HIGHLIGHTS : Kerala to arrange additional / chartered flights for low-income expatriates in the Gulf
* അനുമതി വേഗത്തിലാക്കണമെന്നാവശ്യപ്പെട്ടു പ്രധാനമന്ത്രിക്കു മുഖ്യമന്ത്രിയുടെ കത്ത്
* തിരക്കേറുമ്പോൾ വിമാനക്കമ്പനികൾ അമിത നിരക്ക് ഈടാക്കുന്നത് നിയന്ത്രിക്കണം
ഗൾഫ് രാജ്യങ്ങളിലെ താഴ്ന്ന വരുമാനക്കാരായ പ്രവാസി തൊഴിലാളികൾക്ക് ഉത്സവ സീസണുകളിലും അവധിക്കാലത്തും നാട്ടിലെത്താൻ ന്യായമായ വിമാന നിരക്കിൽ അധിക/ചാർട്ടേഡ് ഫ്ലൈറ്റുകളൊരുക്കാൻ കേരളം. ഏപ്രിൽ രണ്ടാം വാരം മുതൽ അഡിഷണൽ / ചാർട്ടേഡ് ഫ്ളൈറ്റുകൾ ഒരുക്കുകയാണു ലക്ഷ്യം. ഇതിനായുള്ള അനുമതി വേഗത്തിലാക്കുന്നതിന് സിവിൽ ഏവിയേഷൻ മന്ത്രാലയത്തിനു നിർദേശം നൽകണമെന്നാവശ്യപ്പെട്ടു മുഖ്യമന്ത്രി പിണറായി വിജയൻ പ്രധാനമന്ത്രിക്കു കത്തയച്ചു.
സിവിൽ ഏവിയേഷൻ മന്ത്രാലയത്തിന്റെ അനുമതിയോടെ മാത്രമേ, വിദേശ/ഇന്ത്യൻ എയർക്രാഫ്റ്റ് ഓപ്പറേറ്റർമാർക്കു ഗൾഫിൽ നിന്ന് ഇന്ത്യയിലേക്ക് അഡീഷണൽ/ചാർട്ടർ വിമാനങ്ങൾ ഏർപ്പെടുത്താനാകൂ. വിഷു, ഈസ്റ്റർ, റംസാൻ എന്നിവ ഏപ്രിൽ രണ്ടും മൂന്നും ആഴ്ചകളിൽ വരുന്ന സാഹചര്യത്തിൽ ഗൾഫ് രാജ്യങ്ങളിൽനിന്നു നിരവധി മലയാളികളാണു നാട്ടിലേക്കു വരാനൊരുങ്ങുന്നത്. ഇതു മുൻനിർത്തിയാണു ന്യായമായ നിരക്കിൽ വിമാന യാത്രാ സൗകര്യമൊരുക്കാൻ സംസ്ഥാന സർക്കാർ ശ്രമിക്കുന്നത്.
ഗൾഫ് രാജ്യങ്ങളിൽ നിന്ന് കേരളത്തിലേക്കുള്ള വിമാന ടിക്കറ്റ് നിരക്കിൽ കഴിഞ്ഞ രണ്ടു മാസത്തിനിടെ മൂന്നിരട്ടിയിലധികം വർധനയാണുണ്ടായിരിക്കുന്നതെന്നു പ്രധാനമന്ത്രിക്ക് അയച്ച കത്തിൽ മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. ഫെസ്റ്റിവൽ സീസണുകൾ, സ്‌കൂൾ അവധികൾ തുടങ്ങിയ സമയങ്ങളിൽ ടിക്കറ്റ് നിരക്ക് വർധിപ്പിക്കുന്നതു സാധാരണ യാത്രക്കാർക്ക് ബുദ്ധിമുട്ട് സൃഷ്ടിക്കുന്നു. മാസങ്ങളോളം വിദേശത്ത് ജോലി ചെയ്തുണ്ടാക്കുന്ന ചെറിയ സമ്പാദ്യം വിമാന ടിക്കറ്റിനായി നൽകേണ്ട അവസ്ഥയാണ് പ്രവാസി തൊഴിലാളികൾക്കുണ്ടാകുന്നത്. നിരക്കുകൾ പുനഃപരിശോധിക്കണമെന്ന കേരള സർക്കാരിന്റെയും പ്രവാസി സംഘടനകളുടെയും അഭ്യർഥനകളോട് എയർലൈൻ ഓപ്പറേറ്റർമാർ ഇതുവരെ അനുകൂലമായി പ്രതികരിച്ചിട്ടില്ല. ഈ സാഹചര്യത്തിൽ തിരക്കേറിയ അവസരങ്ങളിൽ വിമാന കമ്പനികൾ അമിതനിരക്ക് ഈടാക്കുന്നത് നിയന്ത്രിക്കാൻ എയർലൈൻ കമ്പനികളുമായി കേന്ദ്ര സർക്കാർ ചർച്ച നടത്തണമെന്നും മുഖ്യമന്ത്രി പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടു.
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു