ഇന്നലെ കേരള പൊലീസ് തങ്ങളുടെ ഫേസ്ബുക്ക് പേജില്‍ പങ്കുവച്ചൊരു വീഡിയോ ഏറെ ശ്രദ്ധേയമായി. ഡ്യൂട്ടിക്ക് പോകാനിറങ്ങുന്ന വനിതാ പൊലീസ് തന്റെ കുഞ്ഞിനോട് യാത്ര ചോദിക്കുന്നതാണ് വീഡിയോയിലുള്ള രംഗം.
പ്രായമായൊരു സ്ത്രീയാണ് കുഞ്ഞിനെയെടുത്തിരിക്കുന്നത്. മാസങ്ങള്‍ മാത്രം പ്രായമുള്ള കുഞ്ഞാണ്. ഡ്യൂട്ടിക്ക് പോകാന്‍ വേണ്ടി അമ്മ ഒരുങ്ങിയിറങ്ങുമ്പോള്‍ കുസൃതിയോടെ അമ്മയോട് ചിണുങ്ങുകയും കൊഞ്ചുകയുമാണ് കുഞ്ഞുവാവ.
വീഡിയോയില്‍ അമ്മയുടെ യൂണിഫോമില്‍ പിടിച്ചുവലിക്കുകയും അമ്മയ്ക്ക് ഉമ്മ നല്‍കി, അമ്മയോട് പോകേണ്ടെന്ന് പരിഭവിക്കുകയും ചെയ്യുന്ന കുഞ്ഞിനെയാണ് കാണുന്നത്. നിരവധി പേരാണ് ഈ വീഡിയോ തങ്ങളുടെ സോഷ്യല്‍ മീഡിയ പേജില്‍ പങ്കുവച്ചിരിക്കുന്നത്.
മക്കളെ ഉള്‍പ്പെടെ വേണ്ടപ്പെട്ടവരില്‍ നിന്നെല്ലാം അകന്ന് കര്‍ത്തവ്യ നിര്‍വഹണം നടത്തുന്ന എല്ലാ പ്രിയപ്പെട്ടവര്‍ക്കും വേണ്ടി ഈ വീഡിയോ സമര്‍പ്പിക്കുന്നുവെന്നാണ് കേരള പൊലീസ് ഒഫീഷ്യല്‍ പേജ് വീഡിയോയ്ക്ക് താഴെ തന്നെ കമന്റ് ബോക്‌സില്‍ കുറിച്ചിരിക്കുന്നത്.




