കോട്ടയം സ്വദേശിയെ യു.എസ് കപ്പല്‍ യാത്രക്കിടെ കാണാതായി

കോട്ടയം കുറിച്ചി സ്വദേശിയായ യുവാവിനെ ദക്ഷിണാഫ്രിക്കയില്‍നിന്ന് അമേരിക്കയിലേക്കുള്ള കപ്പല്‍ യാത്രക്കിടെ അറ്റ്‌ലാന്റിക് സമുദ്രത്തില്‍ കാണാതായി. ചരക്ക് കപ്പലിലെ ജീവനക്കാരന്‍ ജസ്റ്റിന്‍ കുരുവിളയെയാണ് കാണാതായത്. തിരച്ചില്‍ നടത്തിയെങ്കിലും ജസ്റ്റിനെ കണ്ടെത്താനായില്ലെന്ന് കപ്പല്‍ അധികൃതര്‍ അറിയിച്ചു.

സംഭവത്തില്‍ ദുരൂഹത നീക്കണമെന്നാവശ്യപ്പെട്ട് കുടുംബം വിദേശകാര്യ മന്ത്രാലയത്തിന് പരാതി നല്‍കി. കഴിഞ്ഞ ശനിയാഴ്ചയാണ് കുഞ്ഞൂഞ്ഞമ്മ കാണാതായ മകന്‍ ജസ്റ്റിനുമായി ഫോണില്‍ സംസാരിച്ചത്. ആഫ്രിക്കയില്‍ നിന്നും അമേരിക്കയിലേക്കുള്ള യാത്രയിലാണെന്നും സുഖമായി ഇരിക്കുന്നുവെന്നും വീഡിയോ കോളില്‍ ജസ്റ്റിന്‍ പറഞ്ഞു.

ഞായറാഴ്ച മുതല്‍ ജസ്റ്റിനെ കുടുംബാംഗങ്ങള്‍ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. യാത്രയിലായതിനാല്‍ നെറ്റ്‌വര്‍ക്ക് തകരാറാകുമെന്നാണ് കരുതിയത്. എന്നാല്‍ ചൊവ്വാഴ്ച രാവിലെ കപ്പല്‍ കമ്പനിയുടെ അധികൃതര്‍ ജസ്റ്റിനെ കാണാനില്ലെന്ന് കുടുംബത്തെ അറിയിച്ചു.

നാലുവര്‍ഷംമുമ്പാണ് ഹോട്ടല്‍ മാനേജ്‌മെന്റ് പഠിച്ച ജസ്റ്റിന്‍ സ്ട്രീം അറ്റ്ലാന്റിക്കെന്ന കപ്പലില്‍ അസിസ്റ്റന്റ് കുക്കായത്. ജനുവരി 31-നാണ് കപ്പല്‍ ദക്ഷിണാഫ്രിക്കയില്‍നിന്ന് യാത്രതിരിച്ചത്. ഫെബ്രുവരി 23-ന് അമേരിക്കന്‍ തീരത്ത് എത്തേണ്ടതാണ്.

ആറ് വര്‍ഷമായി കപ്പലില്‍ ജോലിചെയ്യുന്ന ജസ്റ്റിന്‍ കഴിഞ്ഞ നവംബറില്‍ നാട്ടിലെത്തിയിരുന്നു. ജസ്റ്റിന്റെ സഹോദരനും കപ്പല്‍ ജീവനക്കാരനാണ്. ജസ്റ്റിനെ കണ്ടെത്തണമെന്നാവശ്യവുമായി കുടുംബം വി. മുരളീധരന്‍ ഉള്‍പ്പെടെയുള്ള കേന്ദ്രമന്ത്രിമാര്‍ക്ക് പരാതി നല്‍കി.

Share news
error: Content is protected !!
Scroll to Top