വിട ചൊല്ലാന്‍ ഒരുങ്ങി കേരളം; അവസാനമായി കണ്ണൂര്‍ ജില്ലാ കമ്മിറ്റി ഓഫീസിലേക്ക് കോടിയേരി

കണ്ണൂര്‍ : അന്തരിച്ച സിപിഎം നേതാവ് കോടിയേരി ബാലക്യഷ്ണന്റെ മൃതദേഹം ഇന്ന് പയ്യാമ്പലം കടപ്പുറത്ത് സംസ്‌ക്കരിക്കും. വൈകിട്ട് മൂന്ന് മണിക്കാണ് സംസ്‌കാര ചടങ്ങുകള്‍ തുടങ്ങുന്നത്. ഔദ്യോഗിക ബഹുമതികളോടെയാകും സംസ്‌കാരം. വീട്ടിലെ പൊതു ദര്‍ശനത്തിനും ബന്ധുക്കളുടെ അന്തിമോപചാരത്തിനും ശേഷം ഇന്ന് 11 മണിക്ക് വിലാപയാത്രയായി മൃതദേഹം കണ്ണൂര്‍ സിപിഎം ജില്ലാ കമ്മിറ്റി ഓഫീസിലേക്ക് തിരിച്ചു.

വൈകിട്ട് 3 വരെ പാര്‍ട്ടി ഓഫീസിലാകും പൊതുദര്‍ശനം. നേതാവിനെ ഒരുനോക്ക് കാണാന്‍ ഈങ്ങയില്‍പ്പീടികയിലെ വീട്ടില്‍ ജനങ്ങള്‍ തടിച്ചുകൂടി. രാവിലെ 11 മണി വരെ ഈങ്ങയില്‍പ്പീടികയിലെ വീട്ടില്‍ ബന്ധുക്കള്‍ക്കും നാട്ടുകാര്‍ക്കും അന്ത്യോപചാരം അര്‍പ്പിക്കാന്‍ ക്രമീകരണം ഒരുക്കിയിരുന്നു.

സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയും പിബി അംഗങ്ങളും സംസ്‌കാര ചടങ്ങുകളില്‍ പങ്കെടുക്കാന്‍ കണ്ണൂരിലെത്തും. കാല്‍നടയായാണ് കണ്ണൂര്‍ ജില്ലാ കമ്മിറ്റി ഓഫീസില്‍ നിന്നും പയ്യാമ്പലത്തേക്ക് ഭൗതിക ശരീരം കൊണ്ടുപോകുക.

തലശ്ശേരി ടൗണ്‍ ഹാളിലെ എട്ട് മണിക്കൂര്‍ നീണ്ട പൊതുദര്‍ശനത്തില്‍ ആയിരങ്ങളാണ് അന്ത്യോപചാരം അര്‍പ്പിച്ചത്. സ്ത്രീകളും കുട്ടികളും വയോധികരുമടക്കമുള്ളവരുടെ ഒരു നീണ്ട നിരയാണ് പ്രിയ സഖാവിനെ ഒരു നോക്ക് കാണാനായി ടൗണ്‍ ഹാളിലേക്ക് എത്തിയത്. മുഖ്യമന്ത്രി പിണറായി വിജയന്‍ പിബി അംഗം, എംഎ ബേബി, സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍ അടക്കമുള്ള മുതിര്‍ന്ന നേതാക്കള്‍ കോടിയേരിയിലെ വീട്ടിലേക്ക് എത്തി ഭാര്യ വിനോദിനി മക്കളായ ബിനോയ്, ബിനീഷ് എന്നിവരടക്കമുള്ള കുടുംബാംഗങ്ങളെ നേരിട്ട് കണ്ടു. മണിക്കൂറുകളോളം ടൗണ്‍ ഹാളില്‍ കോടിയേരിയുടെ അരികിലിരുന്ന ശേഷമായിരുന്നു നേരത്തെ മുഖ്യമന്ത്രി ടൗണ്‍ഹാളില്‍ നിന്നും മടങ്ങിയത്. പിന്നീട് മൃതദേഹവും വഹിച്ചുള്ള വിലാപയാത്ര കോടിയേരിയിലെ വീട്ടിലേക്ക് എത്തുന്നതിന് മുമ്പാണ് മുഖ്യമന്ത്രിയും മുതിര്‍ന്ന സിപിഎം നേതാക്കളും എത്തിയത്. അല്‍പ്പസമയം ബന്ധുക്കള്‍ക്കൊപ്പം ഇരുന്ന ശേഷമാണ് മുഖ്യമന്ത്രി മടങ്ങിയത്.

 

Share news
error: Content is protected !!
Scroll to Top