ഹനീഫ നടക്കുകയാണ് അക്ഷരങ്ങള്‍ക്കൊപ്പം


പുതിയ കാലം,  പുതിയ വായന, സര്‍ഗ്ഗവസന്തം എന്നിവ നെഞ്ചേറ്റുന്ന  കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവെല്‍ 2019ലെ ചില കാഴ്ചകള്‍  

ഇത് ഹനീഫ  മലപ്പുറം ജില്ലയിലെ തിരൂരങ്ങാടി ചെറുമുക്ക് സ്വദേശി. ഇതുവരെയുള്ള  എല്ലാ കെഎല്‍എഫുകളിലും സജീവസാനിദ്ധ്യം.
പുസ്തകങ്ങളെ കൂട്ടാക്കിയ ഹനീഫയെ ഇത്തവണ ഞങ്ങള്‍ കണ്ടത് ഫെസ്റ്റിവല്‍ നഗരിയിലെ പ്രവേശനകവാടത്തിനടുത്തുള്ള ഡിസിയുടെ പുസ്തകശാലയില്‍നിന്നാണ്.
അക്ഷരങ്ങളെ, പുസ്തകങ്ങളെ, എഴുത്തുകാരെ ഏറെ സ്‌നേഹിക്കുന്ന ഈ ചെറുപ്പക്കാരന്‍ തന്റെ മുച്ചക്രവാഹനത്തിലാണ് ദിവസവും നാല്‍പ്പത് കിലോമീറ്റര്‍ ദൂരത്തുള്ള ഗ്രാമത്തില്‍ നിന്നും ഈ അക്ഷരങ്ങളുടെ ഉത്സവത്തിനെത്തുന്നത്.
പ്ലസ്ടു പഠനകാലത്ത് ഒരു അപകടത്തില്‍ നട്ടെല്ലിന് പരിക്ക് പറ്റിയ ഹനീഫ പിന്നീട് ആത്മവിശ്വാസത്തോടെ ജീവിതത്തിലേക്ക് തിരിച്ചുവന്നപ്പോള്‍ പുസ്തകങ്ങളായിരുന്നു കൂട്ട്. ആദ്യ കെഎല്‍എഫ് മുതല്‍ ഈ ദിവസങ്ങളില്‍ സ്ഥിരസാനിധ്യമായ ഹനീഫക്ക് സൗഹൃദങ്ങളുടെ പുതിയൊരു ലോകമാണ് ഈ കടപ്പുറം സമ്മാനിച്ചത്.

ആയിരം പുസ്തകങ്ങള്‍ വായിക്കുന്ന അറിവും അനുഭവുമാണ് ഈ സാഹിത്യോത്സവം തനിക്ക് സമ്മാനിക്കുന്നതെന്ന് ഹനീഫ പറയുന്നു.
എഴുത്തുകാരെ കണ്ണെത്തും ദൂരത്ത് കാണുന്നതും, അവര്‍ നമ്മളിലൊരാളായി മാറുന്നതും വായനക്കാരന്‍ എന്ന നിലയില്‍ വലിയൊരു ഭാഗ്യമായി  കാണുന്നുവെന്ന് ഹനീഫ ഞങ്ങളോട് പറഞ്ഞു. മറ്റുള്ള സാഹിത്യോത്സവങ്ങള്‍ പോലെ പങ്കെടുക്കാന്‍ പണം മാനദണ്ഡമാകുന്നില്ല ഇവിടെ എന്നുള്ളത് തന്നെപോലുള്ള വായനക്കാര്‍ക്ക് ഏറെ സന്തോഷം പകരുന്നതാണെന്നും അത് ഈ ഉത്സവത്തെ കൂടുതല്‍ ജനകീയമാക്കുന്നുവെന്നും ഹനീഫ പറഞ്ഞു.

അതെ ഓരോ സെഷനുകളും ഹൃദയത്തോട് ചേര്‍ത്ത് പിടിച്ച് അനേകായിരം വാക്കുകള്‍ക്കൊപ്പം മെല്ലെ നടക്കുകയാണ് ഹനീഫ.