കൊച്ചിയില്‍ യുവതിക്ക് പീഡനം: നടപടി വൈകിച്ച സിഐക്ക് വനിതാ കമ്മിഷന്റെ താക്കീത്

കൊച്ചി: കണ്ണൂര്‍ സ്വദേശിനിയായ യുവതി അതിക്രൂരമായ പീഡനത്തിനിരയായ സംഭവത്തില്‍ നടപടി വൈകിയെന്ന ആരോപണത്തില്‍ വനിതാ കമ്മീഷന്റെ ഇടപെടല്‍. യുവതി പരാതി നല്‍കി നാല് മാസമായിട്ടും പ്രതിയെ അറസ്റ്റ് ചെയ്യാത്ത എറണാകുളം സെന്‍ട്രല്‍ പൊലീസിന്റെ നടപടിയെ കേരള വനിതാ കമ്മിഷന്‍ അപലപിച്ചു. സിഐയെ ഫോണില്‍ വിളിച്ച് താക്കീത് നല്‍കിയ കമ്മിഷന്‍ ചെയര്‍പേഴ്‌സണ്‍ എം.സി. ജോസഫൈന്‍ പ്രതിയെ എത്രയും വേഗം അറസ്റ്റ് ചെയ്യാന്‍ വേണ്ട നടപടി സ്വീകരിക്കണമെന്നും നിര്‍ദേശിച്ചു. ബലാത്സംഗം അടക്കമുള്ള വകുപ്പുകള്‍ ചുമത്തിയെങ്കിലും പ്രതിക്കെതിരെ ഇതുവരേയും പൊലീസ് നടപടി സ്വീകരിച്ചിട്ടല്ലെന്നായിരുന്നു ആക്ഷേപം ഉയര്‍ന്നത്.

തെരഞ്ഞെടുപ്പ് കാലഘട്ടത്തില്‍ താത്കാലികമായി സ്ഥലംമാറ്റപ്പെട്ട ഉദ്യോഗസ്ഥര്‍, തുടരന്വേഷണത്തിന് കോടതി കയറിയിറങ്ങേണ്ടിവരും എന്ന കാരണത്താല്‍, ഇത്തരത്തില്‍ പ്രമാദമായ കേസുകളില്‍ ശ്രദ്ധകൊടുത്തിരുന്നില്ല എന്നൊരു ആക്ഷേപം കമ്മിഷന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും കമ്മീഷന്‍ പത്രക്കുറിപ്പില്‍ വ്യക്തമാക്കി.

സ്ത്രീപീഡനവുമായി ബന്ധപ്പെട്ട കാര്യത്തില്‍ പ്രതിക്കെതിരായ നടപടിയില്‍ ഒരു അമാന്തവും പൊലീസിന്റെ ഭാഗത്ത് നിന്നും ഉണ്ടാകരുതെന്നാണ് വനിതാ കമ്മിഷന്റെ അഭിപ്രായം. 376 -ാം വകുപ്പ് പ്രകാരം ബലാല്‍സംഗക്കുറ്റം ചുമത്തപ്പെട്ടിട്ടും പ്രതിയെ അറസ്റ്റ് ചെയ്യാന്‍ വൈകുന്നത്, ലോക്ക്ഡൗണ്‍ കാലയളവില്‍ സ്ത്രീസമൂഹത്തിനിടയില്‍ അരക്ഷിതബോധം സൃഷ്ടിക്കാനിടവരും. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാന്‍ പാടില്ലെന്ന് കമ്മിഷന്‍ അഭിപ്രായപ്പെട്ടു.

ഫെബ്രുവരി 20 മതല്‍ മാര്‍ച്ച് എട്ട് വരെയാണ് യുവതിയെ ഫ്ളാറ്റില്‍ പൂട്ടിയിട്ട് അതീക്രൂരമായി പീഡിപ്പിച്ചു എന്നാണ് പരാതി. കണ്ണൂര്‍ സ്വദേശിയായ യുവതിക്കെതിരെയാണ് അതിക്രൂരമായ പീഡനം. കൊച്ചിയിലെ ഫ്ളാറ്റില്‍ വച്ചായിരുന്നു യുവതിക്കെതിരെ സുഹൃത്തിന്റെ പീഡനം. തൃശ്ശൂര്‍ സ്വദേശിയായ മാര്‍ട്ടിന്‍ ജോസഫ് പുലിക്കോട്ടില്‍ എന്ന യുവാവാണ് സംഭവത്തിന് പിന്നിലെന്നാണ് ആക്ഷേപം.

Share news
error: Content is protected !!
Scroll to Top