കോഴിക്കോട് വീണ്ടും വന്‍ ലഹരിവേട്ട

കോഴിക്കോട്: തുടര്‍ച്ചയായ രണ്ടാം ദിവസവും കോഴിക്കോട് നഗരത്തില്‍ വന്‍ ലഹരിവേട്ട. കാസര്‍ഗോഡ് സ്വദേശിയായ അഹമ്മദ് ഇര്‍ഷാദിനെയാണ് ടൗണ്‍ അസിസ്റ്റന്റ് കമ്മീഷണര്‍ പി.ബിജുരാജിന്റെ നേതൃത്വത്തിലുള്ള സിറ്റി ക്രൈം സ്‌ക്വാഡും ഇന്‍സ്‌പെക്ടര്‍ എന്‍.പ്രജീഷിന്റെ നേതൃത്വത്തിലുള്ള കസബ പൊലീസും ചേര്‍ന്ന് പിടികൂടിയത്.

പ്രതിയില്‍ നിന്നും 70 ഗ്രാം എംഡിഎംഎ പിടിച്ചെടുത്തു. ബാംഗ്ലൂര്‍ നിന്നും കോഴിക്കോട് വഴി കടത്തിക്കൊണ്ടു പോകുകയായിരുന്ന വീര്യം കൂടിയ രാസലഹരിമരുന്നാണ് പ്രതിയില്‍ നിന്നും പിടിച്ചെടുത്തത്. എലത്തൂര്‍ ട്രെയിന്‍ സംഭവത്തിനുശേഷം ഡെപ്യൂട്ടി പോലീസ് കമ്മീഷണര്‍ കെ.ഇ.ബൈജുവിന്റെ നേതൃത്വത്തില്‍ സിറ്റി പോലീസ് പരിധിയില്‍ കര്‍ശന പരിശോധനയാണ് നടന്നുവരുന്നത്. കോഴിക്കോട് മൊഫ്യൂസല്‍ ബസ് സ്റ്റാന്‍ഡില്‍ നിന്നാണ് പ്രതിയെ പിടികൂടിയത്.

ഗ്രാമിന് ആയിരം രൂപയ്ക്ക് ബാംഗ്ലൂര്‍ നിന്നും കൊണ്ടുവരുന്ന എംഡിഎംഎ റീട്ടെയില്‍ മാര്‍ക്കറ്റില്‍ മൂവായിരം രൂപയ്ക്കാണ് വില്‍പന നടത്തുന്നത്. ബാംഗ്ലൂരില്‍ ചെരുപ്പ് കമ്പനിയില്‍ ജോലിയാണെന്ന വ്യാജേന ബാംഗ്‌ളൂര്‍ കേന്ദ്രീകരിച്ച് എംഡിഎംഎ വില്‍പന നടത്തുന്ന മയക്കുമരുന്ന് മാഫായയിലെ പ്രധാന കണ്ണിയാണ് പിടിയിലായത്. ബാംഗ്ലൂര്‍ സിറ്റിയില്‍ ലഹരി തേടിയെത്തുന്നവര്‍ക്ക് ഇര്‍ഷാദിന്റെ ഫോണില്‍ ബന്ധപ്പെട്ടാല്‍ ഏത് തരം മയക്കുമരുന്നും ഞൊടിയിടയില്‍ എത്തിച്ച് നല്‍കാറാണ് പതിവ്. ബാംഗ്ലൂരിലെ കുപ്രസിദ്ധമായ ആഫ്രിക്കന്‍ കോളനിയില്‍ നിന്നാണ് എംഡിഎംഎ കേരളത്തിലേക്ക് കടത്തുന്നതെന്ന് പ്രതി സമ്മതിച്ചു. ബാംഗ്ലൂര്‍ – കോഴിക്കോട് റൂട്ടില്‍ രാത്രിയില്‍ സര്‍വ്വീസ് നടത്തുന്ന ബസ്സുകളിലാണ് ഇയാള്‍ കേരളത്തിലേക്ക് എംഡിഎംഎ കടത്തിയിരുന്നത്. രാത്രിയില്‍ ബസ്സില്‍ ചെക്കിങ് ഇല്ലാത്തതുകൊണ്ടാണ് ഈ മാര്‍ഗ്ഗം തിരഞ്ഞെടുത്തതെന്ന് പ്രതി പോലീസിനോട് പറഞ്ഞു. പ്രതിയെ കസബ സബ് ഇന്‍സ്‌പെക്ടര്‍ അറസ്റ്റ് ചെയ്തു.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top