Section

malabari-logo-mobile

കേരളത്തെ ഡിജിറ്റല്‍ സംസ്ഥാനമാക്കും;മുഖ്യമന്ത്രി

HIGHLIGHTS : തിരുവനന്തപുരം:കേരളത്തിന്റെ വ്യവസായാനുകൂല അന്തരീക്ഷവും ഇവിടത്തെ സാധ്യതകളും കൃത്യമായി തിരിച്ചറിഞ്ഞ് നിസാന്‍ കമ്പനി എത്തുന്നത് മറ്റു വ്യവസായികള്‍ക്ക് ...

തിരുവനന്തപുരം:കേരളത്തിന്റെ വ്യവസായാനുകൂല അന്തരീക്ഷവും ഇവിടത്തെ സാധ്യതകളും കൃത്യമായി തിരിച്ചറിഞ്ഞ് നിസാന്‍ കമ്പനി എത്തുന്നത് മറ്റു വ്യവസായികള്‍ക്ക് മാതൃകയാവുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. തിരുവനന്തപുരത്ത് നിസാന്‍ ഡിജിറ്റല്‍ ഹബിനുള്ള ആദ്യഘട്ട ഭൂമി കൈമാറ്റത്തിന്റെ ധാരാണാപത്രം ഒപ്പുവയ്ക്കുന്ന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പല മലയാളി വ്യവസായ പ്രമുഖരും പുതുസംരംഭങ്ങള്‍ക്ക് കേരളത്തെ തിരഞ്ഞെടുക്കുന്നതില്‍ വിമുഖത കാട്ടുന്ന വേളയിലാണ് നിസാന്‍ ഡിജിറ്റല്‍ ഹബ് ആരംഭിക്കുന്നതിന് കമ്പനിയുടെ ചീഫ് ഇന്‍ഫര്‍മേഷന്‍ ഓഫീസറായ ആന്റണി തോമസ് മുന്നോട്ടു വരുന്നത്. നിസാന്‍ ഡിജിറ്റല്‍ ഹബ് വളരുകയും അഭൃവൃദ്ധിപ്പെടുകയും ചെയ്യണം എന്നതില്‍ സര്‍ക്കാരിന് നിര്‍ബന്ധബുദ്ധിയുണ്ട്. അതിനാവശ്യമായ എല്ലാ സൗകര്യങ്ങളും ഒരുക്കും. കഴിഞ്ഞ ഒക്‌ടോബറില്‍ രാഷ്ട്രപതി നോളജ് സിറ്റിക്ക് തറക്കല്ലിട്ട് മാസങ്ങള്‍ക്കുള്ളില്‍ ശ്രദ്ധേയമായ സംരംഭം യാഥാര്‍ത്ഥ്യമാവുകയാണ്. പറയുന്ന കാര്യങ്ങള്‍ നടപ്പാവും എന്നതിന്റെ ഏറ്റവും നല്ല ഉദാഹരണമാണിത്.
നിസാന്‍ ഡിജിറ്റല്‍ ഹബ് പൂര്‍ണ വളര്‍ച്ചയെത്തുന്ന മുറയ്ക്ക് അനുബന്ധ വികസനവും തൊഴില്‍ സാധ്യതകളും ഉണ്ടാവും. അത് കേരളത്തിന്റെ പൊതുവായ വികസനത്തിനുള്ള അന്തരീക്ഷം ഒരുക്കും. കേരളത്തെ ഡിജിറ്റല്‍ സംസ്ഥാനമാക്കുകയെന്ന ലക്ഷ്യത്തോടെ സംസ്ഥാന സര്‍ക്കാര്‍ സ്വീകരിച്ച നടപടികളും സമീപനങ്ങളുമാണ് നിസാനെ കേരളത്തിലെത്തിച്ചതും ഡിജിറ്റല്‍ ഹബ് സ്ഥാപിക്കുന്നതിലേക്ക് നയിച്ചതും. എഴുപത് ഏക്കറിലാണ് ഡിജിറ്റല്‍ ഹബ് ആരംഭിക്കുന്നത്. ആദ്യ ഘട്ടത്തില്‍ 30 ഏക്കര്‍ സ്ഥലമാണ് കൈമാറുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. ചീഫ് സെക്രട്ടറി പോള്‍ ആന്റണിയും നിസാന്‍ ചീഫ് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ ആന്റണി തോമസും ധാരാണാപത്രം ഒപ്പുവച്ചു. സര്‍ക്കാരിന്റെ ചുവപ്പുനാട ഈ പദ്ധതിക്ക് തടസം സൃഷ്ടിക്കില്ലെന്ന് ചീഫ് സെക്രട്ടറി പോള്‍ ആന്റണി പറഞ്ഞു. ഡിജിറ്റല്‍ ഹബ് സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് ആദ്യ കത്ത് അയച്ച് അഞ്ച് മാസത്തിനുള്ളില്‍ ധാരണാപത്രം ഒപ്പുവയ്ക്കാന്‍ കഴിഞ്ഞതായി കിഫ്ബി ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍
ഡോ. കെ. എം. എബ്രഹാം പറഞ്ഞു. ഇതിന്റെ ചര്‍ച്ചകള്‍ക്കായി ജപ്പാനില്‍ പോയ അവസരത്തില്‍ നിരവധി സംശയങ്ങളും ചോദ്യങ്ങളും നിസാന്‍ അധികൃതരില്‍ നിന്നുണ്ടായി. നാല്‍പത് വര്‍ഷങ്ങള്‍ക്ക് മുന്‍പ് സിവില്‍ സര്‍വീസ് ഇന്റര്‍വ്യൂ ബോര്‍ഡിനു മുന്നിലാണ് അത്തരം ചോദ്യങ്ങള്‍ നേരിടേണ്ടി വന്നിട്ടുള്ളതെന്ന് ഡോ. കെ. എം. എബ്രഹാം പറഞ്ഞു.
ഈ വര്‍ഷം അവസാനത്തോടെ 500 പേര്‍ക്ക് തൊഴില്‍ ലഭ്യമാകുന്ന തരത്തില്‍ പ്രവര്‍ത്തനം ആരംഭിക്കുമെന്ന് നിസാന്‍ ചീഫ് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ ആന്റണി തോമസ് പറഞ്ഞു. പുതിയ സംരംഭം തുടങ്ങുന്നതിന്റെ ഭാഗമായി ജാപ്പാന്റെ പാരമ്പര്യ വിശ്വാസം അനുസരിച്ച് ഡര്‍മ ഡോളിന് മുഖ്യമന്ത്രിയും ആന്റണി തോമസും ചേര്‍ന്ന് കണ്ണുകള്‍ വരച്ചു. ഐ. ടി സെക്രട്ടറി ശിവശങ്കര്‍, ടെക്‌നോപാര്‍ക്ക് സി. ഇ. ഒ ഋഷികേശ് നായര്‍, വകുപ്പുതല ഉദ്യോഗസ്ഥര്‍, നിസാന്‍ കമ്പനി പ്രതിനിധികള്‍ എന്നിവര്‍ സംബന്ധിച്ചു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!