കൊല്ലം: സ്ത്രീധന പീഡനത്തിന്റെ പേരില്‍ ജീവനൊടുക്കിയ വിസ്മയയുടെ മരണത്തിനു ഉത്തരവാദിയായ അസിസ്റ്റന്റ് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍ കിരണ്‍കുമാറിനെ സര്‍വ്വീസില്‍ നിന്നും സസ്പെന്‍ഡ് ചെയതു. ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജുവാണ് സസ്പെന്‍ഡ് ചെയ്ത വിവരം അറിയിച്ചത്. വിഷയത്തില്‍ അന്വേഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ വകുപ്പിന് നിര്‍ദ്ദേശം നല്‍കിയതിന് പിന്നാലെയാണ് കിരണ്‍ കുമാറിനെതിരെ നടപടിയെടുത്തത്.
വിസ്മയയുടെ മരണത്തിനു കാരണക്കാരനായ കിരണ്‍കുമാറിനെതിരെ സസ്പെന്‍ഷന്‍ ഉള്‍പ്പെടെ വകുപ്പ് തല നടപടി കൂടി സ്വീകരിക്കണമെന്ന് രമേശ് ചെന്നിത്തല ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജുവിനോട് ആവശ്യപ്പെട്ടിരുന്നു. റിപ്പോര്‍ട്ട് കിട്ടിയാലുടന്‍ നടപടി ഉണ്ടാകുമെന്ന് രമേശ് ചെന്നിത്തലയ്ക്ക് മന്ത്രി ഉറപ്പ് നല്‍കുകയും ചെയ്തിരുന്നു. അന്വേഷണത്തിന് പിന്നാലെയാണ് ഇയാളെ സസ്പെന്‍ഡ് ചെയ്ത വിവരം മന്ത്രി അറിയിച്ചത്.
കേസില്‍ കിരണ്‍ കുമാറിന്റെ അറസ്റ്റ് ശൂരനാട് പൊലീസ് രേഖപ്പെടുത്തി. തിങ്കളാഴ്ച്ച വൈകിട്ടോടെയാണ് കിറണ്‍ കുമാര്‍ പൊലീസിന് മുന്നില്‍ കീഴടങ്ങിയത്. ഇന്നലെ രാത്രി മുതല്‍ ചോദ്യം ചെയ്യല്‍ പൂരോഗമിച്ചുവരികയായിരിന്നു. തുടര്‍ന്ന് ഇന്ന് ഉച്ചയോടോയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.
മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥനായ കിരണുമായി 2020 മാര്‍ച്ചിലായിരുന്നു വിസ്മയയുടെ വിവാഹം. ഭര്‍ത്താവ് നിരന്തരമായി തന്നെ മര്‍ദ്ദിച്ചിരുന്നെന്ന് നേരത്തെ വിസ്മയ ബന്ധുക്കള്‍ക്ക് സന്ദേശമയച്ചിരുന്നു. മര്‍ദ്ദനമേറ്റ ശരീരത്തിലെ മുറിവുകളുടെ ദൃശ്യങ്ങളും വിസ്മയ കൈമാറിയിരുന്നു.
ചിത്രങ്ങളില്‍ വിസ്മയയുടെ കൈയ്യിലും കാലിലും അടക്കം അടി കൊണ്ട പാടുകളുണ്ട്. സ്ത്രീധനമായി കിട്ടിയ വണ്ടി കൊള്ളില്ലെന്ന് പറഞ്ഞ ഭര്‍ത്താവ് കരിണ്‍ മര്‍ദ്ദിച്ചെന്ന് വാട്സ്ആപ്പ് സന്ദേശത്തില്‍ പറയുന്നു. ഈ സന്ദേശം ലഭിച്ച് മണിക്കൂറുകള്‍ക്ക് ശേഷമാണ് വിസ്മയയെ ഭര്‍തൃഗൃഹത്തില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. വിസ്മയയുടെ മരണത്തിന് പിന്നാലെ ഭര്‍ത്താവ് കിരണ്‍കുമാര്‍ ഒളിവില്‍ പോയിരുന്നെങ്കിലും രാത്രിയോടെ പോലീസ് കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു.
ഭര്‍ത്താവ് കിരണ്‍ സ്ഥിരമായി വിസ്മയയെ ഉപദ്രവിച്ചിരുന്നതായി ബന്ധുക്കള്‍ ആരോപിക്കുന്നു. നൂറ് പവന്‍ സ്വര്‍ണ്ണം, ഒന്നേകാല്‍ ഏക്കര്‍ സ്ഥലം, പത്ത് ലക്ഷം രൂപയുടെ കാര്‍ എന്നിവ മരിച്ച നിലമേല്‍ കൈതോട് സ്വദേശിനി വിസ്മയയുടെ വീട്ടുകാര്‍ ഭര്‍ത്താവായ കിരണിന് സ്ത്രീ ധനമായി നല്‍കിയിരുന്നു. സ്വര്‍ണത്തിന്റെയും സ്ഥലത്തിന്റെയും കാര്യത്തില്‍ പരാതിയില്ലായിരുന്ന കിരണ്‍ പത്ത് ലക്ഷത്തിന്റെ കാറിനെക്കുറിച്ച് സ്ഥിരമായി പരാതി പറഞ്ഞിരുന്നു. കാറിന്റെ മോഡല്‍ ഇഷ്ടമായില്ലെന്ന് പറഞ്ഞായിരുന്നു പീഡനങ്ങളുടെ തുടക്കം, ആദ്യഘട്ടത്തില്‍ മാനസിക പീഡനമായിരുന്നെങ്കില്‍ പിന്നീടത് ശാരീരിക ഉപദ്രവത്തിലേക്ക് കൂടെ കടന്നു. കാറിന് സിസിയുണ്ടെന്ന് മനസിലായ കിരണ്‍ വിസ്മയയുമായി വീട്ടിലെത്തി. അവിടെ വെച്ച് മകളെ തല്ലിയെന്നും തടയാന്‍ ശ്രമിച്ച സഹോദരനെയും അടിച്ചുവെന്നും വിസ്മയയുടെ പിതാവ് മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു. വിഷയത്തില്‍ പരാതി നല്‍കിയിരുന്നെന്നും ആ പൊലീസ് സ്റ്റേഷനിലെ എസ്ഐയെ കിരണ്‍ കയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചുവെന്നും പിതാവ് ചൂണ്ടിക്കാണിക്കുന്നു.
അതിനിടെ, നിലമേല്‍ കൈതോട് സ്വദേശിനി വിസ്മയയുടെ മരണത്തില്‍ പ്രതികരണവുമായി മന്ത്രി ജെ. ചിഞ്ചുറാണിയും രംഗത്ത് എത്തി. സിപിഐ കൈതോട് ബ്രാഞ്ച് സെക്രട്ടറി സഖാവ് ത്രിവിക്രമന്റെ മകള്‍ വിസ്മയയുടെ മരണം ഞെട്ടിപ്പിക്കുന്നതാണെന്നും മരണത്തിലേക്ക് നയിച്ച കാരണങ്ങള്‍ തീര്‍ച്ചയായും വെളിച്ചത്തു വരണമെന്നും മന്ത്രി ഫേസ്ബുക്ക് കുറിപ്പില്‍ ആവശ്യപ്പെട്ടു.




