ഉടുത്തവസ്ത്രമല്ലാതെ ഒന്നും എടുത്തിട്ടില്ല, മണിമലയാറിലേക്ക് ഒലിച്ചുപോയ ആ വീട് ആയുസിന്റെ മുഴുവന്‍ സമ്പാദ്യമെന്ന് ഗൃഹനാഥ പുഷ്പ

‘ശൂന്യാവസ്ഥയില്‍ നിന്ന് എന്ത് പറയണമെന്ന് അറിയില്ല. ജീവന്‍ തിരിച്ചു കിട്ടിയല്ലോ ഭാഗ്യം. ഇത്രയും നാളത്തെ കഷ്ടപ്പാടുകളായിരുന്നു ആ ഒലിച്ചു പോയത്. ഉടുത്ത വസ്ത്രമല്ലാതെ ഒന്നും എടുത്തിട്ടില്ല. വീട് സുരക്ഷിതമാണെന്ന് വിചാരിച്ചത് കൊണ്ട് അയല്‍ക്കാരടക്കം 25ഓളം പേര്‍ വീട്ടില്‍ ഉണ്ടായിരുന്നു. എല്ലാവരെയും പെട്ടെന്ന് ഇറക്കി വാതില്‍ പൂട്ടി പുറത്തിറങ്ങി അരമണിക്കൂറിനകം വീട് പോയി. ദൈവം തമ്പുരാന്റെ കാരുണ്യം കൊണ്ടായിക്കും, ജീവന്‍ തിരിച്ചു കിട്ടിയല്ലോ. ഇനി എല്ലാം ആദ്യം മുതല്‍ തുടങ്ങണം…’, സുരക്ഷിതമെന്ന് വിശ്വസിക്കുന്ന വീട് കണ്‍മുമ്പില്‍ അപ്രത്യക്ഷമാകുന്ന ദുരവസ്ഥയുടെ ആഘാതത്തില്‍ നിന്നും ഇതുവരെ മാറിയിട്ടില്ല, മുണ്ടക്കയത്തെ ജെബിന്റെ ഭാര്യ പുഷ്പ

ഇന്നലെ സോഷ്യല്‍ മീഡിയയിലും മറ്റു മാധ്യമങ്ങളിലും ഏറെ നൊമ്പരമായി മാറിയതാണ് കോട്ടയം മുണ്ടക്കയത്ത് ഇരുനിലവീട് ഒന്നടങ്കം മണിമലയാറിലേക്ക് ഇടിഞ്ഞുവീണ് ഒഴുകിപ്പോകുന്ന ദൃശ്യം. മുണ്ടക്കയം റൂട്ടിലെ സ്വകാര്യ ബസ് ഡ്രൈവറായ കല്ലേപ്പാലം കൊല്ലപ്പറമ്പില്‍ ജെബിന്റെ വീടാണ് ശക്തമായ മഴയില്‍ മണിമലയാറിലേക്ക് ഒന്നടങ്കം ഇടിഞ്ഞു വീണത്.

27 വര്‍ഷത്തെ കഷ്ടപ്പാടില്‍ കെട്ടിപ്പടുക്കിയ വീടായിരുന്നു ഒറ്റ നിമിഷം കൊണ്ട് കണ്‍മുന്നില്‍നിന്ന് മറഞ്ഞുപോയത്.
പിറകിലൂടെ ഒഴുകുന്ന ആറ് തങ്ങളുടെ സമ്പാദ്യം മുഴുവന്‍ ഒരു നിമിഷം കൊണ്ട് കൊണ്ടുപോകുമെന്ന് ഒരിക്കലും അവര്‍ കരുതിയിരുന്നില്ല. ചേര്‍ത്തുപിടിക്കേണ്ടതുണ്ട് പ്രകൃതിയുടെ ദുരിതപ്പെയ്ത്തില്‍ സ്വപ്നങ്ങള്‍ തകര്‍ന്നടിഞ്ഞ സഹോദരങ്ങളെ.

 

Share news
error: Content is protected !!
Scroll to Top