
സംസ്ഥാന കൃഷി വകുപ്പ് പ്രഖ്യാപിച്ച് പ്രവര്‍ത്തനം ആരംഭിച്ച കേരളഗ്രോ ഔട്ട്ലെറ്റുകളും, മില്ലറ്റ് കഫെയും എല്ലാ ജില്ലകളിലും വില്പനകേന്ദ്രങ്ങളുമായി പ്രവര്‍ത്തനങ്ങള്‍ വിപുലീകരിക്കുമെന്ന് കൃഷിവകുപ്പ് മന്ത്രി പി. പ്രസാദ് പറഞ്ഞു. നിലവില്‍ സംസ്ഥാനത്തെ വിവിധ ഫാമുകള്‍, കൃഷികൂട്ടങ്ങള്‍, FPOകള്‍, അഗ്രോ സര്‍വീസ് സെന്ററുകള്‍, NGO കള്‍ എന്നിവര്‍ ഉല്‍പ്പാദിപ്പിക്കുന്ന വിവിധ ഉല്‍പ്പന്നങ്ങള്‍ മൂല്യവര്‍ദ്ധനവ് നടത്തി കേരളഗ്രോ ബ്രാന്‍ഡില്‍ ഗുണമേന്മ ഉറപ്പുവരുത്തിയാണ് ആവശ്യക്കാര്‍ക്ക് ലഭ്യമാക്കുന്നത്. ഫാം ഫ്രഷ് പച്ചക്കറികളും പഴങ്ങളും പ്രസ്തുത കേന്ദ്രങ്ങള്‍ വഴി വിപണനം നടത്തും. തിരുവനന്തപുരം, എറണാകുളം, ഇടുക്കി, തൃശൂര്‍ എന്നീ ജില്ലകളില്‍ ഔട്ട്ലറ്റുകള്‍ പ്രവര്‍ത്തനസജ്ജമാണെന്നും മറ്റ് ജില്ലകളില്‍ ജൂലൈ ആദ്യവാരത്തോടെ കേരളഗ്രോ ഔട്ട്ലറ്റുകള്‍ പ്രവര്‍ത്തനം ആരംഭിക്കുമെന്നും മന്ത്രി യോഗത്തില്‍ അറിയിച്ചു. കേരളത്തിലെ കര്‍ഷകര്‍ ഉല്‍പ്പാദിപ്പിക്കുന്ന ഉല്‍പ്പന്നങ്ങള്‍ കേരളഗ്രോ ജൈവം, കേരളഗ്രോ സുരക്ഷിതം എന്നീ വിഭാഗങ്ങളായിട്ടായിരിക്കും വിപണിയിലെത്തിക്കുക. ജൈവ രീതിയിലും ഉത്തമ കൃഷിരീതികള്‍ അവലംബിച്ചും ഉല്‍പ്പാദിപ്പിക്കുന്ന വിഭവങ്ങള്‍ ആവും മൂല്യവര്‍ദ്ധനവ് നടത്തിയും അല്ലാതെയും ആവശ്യക്കാരിലേക്ക് എത്തിക്കും. കൃഷിക്കൂട്ടങ്ങളുടെയും വകുപ്പിന്റെ കീഴില്‍ രൂപകരിച്ചിട്ടുള്ള മറ്റ് കര്‍ഷക ഗ്രൂപ്പുകളുടെയും വിവിധ ഉല്‍പ്പന്നങ്ങള്‍ക്ക് ഗുണമേന്മ പരിശോധനയുടെ അടിസ്ഥാനത്തില്‍ കേരളഗ്രോ ബ്രാന്‍ഡിംഗ് നല്‍കാനാകുമെന്നും അതുവഴി കര്‍ഷകര്‍ക്ക് കൂടുതല്‍ വിപണി സാധ്യത നല്‍കാന്‍ കഴിയുമെന്നും മന്ത്രി യോഗത്തില്‍ പറഞ്ഞു.
ലോകത്തെമ്പാടും ചെറുധാന്യ കൃഷിയുടെയും ദൈനംദിന ഭക്ഷണക്രമത്തില്‍ ചെറുധാന്യ ഉല്‍പ്പന്നങ്ങളുടെ പ്രാധാന്യത്തെ പറ്റിയും അവബോധം സൃഷ്ടിച്ചുകൊണ്ട് 2023 അന്താരാഷ്ട്ര ചെറുധാന്യ വര്‍ഷമായി ആചരിച്ചിരുന്നു. ലോകാരോഗ്യ സംഘടന നാളെയുടെ ഭക്ഷണമായി (Future Food) പ്രഖ്യാപനം നടത്തിയിട്ടുള്ള ചെറുധാന്യങ്ങള്‍ക്ക് അത്രതന്നെ പ്രാധാന്യം നല്‍കിക്കൊണ്ട് സംസ്ഥാന കൃഷി വകുപ്പും ചെറുധാന്യ കൃഷി പ്രോത്സാഹന പരിപാടികള്‍ സംസ്ഥാനത്തുടനീളം നടപ്പിലാക്കുകയും കൃഷി വിസ്തൃതിയില്‍ ഗണ്യമായ വര്‍ദ്ധനവ് ഉണ്ടാക്കുകയും ചെയ്തിരുന്നു. ആരോഗ്യ സംരക്ഷണത്തില്‍ പ്രത്യേക ശ്രദ്ധ ചെലുത്തുന്ന കേരളജനതക്ക് വിവിധ തരം ചെറുധാന്യങ്ങളും അവയുടെ മൂല്യവര്‍ദ്ധിത ഉല്‍പ്പന്നങ്ങകളും യഥേഷ്ടം ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ മില്ലറ്റ് കഫേകളും എല്ലാ ജില്ലകളിലും തുറന്ന് പ്രവര്‍ത്തിക്കുന്നതിനുള്ള നടപടികള്‍ അന്തിമ ഘട്ടത്തിലാണെന്ന് യോഗത്തില്‍ മന്ത്രി അറിയിച്ചു. തിരുവനന്തപുരം, എറണാകുളം, തൃശൂര്‍ ജില്ലകളില്‍ ജൂലൈ മാസത്തിലും മറ്റ് ജില്ലകളില്‍ ആഗസ്റ്റ് മാസത്തിലും മില്ലറ്റ് കഫേകള്‍ പ്രവര്‍ത്തനം ആരംഭിക്കും. കൃഷിക്കൂട്ടങ്ങള്‍, കാര്‍ഷിക ഉല്‍പ്പാദക കമ്പനികള്‍, കുടുംബശ്രീ ഗ്രൂപ്പുകള്‍, ചെറുധാന്യ കൃഷി വ്യാപന പദ്ധതിയില്‍ രൂപീകരിച്ച ഗ്രൂപ്പുകള്‍, അഗ്രോ സര്‍വീസ് സെന്ററുകള്‍ തുടങ്ങിയവരാകും കഫേകളുടെ പ്രവര്‍ത്തനം ഏകോപിപ്പിക്കുകയെന്നും മന്ത്രി യോഗത്തില്‍ അറിയിച്ചു.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു



