HIGHLIGHTS : Kozhikode - Palakkad Greenfield Road; 51.68 crore as compensation was handed over
മഞ്ചേരി: കോഴിക്കോട് -പാലക്കാട് ഗ്രീന്‍ഫീല്‍ഡ് പാതക്ക് ഭൂമിയേറ്റെടുക്കലിന്റെ നഷ്ടപരിഹാരമായി ഇതുവരെ 51.68 കോടി രൂപ വിതരണം ചെയ്തു. എടപ്പറ്റ, പോരൂര്‍, വെട്ടിക്കാട്ടിരി, കാരക്കുന്ന്, എളങ്കൂര്‍ വില്ലേജുകളിലായി 314 പേര്‍ക്കാണ് ആദ്യഘട്ടത്തില്‍ നഷ്ടപരിഹാരം നല്‍കേണ്ടത്. ഇതില്‍ 85 പേര്‍ക്ക് തുക വിതരണം ചെയ്തു. രേഖകളെല്ലാം ശരിയാക്കി ഭൂമി ഒഴിഞ്ഞുപോകുന്നതിനുള്ള സമ്മതപത്രം നല്‍കിയവര്‍ക്ക് ഊഴമനുസരിച്ചാണ് നഷ്ടപരിഹാര വിതരണം. ഒഴിഞ്ഞുപോകാന്‍ രണ്ടുമാസത്തെ സാവകാശം അനുവദിച്ചു. ഈ മാസം അവസാനത്തോടെ കാവനൂര്‍, വാഴൂര്‍ വില്ലേജുകളിലും ഘട്ടംഘട്ടമായി മറ്റ് വില്ലേജുകളിലും തുക വിതരണം ചെയ്യും.
ജില്ലയില്‍ 15 വില്ലേജുകളിലായി 238 ഹെക്ടര്‍ ഭൂമിയാണ് ഏറ്റെടുക്കുക. ഇതിനായി 1986.64 കോടി രൂപയാണ് നഷ്ടപരിഹാര തുകയായി നിശ്ചയിച്ചത്. ചുരുങ്ങിയ കാലത്തിനുള്ളിലാണ് നഷ്ടപരിഹാര തുക വിതരണംചെയ്ത് ഭൂമിയേറ്റെടുക്കുന്നത്.


സ്വകാര്യവ്യക്തികളില്‍നിന്ന് ഭൂമി ഏറ്റെടുക്കുന്നതിന് 1189.36 കോടി രൂപയാണ് കണക്കാക്കിയത്. 1055 വീടുകള്‍ പൊളിച്ചുനീക്കേണ്ടിവരും. 22 ആരാധനാലയങ്ങളും 40 വാണിജ്യ കെട്ടിടങ്ങളും ഏറ്റെടുക്കും. ഏറ്റെടുക്കുന്ന ഭൂമിയിലെ നിര്‍മിതികള്‍, വൃക്ഷങ്ങള്‍, കൃഷി എന്നിവയ്ക്ക് പ്രത്യേകം നഷ്ടപരിഹാരവും കണക്കാക്കി. കെട്ടിടങ്ങളും അനുബന്ധ നിര്‍മിതികളും ഏറ്റെടുക്കാന്‍ 707.64 കോടിയും വിള നഷ്ടത്തിന് 53.12 കോടിയും മരങ്ങള്‍ മുറിച്ചുനീക്കുന്നതിനുള്ള നഷ്ടം നികത്താന്‍ 8.78 കോടിയും പുനരധിവാസ പാക്കേജിനായി 27.64 കോടി രൂപയുമാണ് അനുവദിച്ചത്.
ഭൂവുടമകള്‍ക്ക് നഷ്ടപരിഹാരവും അത്രയും തുക സമാശ്വാസവും നല്‍കി. അടിസ്ഥാന വിലയ്ക്കുപുറമെ വര്‍ധന ഘടകവും അതിന്റെ നൂറ് ശതമാനം സമാശ്വാസ പ്രതിഫലവും ഉള്‍പ്പെടുത്തിയാണ് തുക. മരത്തിനും കൃഷിക്കും ബന്ധപ്പെട്ട വകുപ്പുകള്‍ നിശ്ചയിച്ച വിലയുടെ ഇരട്ടിയും ലഭിക്കും. കോണ്‍ക്രീറ്റ് വീടുകള്‍ക്കും കെട്ടിടങ്ങള്‍ക്കും ചതുരശ്ര അടിക്ക് 5059 രൂപയും ഓടിട്ട കെട്ടിടങ്ങള്‍ക്ക് 4300 രൂപയുമാണ്.
പാലക്കാട് മരുത റോഡുമുതല്‍ കോഴിക്കോട് ഇരിങ്ങല്ലൂര്‍വരെ 121 കിലോമീറ്റര്‍ നീളമുള്ളതാണ് റോഡ്. പാലക്കാട് 275 ഹെക്ടറും മലപ്പുറം ജില്ലയില്‍ 238 ഹെക്ടറും കോഴിക്കോട് ജില്ലയില്‍ 36 ഹെക്ടറുമാണ് ഭൂമി ഏറ്റെടുക്കുന്നത്. ഇതില്‍ ജില്ലയില്‍ ഒരുകിലോമീറ്റര്‍ ഏറ്റെടുക്കാനായി 37.47 കോടി രൂപയാണ് നിശ്ചയിച്ചത്.
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു