ഇന്ത്യന്‍ സംഗീതത്തിന് കേരളം നല്‍കിയ മഹത്തായ സംഭാവനയാണ് കെ. ഓമനക്കുട്ടി ടീച്ചര്‍: മുഖ്യമന്ത്രി പിണറായി വിജയന്‍

HIGHLIGHTS : Kerala's great contribution to Indian music is K. Omanakutty Teacher: Chief Minister Pinarayi Vijayan

ഇന്ത്യന്‍ സംഗീതത്തിന് കേരളം നല്‍കിയ മഹത്തായ സംഭാവനയാണ് കെ. ഓമനക്കുട്ടി ടീച്ചറെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പത്മശ്രീ പുരസ്‌കാരം ലഭിച്ച വിഘ്യാത സംഗീതജ്ഞ ഡോ. കെ. ഓമക്കുട്ടിയെ ആദരിക്കാന്‍ തിരുവനന്തപുരം ഗവ. വിമന്‍സ് കോളജില്‍ സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

കേരളത്തിനാകെ സന്തോഷകരവും അഭിമാനകരവുമാണ് ടീച്ചറുടെ പദ്മശ്രീലബ്ധി. കര്‍ണാടക സംഗീതരംഗത്തിന് കാര്യമായ സംഭാവനകളൊന്നും കേരളം നല്‍കിയിട്ടില്ലായെന്ന് ആക്ഷേപിച്ചിട്ടുള്ളവരുണ്ട്. എന്നാല്‍ അവരുടെയെല്ലാം വിമര്‍ശനങ്ങളുടെ മുനയൊടിക്കുവിധം കേരളീയമായ സംഭാവനകള്‍ ഉയര്‍ത്തിക്കാട്ടി നമ്മുടെ സംഗീത സംസ്‌കാരത്തിന്റെ പതാക ഉയര്‍ത്തിപിടിച്ചവരോടൊപ്പമാണ് ഓമനക്കുട്ടി ടീച്ചറുടെ സ്ഥാനമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

sameeksha-malabarinews

ശെമ്മാങ്കുടി ശ്രീനിവാസ അയ്യരെ പോലെയുള്ള മഹാന്മാര്‍ സ്വാതിതിരുനാളിന്റെയടക്കം കൂടുതല്‍ കൃതികള്‍ കണ്ടെത്തി ചിട്ടപ്പെടുത്തി അവതരിപ്പിച്ചു. ഓമനക്കുട്ടി ടീച്ചറെയും കുമാര കേരളവര്‍മ്മയേയും പോലെയുള്ളവരും ആ വഴിയ്ക്ക് കൂടുതല്‍ സഞ്ചരിക്കുകയും സ്വാതിതിരുനാളിന്റേയും ഇരയിമ്മന്‍തമ്പിയുടെയും മറ്റും കൃതികള്‍ പാടിപ്രചരിപ്പിക്കുകയും ചെയ്തു. അത് കുട്ടികളെ പഠിപ്പിച്ചു. അതിനും അപ്പുറത്ത് നിരവധി മലയാള കൃതികള്‍ നൊട്ടേറ്റ് ചെയ്ത് പ്രചരിപ്പിച്ചു. അങ്ങനെ കേരളീയ സംഗീത സംസ്‌കാരത്തിന്റെ വിലപ്പെട്ട ഈടുവയ്പ്പിന്റെ പ്രാധാന്യം എന്താണ് എന്നത് ലോകര്‍ക്ക് ബോധ്യപ്പെടുത്തിക്കൊടുത്തു. ചരിത്രപരമായ ഇടപെടലാണിതെന്ന് മുഖ്യമന്ത്രി പറഞ്ഞു. ആ ഇടപെടല്‍കൂടിയാണ് ദേശീയതലത്തില്‍ അംഗീകരിക്കപ്പെട്ടിരിക്കുന്നത്.

കേരളീയ സംഗീത കൃതികള്‍ പ്രചരിപ്പിക്കുന്നതിലും ഇതര സംസ്ഥാനങ്ങളില്‍നിന്നുള്ള ഗായകരെ അത് പഠിപ്പിച്ച് പാടിക്കുന്നതിനും ടീച്ചറും ടീച്ചറുടെ സംഗീത ഭാരതിയും ഗാന കൈരളി പോലെയുള്ള പരിപാടികളിലൂടെ നടത്തുന്ന ശ്രമങ്ങള്‍ ശ്ലാഘനീയമാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

ഏതു കോളജില്‍ നിന്നാണോ ദീര്‍ഘകാലത്തെ അധ്യാപനത്തിനുശേഷം ഓമനക്കുട്ടി ടീച്ചര്‍ വിരമിച്ചത് അതേ കോളജില്‍ ടീച്ചര്‍ ആദരിക്കപ്പെടുന്നതില്‍ ഒരു പ്രത്യേക ഔചിത്യഭംഗിയുണ്ട്. ഈ ആദരം ഒരുക്കിയ ശിക്ഷര്‍, സുഹൃത്തുക്കള്‍, സംഗീത ആസ്വാദകര്‍ തുടങ്ങിയവരും അവരോട് സഹകരിക്കുന്ന മാധ്യമരംഗത്തെ അടക്കം സ്ഥാപനങ്ങളൊക്കെ പ്രത്യേകം അഭിനന്ദനം അര്‍ഹിക്കുന്നു. കേരളത്തിലെ സംഗീതാസ്വാദക സമൂഹത്തിന്റെ മനസില്‍ ഓമനക്കുട്ടി ടീച്ചര്‍ക്കുള്ള സ്ഥാനം സമാനതകള്‍ ഇല്ലാത്തതാണ്. ഇത്രയേറെ പ്രതിഭാ സമ്പന്നതയുള്ള ഒരു സംഗീതജ്ഞ ഈ കേരളക്കരയില്‍ ഉണ്ടെന്ന് രാജ്യത്തിനാകെ ചൂണ്ടിക്കാട്ടികൊടുക്കാന്‍ പത്മശ്രീ അവാര്‍ഡ് സഹായിക്കുന്നുണ്ട്.

കെ. ഓമനക്കുട്ടിയുടെ സംഗീത ജീവിതത്തെ അടിസ്ഥാനപ്പെടുത്തി മകള്‍ കമലാലക്ഷ്മി രച്ചിച്ച ‘ഓമനത്തിങ്കള്‍’ എന്ന പുസ്തകത്തിന്റെ മുഖചിത്രം മുഖ്യമന്ത്രി ചടങ്ങില്‍ അനാച്ഛാദനം ചെയ്തു. തിരുവനന്തപുരം ഗവ. വിമന്‍സ് കോളജ്, മലയാള മനോരമ, മറ്റ് സംഘടനകള്‍ ചേര്‍ന്നാണ് പരിപാടി സംഘടിപ്പിച്ചത്. ചടങ്ങിനോടനുബന്ധിച്ച് സംഗീതസന്ധ്യയും അരങ്ങേറി.

മുന്‍ കേന്ദ്രമന്ത്രി വി. മുരളീധരന്‍, മുന്‍ മന്ത്രി വി.എസ്. ശിവകുമാര്‍, മലയാള മനോരമ ചീഫ് ന്യൂസ് എഡിറ്റര്‍ സണ്ണി ജോസഫ് തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യു
 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!