തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് മുതല്‍ മഴ ശക്തമാകും. ചൊവാഴ്ച്ച വരെ സംസ്ഥാനമൊട്ടാകെ വ്യാപകമായി മഴയ്ക്ക് സാധ്യത ഉണ്ട്. അടുത്ത 3 മണിക്കൂറില്‍ കേരളത്തില്‍ പത്തനംതിട്ട, കോട്ടയം, ഇടുക്കി, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, വയനാട് എന്നീ ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.ബംഗാള്‍ ഉള്‍ക്കടലില്‍ തമിഴ്‌നാട് തീരത്തോട് ചേര്‍ന്ന് ചക്രവാതച്ചുഴി രൂപപ്പെട്ടതാണ് മഴ ശക്തമാകാന്‍ കാരണം.
അതേസമയം, ന്യൂനമര്‍ദ്ദമായി ചുരുങ്ങി, ബംഗാള്‍ ഉള്‍ക്കടലില്‍ നിന്നും അറബിക്കടലിലേക്ക് എത്തിയ ഗുലാബ് അതിതീവ്ര ന്യൂനമര്‍ദ്ദമായി ശക്തിപ്രാപിച്ചു. വരും മണിക്കൂറുകളില്‍ ഇത് ഷഹീന്‍ ചുഴലിക്കാറ്റായി മാറും. എന്നാല്‍ ഇന്ത്യയില്‍ കാര്യമായ സ്വാധീനമുണ്ടാകില്ലെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ അറിയിപ്പ്.
ഇടിമിന്നല്‍ അപകടകരമായതിനാല്‍ പൊതുജനങ്ങള്‍ മുന്‍കരുതല്‍ എടുക്കണമെന്ന നിര്‍ദേശം നല്‍കിയിട്ടുണ്ട്. കാര്‍മേഘം കണ്ട് തുടങ്ങുന്ന സമയം മുതല്‍ തന്നെ മുന്‍കരുതല്‍ സ്വീകരിക്കേണ്ടതാണെന്നും കാലാവസ്ഥ നിരീക്ഷണ വകുപ്പ് അറിയിച്ചു.




