ചരിത്രം തീരുമാനിക്കട്ടെ ശരിയും തെറ്റും
തിരുവനന്തപുരം: പ്രതിദിന വാര്‍ത്താസമ്മേളനം നടത്തിയത് പൊങ്ങച്ചം കാണിക്കാനല്ല, ദിവസേനയുള്ള വിവരങ്ങള്‍ കൈമാറാനാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കഴിഞ്ഞ ദിവസങ്ങളില്‍ പ്രതിപക്ഷത്തിന്റെ വിമര്‍ശനങ്ങള്‍ക്ക് കോവിഡ് കാലത്ത് സംസ്ഥാനം കൈക്കൊണ്ട നടപടികളും നേട്ടങ്ങളും എണ്ണിയെണ്ണി പറഞ്ഞുകൊണ്ടാണ് ഇന്ന് വാര്‍ത്താസമ്മേളനത്തില്‍ മുഖ്യമന്ത്രി സംസാരിച്ചത്.
ഇന്ത്യയില്‍ ആദ്യം കോവിഡ് സ്ഥിരീകരിച്ചത് കേരളത്തിലായിരുന്നു. ആദ്യഘട്ടത്തില്‍ കേരളത്തിലായിരുന്നു രോഗബാധിതരുടെ എണ്ണം കൂടുതല്‍. എന്നാല്‍ കേരളം കോവിഡിനെതിരെ ഒറ്റക്കെട്ടായി നിന്നു.
ഇന്ന് ലോകത്ത് എറ്റവും കുറഞ്ഞ മരണനിരക്കും, ഏറ്റവും ഉയര്‍ന്ന രോഗമുക്തി നിരക്കും കേരളത്തിലാണ്. ഈ കേരളമോഡല്‍ നേട്ടം നാം കൈവരിച്ചത് എന്തെങ്കിലും ഇന്ദ്രജാലത്തിലൂടയല്ല, ഐക്യത്തിന്റെയും ഒരുമയുടെയും ഫലമായാണ്. ലോകമാകെ കേരളത്തെ അഭിനന്ദിക്കുന്നത് അതുകൊണ്ടാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
ലോകത്തെ കോവിഡ് മരണനിരക്ക് 5.8ശതമാനമാണ, രാജ്യത്ത് മരണനിരക്ക് 2.8 ശതമാനമാണ്. എന്നാല്‍ കേരളത്തിലെ മരണനിരക്ക് 0.56 ശതമാനം മാത്രമാണെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.
സംസ്ഥാനത്ത് ഇപ്പോള്‍ 38 കോവിഡ് സ്‌പെഷ്യല്‍ ആശുപത്രികളുണ്ട്. സര്‍ക്കാര്‍ ആശുപത്രികളില്‍ 800 വെന്റിലേറ്ററുകള്‍ ഉണ്ട് സ്വകാര്യ ആശുപത്രികളില്‍ 81904 കിടക്കളും ഉണ്ട്. ഇതില്‍ 6059 എണ്ണം ഐസിയുവിലാണ്യ
പകര്‍ച്ചവ്യാധി നിയമം നടപ്പിലാക്കി ആദ്യം സംസ്ഥാനം കേരളമാണ്. പ്ലാസ്മ ചികിത്സ ആദ്യമായി നടപ്പിലാക്കിയത് കേരളമാണ് . എട്ടു വിദേശികളെ രോഗവിമുക്തരാക്കി. അവരിന്ന് കേരളത്തെ അനുമോദിക്കുന്നു.
വിദേശത്ത് നിന്നും പ്രവാസികളെ തിരിച്ചെത്തിക്കാന്‍ കഴിയുന്ന സാഹചര്യമുണ്ടായാല്‍ രണ്ട് ലക്ഷം പേരെ ക്വാറന്റയിന്‍ ചെയ്യാനുള്ള സംവിധാനം സംസ്ഥാനം ഏര്‍പ്പെടുത്തിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. അതില്‍ കൂടുതല്‍ പേര്‍ തിരിച്ചെത്തിയായലും അവരെയല്ലാം സ്വീകരിക്കാനും സുരക്ഷിതമായി പാര്‍പ്പിക്കാനുമുള്ള പദ്ധതി തയ്യാറാക്കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. മുഴവന്‍ പ്രവാസി സംഘടനകളുടെയും സഹായവും പിന്തുണയും ഈ ഘട്ടത്തില്‍ പ്രവാസികള്‍ക്ക് ഉണ്ടാവണമെന്നും അദ്ദേഹം പറഞ്ഞു.
സ്പ്രിങ്കളര്‍ വിഷയത്തില്‍ പ്രതിപക്ഷത്തിന്റെ ആരോപണങ്ങള്‍ അവഗണിക്കുന്നുവെന്നും തള്ളിക്കളയുന്നുവെന്നും മുഖ്യമന്ത്രി മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടിയായി പറഞ്ഞു. ചിലര്‍ നുണവാര്‍ത്തകള്‍ മെനയുന്നുവെന്നും പഴയ സേവ് സിപിഎം വാര്‍ത്തകളെ ഉദാഹരിച്ചുകൊണ്ട് മുഖ്യമന്ത്രി വ്യ്കതമാക്കി.
ആരോപണമുന്നയിച്ചവര്‍ തെളിവുമായി വരട്ടെയെന്നും ഇപ്പോള്‍ ശ്രദ്ധ വൈറസിനെതിരെയുള്ള പോരാട്ടത്തിലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. പ്രതിപക്ഷത്തിന്റെ ആരോപണങ്ങളെ കുറിച്ചുള്ള ചോദ്യങ്ങള്‍ ആവര്‍ത്തിച്ചപ്പോള്‍ ചരിത്രം തീരുമാനിക്കട്ടെ ശരിയും തെറ്റുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ലോക്ക് ഡൗണ്‍ കഴിയുന്നതുവരെ മുഖ്യമന്ത്രിയുടെ പ്രതിദിന വാര്‍ത്തസമ്മേളനം ഉണ്ടാകുമെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചിട്ടുണ്ട്.




