HIGHLIGHTS : Kerala in the final round of Santosh Trophy football
കോഴിക്കോട്: സന്തോഷ് ട്രോഫി ഫുട്‌ബോള്‍ പോരാട്ടത്തിന്റെ ഫൈനല്‍ റൗണ്ടിലേക്ക് യോഗ്യത ഉറപ്പാക്കി കേരളം. യോഗ്യതാ റൗണ്ടില്‍ ഗോളടിച്ചു കൂട്ടിയാണ് കേരളത്തിന്റെ തകര്‍പ്പന്‍ മുന്നേറ്റം. ഇന്ന് പുതുച്ചേരിയെ 7-0നാണ് തോല്‍പ്പിച്ചത്.കഴിഞ്ഞ മത്സരത്തില്‍ മറുപടിയില്ലാത്ത 10 ഗോളിനു കേരളം ലക്ഷദ്വീപിനെ തകര്‍ത്തു തരിപ്പണമാക്കിയിരുന്നു. യോഗ്യതാ റൗണ്ട് ഗ്രൂപ്പ് എച്ചില്‍ മൂന്നും ജയിച്ച് ചാമ്പ്യന്‍മാരായാണ് കുതിപ്പ്. അടിച്ചുകൂട്ടിയത് 18 ഗോള്‍. ഒരെണ്ണവും വഴങ്ങിയില്ല. ഹൈദരാബാദില്‍ ഡിസംബറിലാണ് സന്തോഷ് ട്രോഫി ഫൈനല്‍ റൗണ്ട് പോരാട്ടം.
പോണ്ടിച്ചേരിക്കെതിരായ പോരാട്ടത്തില്‍ ഇ സജീഷ്, നസീബ് റഹ്‌മാന്‍ എന്നിവര്‍ ഇരട്ട ഗോളുകള്‍ നേടി. ഇന്നലെ സമനില മതിയായിരുന്നു കേരളത്തിനു ഫൈനല്‍ റൗണ്ട് ഉറപ്പിക്കാന്‍. എന്നാല്‍ ആധികാരിക വിജയത്തിലൂടെയാണ് കേരളം മൂന്നില്‍ മൂന്ന് മത്സരങ്ങളും ജയിച്ച് മുന്നേറിയത്.
ഗനി അഹമ്മദ് നിഗം, ക്രിസ്റ്റി ഡേവിസ്, ടി ഷിജിന്‍ എന്നിവരും ലക്ഷ്യംകണ്ടു.
കോഴിക്കോട് കോര്‍പറേഷന്‍ ഇ എം എസ് സ്റ്റേഡിയത്തില്‍ തുടര്‍ച്ചയായ രണ്ടാംകളിയിലും കേരളത്തിനായിരുന്നു ആധിപത്യം. 11–ാംമിനിറ്റില്‍ ഗനി പെനല്‍റ്റിയിലൂടെ തുടക്കമിട്ട ഗോള്‍വേട്ട ഇടവേളയില്ലാതെ തുടര്‍ന്നു.
നാലു മിനിറ്റിനുള്ളില്‍ നസീബ് ലീഡുയര്‍ത്തി. ഒറ്റയാന്‍ കുതിപ്പിലൂടെ ഒന്നാന്തരം ഗോള്‍. ബോക്സില്‍ ആറു പ്രതിരോധക്കാരെ വകഞ്ഞുമാറ്റിയായിരുന്നു മധ്യനിരക്കാരന്‍ ഷോട്ടുതിര്‍ത്തത്. അടുത്ത ഊഴം സജീഷിന്റേതായിരുന്നു. മുഹമ്മദ് മുഷറഫ് നീട്ടിയ പന്ത് ഒറ്റയടിയില്‍ തീര്‍ത്തു കേരള പൊലീസുകാരന്‍.
മൂന്ന് ഗോളിന്റെ ലീഡുമായി രണ്ടാംപകുതിയിലിറങ്ങിയ ആതിഥേയര്‍ മികവ് ആവര്‍ത്തിച്ചു. നസീബും സജീഷും ഡബിള്‍ തികച്ചു. യോഗ്യതാ റൗണ്ടില്‍ അഞ്ച് ഗോളായി സജീഷിന്. പകരക്കാരായി ഇറങ്ങിയാണ് ക്രിസ്റ്റിയും ഷിജിനും പട്ടിക തികച്ചത്.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു