Section

malabari-logo-mobile

ഒരു വര്‍ഷത്തിനകം കേരളം മാലിന്യ മുക്തം; ആദ്യ ഘട്ടം ജൂണ്‍ അഞ്ചിന്: മുഖ്യമന്ത്രി

HIGHLIGHTS : Kerala will be garbage free within a year; First phase on June 5: Chief Minister

തിരുവനന്തപുരം: 2024 മാര്‍ച്ചിനകം മാലിന്യ പ്രശ്‌നത്തിനു സ്ഥായിയായ പരിഹാരം കാണുകയെന്ന ലക്ഷ്യത്തോടെ ‘മാലിന്യമുക്തം നവകേരളം’ ക്യാംപെയിന്‍ നാട് ഏറ്റെടുക്കുകയാണെന്നും ഇതിന്റെ ആദ്യ ഘട്ടമായി ജൂണ്‍ അഞ്ചിന് സംസ്ഥാനത്തെ എല്ലാ തദ്ദേശ സ്വയഭരണ സ്ഥാപനങ്ങളും വലിച്ചെറിയല്‍ മുക്തമാകുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. മാലിന്യ സംസ്‌കരണം പൗരധര്‍മമായി ഏറ്റെടുക്കുന്ന സംസ്‌കാരം വളര്‍ത്തിയെടുക്കണമെന്നും അദ്ദേഹം പറഞ്ഞു. ‘മാലിന്യമുക്തം നവകേരളം’ ക്യാംപെയിനിന്റെ ഭാഗമായി സംസ്ഥാനത്തെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ അധ്യക്ഷന്മാര്‍, ജനപ്രതിനിധികള്‍, വകുപ്പു സെക്രട്ടറിമാര്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവരെ അഭിസംബോധന ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.

മാലിന്യ സംസ്‌കരണത്തില്‍ പുലര്‍ത്തേണ്ട ശ്രദ്ധയും പ്രാധാന്യവും കാണിക്കുന്ന ചൂണ്ടുപലകയാണു ബ്രഹ്‌മപുരത്തുണ്ടായ സംഭവമെന്ന് മുഖ്യമന്ത്രി പറഞ്ഞു. മാലിന്യം ഉറവിടത്തില്‍ തരംതിരിക്കാതെ കൂട്ടിക്കലര്‍ത്തി നിക്ഷേപിച്ചതാണു ബ്രഹ്‌മപുരത്തെ തീപിടിത്തത്തിന്റെ കാരണം. ഒരുസ്ഥലത്തും ഇത് ആവര്‍ത്തിക്കാന്‍ പാടില്ല. ഉറവിടത്തില്‍ത്തന്നെ ജൈവമാലിന്യവും അജൈവ മാലിന്യവും വേര്‍തിരിക്കുന്നുവെന്ന് ഉറപ്പാക്കണം. ജൈവമാലിന്യം ഉറവിടത്തില്‍ത്തന്നെ സംസ്‌കരിക്കപ്പെടണം. ഇതിനു സൗകര്യമില്ലാത്തവര്‍ക്കായി പൊതുസംവിധാനം ഒരുക്കണം. അജൈവമാലിന്യം യൂസര്‍ഫീ നല്‍കി ഹരിതകര്‍മ സേനയ്ക്കു കൈമാറണം. മുഴുവന്‍ വീടുകളില്‍നിന്നും സ്ഥാപനങ്ങളില്‍നിന്നും ഇവ ശേഖരിക്കുന്നതിനു ഹരിതകര്‍മസേനയെ നിയോഗിക്കണം. സര്‍ക്കാര്‍ അംഗീകരിച്ചു പ്രസിദ്ധീകരിച്ചിട്ടുള്ള കലണ്ടര്‍ അനുസരിച്ച് അജൈവമാലിന്യങ്ങള്‍ കൈമാറുന്നുവെന്നും ഹരിതകര്‍മസേന അതു ശേഖരിക്കുന്നുവെന്നും ഉറപ്പാക്കണം. ‘ഹരിതമിത്രം’ ആപ്പ് ഇതിനായി ഉപയോഗിക്കണം. 400 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ ഹരിതമിത്രം ആപ്പ് ഉപയോഗിച്ച് മാലിന്യ ശേഖരണവും സംസ്‌കരണവും നടക്കുന്നുണ്ട്. ഈ സാമ്പത്തിക വര്‍ഷം കേരളത്തിലെ എല്ലാ ഗ്രാമ പഞ്ചായത്തുകളിലും നഗരസഭകളിലും ‘ഹരിതമിത്രം’ ഉപയോഗിച്ച് മാലിന്യ ശേഖരണം നടക്കുന്നുവെന്ന് ഉറപ്പാക്കണം.

sameeksha-malabarinews

വരുന്ന ജൂണ്‍ അഞ്ചിനു മുന്‍പ് 100 ശതമാനം മാലിന്യവും ഉറവിടത്തില്‍ത്തന്നെ തരംതിരിക്കാന്‍ കഴിയണം. 100 ശതമാനം അജൈവ മാലിന്യത്തിന്റെയും വാതില്‍പ്പടി ശേഖരണം നടത്തണം. ജൈവമാലിന്യം ഉറവിടത്തിലോ സാമൂഹ്യതല സംവിധാനത്തിലോ പൂര്‍ണമായി സംസ്‌കരിക്കുന്നുവെന്ന് ഉറപ്പാക്കണം. പൊതുനിരത്തുകളിലും ജലാശയങ്ങളിലും നിക്ഷേപിക്കപ്പെട്ടിട്ടുള്ള മാലിന്യം സമ്പൂര്‍ണമായി നീക്കംചെയ്യണം. രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍, തൊഴിലാളി സംഘടനകള്‍, സര്‍വീസ് സംഘടനകള്‍, സന്നദ്ധ – സാംസ്‌കാരിക സംഘടനകള്‍, യുവജന സംഘടനകള്‍, വിദ്യാര്‍ഥി സംഘടനകള്‍, കര്‍ഷകത്തൊഴിലാളി സംഘടനകള്‍, കുടുംബശ്രീ, റെസിഡന്റ്‌സ് അസോസിയേഷനുകള്‍ തുടങ്ങി എല്ലാ തലങ്ങളിലും ഇതിനായി ജനങ്ങളെ സംഘടിപ്പിക്കണം. ഓരോ വാര്‍ഡിലെയും നിശ്ചിത പ്രദേശങ്ങളുടെ ചുമതലകൊടുത്ത് വീടുകളിലും സ്ഥാപനങ്ങളിലും മാലിന്യ സംസ്‌കരണ സംവിധാനം ഉണ്ടെന്ന് ഉറപ്പാക്കണം. പൊതു ഇടങ്ങള്‍ വൃത്തിയാക്കണം. ഇത് വിജയകരമായ നടപ്പാക്കി ജൂണ്‍ അഞ്ചിന് എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളേയും വലിച്ചെറിയല്‍ മുക്ത പ്രദേശങ്ങളായി പ്രഖ്യാപിച്ച് ഹരിത സഭകള്‍ സംഘടിപ്പിക്കണം. ഈ പ്രവര്‍ത്തനങ്ങളുടെ സമഗ്ര റിപ്പോര്‍ട്ട് ജനകീയ പരിശോധനയ്ക്കു സമര്‍പ്പിക്കണം. ഒന്നുരണ്ട് ആഴ്ചകള്‍ക്കുള്ളില്‍ത്തന്നെ അതുവരെ നടന്ന പ്രവര്‍ത്തനങ്ങളുടെ സോഷ്യല്‍ ഓഡിറ്റ് നടത്താന്‍ കഴിയണം. ഈ ജനകീയ പരിശോധനയില്‍ കണ്ടെത്തുന്ന കുറവുകള്‍ പരിഹരിക്കാനുള്ള നടപടികള്‍ തുടര്‍ന്നുള്ള മാസങ്ങളില്‍ നടക്കണം.

2024 മാര്‍ച്ച് 30നുള്ളില്‍ പൂര്‍ണമായും ഡിജിറ്റല്‍ ട്രാക്കിങ് സംവിധാനത്തോടെ സംസ്ഥാനത്തെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ മാലിന്യ സംസ്‌കരണ സംവിധാനം ഉറപ്പാക്കണം. നിലവിലുള്ള വലുതും ചെറുതുമായ എല്ലാ മാലിന്യക്കൂനകളും വൃത്തിയാക്കി മാലിന്യമുക്തം എന്ന പ്രഖ്യാപനം നടത്തണം. ഈ പ്രവര്‍ത്തനങ്ങള്‍ നിര്‍വഹിക്കുന്നതിന് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് എല്ലാ വകുപ്പുകളും പിന്തുണയും സഹായവും നല്‍കുന്നതിനു നടപടി സ്വീകരിച്ചിട്ടുണ്ട്. എല്ലാ സര്‍ക്കാര്‍, അര്‍ധസര്‍ക്കാര്‍ സ്ഥാപനങ്ങളും ഇക്കാര്യത്തില്‍ മാതൃകയാകണം. മുഴുവന്‍ ഓഫിസുകളും മാലിന്യമുക്തമായ ഹരിത ഓഫിസുകളാക്കി മാറ്റാന്‍ വകുപ്പ് മേധാവികള്‍ മുതല്‍ ഉദ്യോഗസ്ഥര്‍വരെ ശ്രദ്ധിക്കണം. സ്ഥാപനങ്ങളുടെ സംസ്ഥാനതലം മുതല്‍ സൂക്ഷ്മതലം വരെയുള്ള ഓഫീസ് സംവിധാനം മാലന്യമുക്തമാക്കണം. വകുപ്പിന്റെ സേവനത്തിന്റെ ഭാഗമായി മാലിന്യ സംസ്‌കരണവുമായി ബന്ധപ്പെട്ട സ്വാഭാവിക ചുമതലകളും ഇതിനൊപ്പം നിര്‍വഹിക്കണം.

പൊലീസ്, മോട്ടോര്‍ വാഹന വകുപ്പ്, മലിനീകരണ നിയന്ത്രണ ബോര്‍ഡ്, റവന്യൂ വകുപ്പ്, ഫയര്‍ ആന്‍ഡ് റസ്‌ക്യൂ, ഭക്ഷ്യ സുരക്ഷാ വകുപ്പ് തുടങ്ങിയവര്‍ക്ക് നിയമപരമായ ഇടപെടലുകളിലൂടെ മാലിന്യ സംസ്‌കരണം ഉറപ്പാക്കാന്‍ കഴിയണം. മാലിന്യ സംസ്‌കരണത്തെക്കുറിച്ച് ആരോഗ്യ വകുപ്പ്, കുടംബശ്രീ, പൊതുവിദ്യാഭ്യാസ, ഉന്നത വിദ്യാഭ്യാസ, കായിക, സാംസ്‌കാരിക, വനിതാ ശിശുവികസന, ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് വകുപ്പുകള്‍ ബോധവത്കരണം നടത്തണം. വികസന പ്രവര്‍ത്തനങ്ങളുടെ ഭാഗമായി മാലിന്യ നിര്‍മാര്‍ജനത്തിനുവേണ്ട സൗകര്യങ്ങള്‍ ഒരുക്കുന്നതിലൂടെ ഈ ക്യാംപെയിനിന്റെ ഭാഗമാകാന്‍ കഴിയുന്ന രീതിയില്‍ പൊതുമരാമത്ത്, ടൂറിസം, ദേവസ്വം, പട്ടികജാതി പട്ടികവര്‍ഗ, തൊഴില്‍, വൈദ്യുതി, ആസൂത്രണ വകുപ്പുകള്‍ പ്രവര്‍ത്തിക്കണം. വ്യവസായ, എക്‌സൈസ്, മൃഗസംരക്ഷണ, കൃഷി, ഗതാഗതം, സാമൂഹ്യനീതി വകുപ്പുകള്‍ വലിയതോതില്‍ ഫലപ്രദമായ ഇടപെടലുകള്‍ നടത്തണം. ഒരു വകുപ്പിനും ഇതില്‍നിന്ന് ഒഴിഞ്ഞു നില്‍ക്കാനാകില്ല. എല്ലാ വകുപ്പുകളും അവരുടേതായ പങ്കു വഹിക്കണം. മേയ് 15നു മുന്‍പ് എല്ലാ ഓഫീസുകളും ഹരിതചട്ടം അനുസരിച്ചു പ്രവര്‍ത്തിക്കുന്നുവെന്ന് ഉറപ്പാക്കണം. ഇതിനായി ഓരോ തദ്ദേശ സ്ഥാപനത്തിന്റെയും അധികാര പരിധിയില്‍ വരുന്ന മുഴുവന്‍ സര്‍ക്കാര്‍ സ്ഥാപനങ്ങളുടേയും ചുമതലക്കാരെ വിളിച്ചുചേര്‍ക്കണം. എല്ലാ സ്ഥാപന മേധാവികളും ഇക്കാര്യത്തില്‍ തദ്ദേശ സ്ഥാപനങ്ങളുടെ മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കണം. മാലിന്യ സംസ്‌കരണ മേഖലയിലെ തൊഴില്‍ സംരംഭക, തൊഴിലവസര സാധ്യതകളും പരിശോധിക്കപ്പെടണം. മഴക്കാല പൂര്‍വ ശുചീകരണ പ്രവര്‍ത്തനങ്ങളും ഇതിനൊപ്പം അടിയന്തര സ്വഭാവത്തോടെ ഏറ്റെടുക്കണം.

സംസ്ഥാനത്ത് മാലിന്യ സംസ്‌കരണത്തിന് ആവശ്യമായ ഭൗതിക സൗകര്യങ്ങള്‍ സമയബന്ധിതമായി ഉണ്ടാക്കാനും ഫലപ്രദമായി പ്രവര്‍ത്തിപ്പിക്കാനും ഗുണമേന്മയുള്ള സേവനം ലഭ്യമാക്കാനും ക്യാംപെയിന്‍ ലക്ഷ്യമിടുന്നതായി മുഖ്യമന്ത്രി പറഞ്ഞു. സാങ്കേതിക മികവുള്ളതും പാരിസ്ഥിതികമായി പ്രശ്‌നങ്ങള്‍ സൃഷ്ടിക്കാത്തതുമായ മാലിന്യസംസ്‌കരണ യൂണിറ്റുകളായ കമ്യൂണിറ്റി കംപോസ്റ്റ്, കമ്യൂണിറ്റി ബയോഗ്യാസ്, എംസിഎഫ്, മിനി എംസിഎഫ്, കക്കൂസ് മാലിന്യ സംസ്‌കരണ യൂണിറ്റ് എന്നിവയ്‌ക്കെതിരെ ചിലയിടത്ത് സമരങ്ങളും തടസപ്പെടുത്തലുമുണ്ടാകുന്നതു ദുരനുഭവമാണ്. ഇതിനെക്കുറിച്ചു ജനങ്ങളെ ബോധ്യപ്പെടുത്താനും തെറ്റിദ്ധാരണയകറ്റാനും ജനപ്രതിനിധികള്‍ മുന്‍കൈയെടുക്കണം. ഇത്തരം യൂണിറ്റുകള്‍ക്കെതിരെയല്ല, മാലിന്യം ജലാശയങ്ങളിലേക്കും പൊതു ഇടങ്ങളിലേക്കും വലിച്ചെറിഞ്ഞു മാലിന്യക്കൂനകള്‍ സൃഷ്ടിക്കുന്നതിനെതിരേയാണ് എതിര്‍പ്പും പ്രതിഷേധവും ഉണ്ടാകേണ്ടത്.

മാലിന്യ ശേഖരണവും സംസ്‌കരണവും ഓരോ തദ്ദേശ സ്വയംഭരണ സ്ഥാപനവും നല്‍കുന്ന മികച്ച സേവനമാക്കി മാറ്റാന്‍ കഴിയണം. ഈ രംഗത്തു മികച്ച സേവനം നല്‍കാന്‍ പഞ്ചായത്തുകള്‍ക്കും നഗരസഭകള്‍ക്കുമുള്ള പരിമിതികള്‍ പരിഹരിക്കാന്‍ ആവശ്യമായ പ്രൊജക്ടുകള്‍ 2023-24ലെ വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നു ജില്ലാ ആസൂത്രണ സമിതികള്‍ ഉറപ്പാക്കണം. സ്വച്ച് ഭാരത് മിഷന്‍ പദ്ധതികള്‍, കേന്ദ്ര ധനകാര്യ കമ്മീഷന്‍ ഗ്രാന്റ്, അര്‍ബന്‍ അഗ്ലോമറേഷന്‍ ഗ്രാന്റ്, കേരള സോളിഡ് വേസ്റ്റ് മാനേജ്‌മെന്റ് പ്രൊജക്ട് തുടങ്ങിയ സ്‌കീമുകളും ധനസഹായവും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സമഗ്ര മാലിന്യ സംസ്‌കരണ പദ്ധതിയുമായി സംയോജിപ്പിച്ചു നടപ്പാക്കണം. ഇവയുടെ ആസൂത്രണം, നിര്‍വഹണം, മേല്‍നോട്ടം, അവലോകനം, പ്രചാരണം തുടങ്ങിയവ ഏകോപിപ്പിച്ച് മാലിന്യമുക്തം നവകേരളം ക്യാംപെയിന്റെ ഭാഗമാക്കണം.

മുപ്പതിനായിരത്തിലധികം ഹരിതകര്‍മ സേനാംഗങ്ങള്‍ സംസ്ഥാനത്ത് ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. 1,034 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലായാണ് ഇവരുടെ പ്രവര്‍ത്തനം. 53 ലക്ഷം വീടുകളില്‍ ഇവര്‍ മുഖേന സേവനം എത്തുന്നു. 12,676 മിനി മെറ്റീരിയല്‍ കളക്ഷന്‍ ഫെസിലിറ്റികളും 1,165 എംസിഎഫുകളും 173 റീജിയണല്‍ റെസിഡ്യുവല്‍ ഫെസിലിറ്റികളും പ്രവര്‍ത്തിക്കുന്നു. ഇവയ്‌ക്കൊപ്പം 3,800 ഓളം കമ്യൂണിറ്റി ഫെസിലിറ്റികളുമുണ്ട്. ഇവയിലൂടെ പ്രതിദിനം 173 ടണ്‍ ജൈവ മാലിന്യമാണ് സംസ്‌കരിക്കുന്നത്. 12.5 ലക്ഷത്തോളം ഉറവിട മാലിന്യ ഉപാധികള്‍ വീടുകളിലും സ്ഥാപനങ്ങളിലുമായുണ്ട്. ക്ലീന്‍ കേരള കമ്പനിയും ഹരിത സഹായ സ്ഥാപനങ്ങളും ബിസിനസ് ഏജന്‍സികളും ഇവയ്‌ക്കൊപ്പം പ്രവര്‍ത്തിക്കുന്നുണ്ട്. ക്ലീന്‍ കേരള കമ്പനി മുഖേന മാത്രം പ്രതിദിനം 800 ടണ്ണോളം പ്ലാസ്റ്റിക് മാലിന്യം ശേഖരിച്ചു റീസൈക്ലിങ്ങിനു നല്‍കുന്നുണ്ട്. ശരാശരി 200 ടണ്‍ ഇ-മാലിന്യവും ശേഖരിക്കുന്നുണ്ട്. ഇത്തരത്തില്‍ 3,400 ടണ്ണോളം വിവിധ അജൈവ മാലിന്യങ്ങള്‍ പ്രതിമാസം ക്ലീന്‍ കേരള കമ്പനി മാത്രം ശേഖരിക്കുന്നുണ്ട്. മൂവായിരം ടണ്ണോളം അജൈവ മാലിന്യമാണ് സ്വകാര്യ ഏജന്‍സികള്‍ ശേഖരിക്കുന്നത്. ഇതിനെല്ലാം പുറമേ 13,000 സ്‌ക്രാപ്പ് ബിസിനസുകളും 140 റീസൈക്ലിങ് ഇന്‍ഡസ്ട്രികളും ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഇത്ര വിപുലമായ പ്രവര്‍ത്തനമാണു കേരളത്തില്‍ മാലിന്യ സംസ്‌കരണ രംഗത്തു നടക്കുന്നത്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ ഹരിതകേരളം മിഷന്‍, ശുചിത്വ മിഷന്‍, ഗ്രീന്‍ കേരള കമ്പനി, കുടുംബശ്രീ എന്നിവയെയെല്ലാം ഏകോപിപ്പിച്ചാണു മുന്നോട്ടുപോകുന്നത്.

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ അനിവാര്യ ചുമതലകളില്‍ ഏറ്റവും പ്രധാനപ്പെട്ടതാണു ശുചിത്വവും മാലിന്യ സംസ്‌കരണവും. 2016ല്‍ നിലവില്‍വന്ന ഖരമാലിന്യ പരിപാലന ചട്ടപ്രകാരം മാലിന്യം അവശേഷിപ്പിക്കുന്നവര്‍ക്ക് അതു സംസ്‌കരിക്കാന്‍ ചുമതലയുണ്ട്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെപ്പോലെ പൊതുജനങ്ങളും മാലിന്യ സംസ്‌കരണത്തിന് ഉത്തരവാദിത്തമുള്ളവരാണ്. സംഭരണ, സംസ്‌കരണ സംവിധാനമൊരുക്കലും വീടുകളിലേയും സ്ഥാപനങ്ങളിലേയും മാലിന്യ സംസ്‌കരണത്തിനു ചട്ടപ്രകാരമുള്ള മാലിന്യ സംസ്‌കരണ രീതി പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തലും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ കടമയാണ്. ചട്ടപ്രകാരം മാലിന്യ സംസ്‌കരണം നടത്താത്തവര്‍ക്ക് പിഴ ചുമത്താനും അവര്‍ക്കെതിരേ നിയമ നടപടി സ്വീകരിക്കാനുമുള്ള അധികാരം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കുണ്ട്. മാലിന്യ സംസ്‌കരണത്തില്‍ ജനങ്ങള്‍ക്കുള്ള പങ്ക് എന്താണെന്നതിനെക്കുറിച്ചു നല്ല ബോധവത്കരണവും വേണം. ഇക്കാര്യത്തില്‍ തദ്ദേശ സ്ഥാപനങ്ങള്‍ എത്ര ഉത്തരവാദിത്തത്തോടെ പ്രവര്‍ത്തിക്കുന്നുവെന്നതു സ്വയം വിമര്‍ശനപരമായി പരിശോധിക്കാന്‍ തയാറാകണം. ഓരോ വാര്‍ഡിലെയും വീടുകളും സ്ഥാപനങ്ങളും ഖരമാലിന്യ പരിപാലന ചട്ടപ്രകാരം ചെയ്യേണ്ട കാര്യങ്ങളും തദ്ദേശ സ്വയംഭരണ സ്ഥാപനം അംഗീകരിച്ച മാലിന്യ പരിപാലന പരിപാടിയും ബൈലോയും അനുസരിച്ചു മാലിന്യം കൈകാര്യംചെയ്യുന്നുവെന്നത് ഉറപ്പാക്കേണ്ട ഉത്തരവാദിത്തം വാര്‍ഡ് അംഗത്തിനും കൗണ്‍സിലര്‍ക്കുമാണ്. ഇതു മാതൃകാപരമായി നിര്‍വഹിക്കുന്ന നൂറുകണക്കിനു ജനപ്രതിനിധികളുണ്ട്. എന്നാല്‍ ഇക്കാര്യത്തില്‍ ഒരു പ്രവര്‍ത്തനവും ഏറ്റെടുക്കാത്തവരും മാലിന്യ സംസ്‌കരണത്തിനുള്ള ശാസ്ത്രീയ മാര്‍ഗങ്ങള്‍ക്കെതിരേ പ്രചാരണം നടത്തുന്നവരുമുണ്ട്. അത്തരം പ്രവര്‍ത്തനങ്ങള്‍ കൂട്ടായ ഉത്തരവാദിത്തത്തെ ഇല്ലാതാക്കും. അതില്‍നിന്ന് ഒഴിഞ്ഞു നില്‍ക്കണമെന്നും മുഖ്യമന്ത്രി അഭ്യര്‍ഥിച്ചു.

വ്യക്തി, തദ്ദേശ സ്ഥാപനം, സര്‍ക്കാര്‍ എന്നീ മൂന്ന് തലത്തില്‍ യുദ്ധകാലാടിസ്ഥാനത്തിലുള്ള പ്രവര്‍ത്തനങ്ങളിലൂടെ ക്യാംപെയിന്റെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ നേടിയെടുക്കുമെന്നു യോഗത്തില്‍ അധ്യക്ഷത വഹിച്ച തദ്ദേശ സ്വയംഭരണ മന്ത്രി എം.ബി. രാജേഷ് പറഞ്ഞു. ക്യാംപെയിനിനെ പൂര്‍ണമായി സ്വാഗതം ചെയ്യുന്നതായും സംസ്ഥാനത്തെ എല്ലാ തദ്ദേശ സ്ഥാപനങ്ങള്‍ക്കും മാതൃകയാക്കാവുന്ന വിധത്തില്‍ ഏതെങ്കിലുമൊരു തദ്ദേശ സ്ഥാപനം മാലിന്യ സംസ്‌കരണത്തിന്റെ മികച്ച ഒരു മാതൃക രൂപപ്പെടുത്തിയെടുക്കണമെന്നും യോഗത്തില്‍ ഓണ്‍ലൈനായി പങ്കെടുത്ത പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ പറഞ്ഞു. തിരുവനന്തപുരം മാസ്‌കറ്റ് ഹോട്ടലില്‍ നടന്ന ചടങ്ങില്‍ മന്ത്രിമാരായ കെ. രാജന്‍, റോഷി അഗസ്റ്റിന്‍, കെ.എന്‍. ബാലഗോപാല്‍, കെ. രാധാകൃഷ്ണന്‍, പി. രാജീവ്, ആന്റണി രാജു, വീണാ ജോര്‍ജ്, ചീഫ് സെക്രട്ടറി ഡോ. വി.പി. ജോയ്, അഡീഷണല്‍ ചീഫ് സെക്രട്ടറിമാര്‍, പ്രിന്‍സിപ്പല്‍ സെക്രട്ടറിമാര്‍, മറ്റ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവരും പങ്കെടുത്തു. വിവിധ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ അധ്യക്ഷന്മാര്‍, പ്രതിനിധികള്‍ തുടങ്ങിയവര്‍ ഓണ്‍ലൈനായി പങ്കെടുത്തു.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!