‘കേരള കെയര്‍’ രാജ്യത്തിന് മാതൃകയായി പാലിയേറ്റീവ് കെയര്‍ ഗ്രിഡ് തിങ്കളാഴ്ച മുഖ്യമന്ത്രി നാടിന് സമര്‍പ്പിക്കും

HIGHLIGHTS : 'Kerala Care' Palliative Care Grid to be a model for the country, CM to dedicate to the nation on Monday

തിരുവനന്തപുരം: തിരുവനന്തപുരം: ഇന്ത്യയില്‍ സാന്ത്വന പരിചരണ പ്രവര്‍ത്തനങ്ങള്‍ ഏറ്റവും മികച്ച രീതിയില്‍ നടപ്പിലാക്കുന്ന സംസ്ഥാനമാണ് കേരളം. ഈ സര്‍ക്കാരിന്റെ കാലത്ത് കേരളത്തിലെ സാന്ത്വന പരിചരണ പ്രവര്‍ത്തനങ്ങളെ ലോകാരോഗ്യ സംഘടന അഭിനന്ദിച്ചിരുന്നു. മാത്രവുമല്ല കേരളത്തിലെ പാലിയേറ്റീവ് പരിചരണ പ്രവര്‍ത്തനങ്ങളെ ലോകാരോഗ്യ സംഘടന മാതൃകയായി അംഗീകരിച്ചിട്ടുമുണ്ട്. ഈ രീതിയില്‍ മികച്ച മുന്നേറ്റം നടത്തുന്ന കേരളം പാലിയേറ്റീവ് പരിചരണ രംഗത്ത് മറ്റൊരു സുപ്രധാന ഘട്ടത്തിലേക്ക് കടന്നിരിക്കുകയാണ്. ‘കേരള കെയര്‍’ എന്ന പേരില്‍ പാലിയേറ്റീവ് കെയര്‍ ഗ്രിഡ് രൂപീകരിച്ചിരിക്കുകയാണ്. പാലിയേറ്റീവ് കെയര്‍ ഗ്രിഡിന്റെ ലോഞ്ച് മാര്‍ച്ച് മൂന്നാം തീയതി രാവിലെ 11.30 മണിക്ക് നിയമസഭയിലെ മുഖ്യമന്ത്രിയുടെ ചേംബറില്‍ വച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും. ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്, തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എംബി രാജേഷ് എന്നിവര്‍ സന്നിഹിതരാകും.

സര്‍ക്കാര്‍, സന്നദ്ധ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന മുഴുവന്‍ പാലിയേറ്റീവ് കെയര്‍ യൂണിറ്റുകളേയും ഉള്‍ക്കൊള്ളിച്ചു കൊണ്ടാണ് പാലിയേറ്റീവ് കെയര്‍ ഗ്രിഡ് രൂപീകരിച്ചിരിക്കുന്നതെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. നവകേരളം കര്‍മ്മപദ്ധതി രണ്ട് ആര്‍ദ്രം മിഷനിലെ പത്ത് പ്രധാന പ്രവര്‍ത്തന മേഖലകളിലൊന്നാണ് പാലിയേറ്റീവ് കെയര്‍. ഇതിന്റെ ഭാഗമായി തയ്യാറാക്കിയ സമഗ്ര പാലിയേറ്റീവ് കെയര്‍ ആക്ഷന്‍ പ്ലാന്‍ പ്രകാരമാണ് പാലിയേറ്റീവ് കെയര്‍ ഗ്രിഡ് രൂപീകരിച്ചത്. കിടപ്പിലായ ഓരോ രോഗിയുടെയും സമീപ പ്രദേശത്ത് പരിശീലനം ലഭിച്ച ഒരു സന്നദ്ധ പ്രവര്‍ത്തകന്റെ സേവനം ഉറപ്പാക്കി വരുന്നു. എല്ലാ ജില്ലകളിലും പാലിയേറ്റീവ് പരിശീലന കേന്ദ്രങ്ങള്‍ ആരംഭിച്ചു. ഇതിന് പുറമേയാണ് സാന്ത്വന പരിചരണം ഏകോപിപ്പിക്കുന്നതിന് പാലിയേറ്റീവ് കെയര്‍ ഗ്രിഡ് രൂപീകരിച്ചിരിക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി.

sameeksha-malabarinews

ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ തദ്ദേശസ്വയംഭരണ വകുപ്പിന്റെ സഹകരണത്തോടെയാണ് പാലിയേറ്റീവ് പരിചരണം നടിപ്പിലാക്കി വരുന്നത്. സംസ്ഥാന ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ കേരള ഡിജിറ്റല്‍ യൂണിവേഴ്‌സിറ്റിയുടെ അഭിമുഖ്യത്തിലാണ് ഗ്രിഡ് രൂപീകരിച്ചിട്ടുള്ളത്. ടെസ്റ്റ് റണ്‍, സെക്യൂരിറ്റി ഓഡിറ്റ് എന്നിവ പൂര്‍ത്തിയാക്കിയാണ് ഗ്രിഡ് സജ്ജമാക്കിയത്.

പാലിയേറ്റീവ് കെയര്‍ ഗ്രിഡിന്റെ പ്രത്യേകതകള്‍

· പുതിയ രോഗികളെ രജിസ്റ്റര്‍ ചെയ്ത് തുടര്‍പരിചരണം നല്‍കല്‍
· സന്നദ്ധ പ്രവത്തകരുടെ രജിസ്‌ട്രേഷനും പരിശീലനവും നല്‍കല്‍
· പാലിയേറ്റീവ് കെയര്‍ പ്രവര്‍ത്തനങ്ങള്‍ നടത്തിവരുന്ന സന്നദ്ധ സംഘടനകള്‍ക്ക് രജിസ്‌ട്രേഷന്‍ നല്‍കല്‍
· പൊതുജനങ്ങള്‍ക്ക് ആവശ്യമായ സേവനങ്ങള്‍ തിരഞ്ഞെടുക്കുവാനുള്ള സൗകര്യം
· പ്രവര്‍ത്തങ്ങള്‍ വിലയിരുത്തുന്നതിന് സംസ്ഥാന, ജില്ലാ, പഞ്ചായത്ത്, വാര്‍ഡ് തലങ്ങളില്‍ ഡാഷ് ബോര്‍ഡ്.
· പൊതുജനങ്ങള്‍ക്കുള്ള ഡാഷ് ബോര്‍ഡ്

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!