കൊല്‍ക്കത്ത: വിവാദ ബോളിവുഡ് ചിത്രം ദ കേരള സ്റ്റോറി ബംഗാളില്‍ പ്രദര്‍ശിപ്പിക്കില്ല. സംസ്ഥാനത്ത് കേരള സ്റ്റോറിയുടെ പ്രദര്‍ശനം വിലക്കിയതായി ബംഗാള്‍ സര്‍ക്കാര്‍ അറിയിച്ചു. മുഖ്യമന്ത്രി മമത ബാനര്‍ജി തന്നെയാണ് തീരുമാനം അറിയിച്ചത്. സംസ്ഥാന സെക്രട്ടേറിയറ്റിലാണ് മുഖ്യമന്ത്രി മമത ബാനര്‍ജി ചിത്രം നിരോധിച്ചുകൊണ്ടുള്ള പ്രഖ്യാപനം നടത്തിയത്. സംസ്ഥാനത്ത് ചിത്രം പ്രദര്‍ശിപ്പിക്കുന്നില്ലെന്ന കാര്യം ഉറപ്പാക്കണമെന്നും മമത നിര്‍ദേശം നല്‍കി. കശ്മീര്‍ ഫയല്‍സ് പോലെ ബംഗാളിനെ കുറിച്ചും സിനിമയ്ക്ക് ഒരുങ്ങുന്നു എന്നും മമതാ ബാനര്‍ജി പറഞ്ഞു.
അതേസമയം നേരത്തെ തമിഴ്‌നാട്ടില്‍ ദ കേരള സ്റ്റോറിയുടെ പ്രദര്‍ശനവും നിലച്ചിരുന്നു. സിംഗിള്‍ സ്‌ക്രീന്‍ തിയറ്ററുകള്‍ക്ക് പിന്നാലെ തമിഴ്‌നാട്ടിലെ മള്‍ട്ടിപ്ലെക്‌സ് തിയറ്ററുകള്‍ കൂടി പ്രദര്‍ശനത്തിനെതിരെ തീരുമാനം എടുത്തതോടെയാണ് ദ കേരള സ്റ്റോറിയുടെ പ്രദര്‍ശനം സംസ്ഥാനത്ത് നിലച്ചത്. തമിഴ്‌നാട് മള്‍ട്ടിപ്ലെക്‌സ് അസോസിയേഷന്‍ കഴിഞ്ഞ ദിവസമാണ് ഇക്കാര്യത്തില്‍ തീരുമാനം വ്യക്തമാക്കിയത്. ക്രമസാധാന പ്രശ്‌നങ്ങള്‍ ഉണ്ടാവാനുള്ള സാധ്യതയ്‌ക്കൊപ്പം ചിത്രം കാണാന്‍ കാര്യമായി പ്രേക്ഷകര്‍ എത്തുന്നില്ലെന്ന വസ്തുത കൂടി പരിഗണിച്ചാണ് തീരുമാനത്തില്‍ എത്തിയതെന്ന് അസോസിയേഷന്‍ ഭാരവാഹികള്‍ അറിയിച്ചിരുന്നു.
കഴിഞ്ഞ മാസം ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങിയതുമുതല്‍ വന്‍ വിവാദത്തിനാണ് വഴിയൊരുങ്ങിയത്. മെയ് 5നാണ് ചിത്രം പ്രദര്‍ശനത്തിനെത്തിയത്. സുദീപ്‌തോ സെന്‍ രചനയും സംവിധാനവും നിര്‍വഹിച്ച ‘ദി കേരള സ്റ്റോറി’ നിര്‍മിച്ചിരിക്കുന്നത് വിപുല്‍ ഷായാണ്. അദാ ശര്‍മ നായികയാകുന്ന ചിത്രത്തില്‍ യോഗിത ബിഹ്ലാനി, സോണിയ ബലാനി, സിദ്ധി ഇതാദി എന്നിവരാണ് പ്രധാന വേഷങ്ങളിലെത്തിയിട്ടുള്ളത്.
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു




