസ്റ്റില്‍ പിടിയില്‍

കോഴിക്കോട്: 188 കിലോ കഞ്ചാവുമായി കോഴിക്കോട് സ്വദേശികള്‍ വേലന്താവളം ചെക്ക്‌പോസ്റ്റില്‍ പിടിയിലായി. ഓപ്പറേഷന്‍ 22 ന്റെ ഭാഗമായി വേലന്താവളം എക്സൈസ് ചെക്ക്പോസ്റ്റില്‍ വെച്ചാണ് എക്സൈസ് നടത്തിയ വാഹന പരിശോധനയില്‍ ആഡംബര കാറില്‍ കടത്താന്‍ ശ്രമിച്ച 188 കിലോ കഞ്ചാവ് പിടികൂടി.
സംഭവത്തില്‍ കോഴിക്കോട് പന്നിയങ്കര കല്ലായി ഒഴിക്കേരിപ്പറമ്പ് സ്വദേശി നജീബ്(66), കോഴിക്കോട് വടകര അഴിയൂര്‍ ചോമ്പബാല മേടപറമ്പില്‍ വീട്ടില്‍ രാമദാസന്‍(64) എന്നിവരെ അറസ്റ്റ് ചെയ്തു.

തമിഴ്നാട്ടിലെ തിരുപ്പൂരില്‍നിന്നു മലപ്പുറം, കോഴിക്കോട് ഭാഗത്തെ ചില്ലറവില്‍പ്പനക്കാര്‍ക്ക് എത്തിക്കാനുള്ള കഞ്ചാവാണ് ഇരില്‍ നിന്ന് പിടികൂടിയത്.
പരിശോധനയ്ക്ക് നിര്‍ത്തിച്ചപ്പോള്‍ വാഹനത്തിലുണ്ടായിരുന്ന 60 നു മുകളില്‍ പ്രായമുള്ള രണ്ടുപേര്‍ വണ്ടിയില്‍ കുറച്ചു റേഷനരിയുണ്ടെന്ന് പറയുകയും പോകാന്‍ ധൃതി കാണിക്കുകയുമായിരുന്നു. ഇതില്‍ സംശയം തോന്നി വാഹനം കൂടുതല്‍ പരിശോധിച്ചപ്പോഴാണ് കഞ്ചാവ് കണ്ടെടുത്തത്. മഹാരാഷ്ട്ര രജിസ്ട്രേഷനുള്ള ആഢംബര കാറില്‍ അഭിഭാഷകരുടെ സ്റ്റിക്കര്‍ പതിച്ചിരുന്നത് പരിശോധന ഒഴിവാക്കാനാണെന്ന് സംശയിക്കുന്നു. തുടര്‍ നടപടികള്‍ക്കായി കഞ്ചാവും പ്രതികളെയും ചിറ്റൂര്‍ റെയ്ഞ്ച് ഓഫീസര്‍ക്ക് കൈമാറി.

പിടികൂടിയ കഞ്ചാവിന് ഇരുപത് ലക്ഷം രൂപയിലധികം വിലമതിക്കുമെന്ന് എക്സൈസ് അധികൃതര്‍ പറഞ്ഞു.

Share news
error: Content is protected !!
Scroll to Top