രാജ്യത്ത് പരോക്ഷനികുതി സംവിധാനത്തില്‍ ”ഫേസ് ലെസ്സ് അഡ്ജുഡിക്കേഷന്‍”നടപ്പിലാക്കുന്ന ആദ്യ സംസ്ഥാനമായി കേരളം

രാജ്യത്ത് പരോക്ഷ നികുതി സംവിധാനത്തില്‍ പുത്തന്‍ മാറ്റങ്ങള്‍ ആവിഷ്‌കരിച്ചു കൊണ്ട് കേരള സംസ്ഥാന ചരക്ക് സേവന നികുതി വകുപ്പ് ഓഗസ്റ്റ് 1 മുതല്‍ ഫേസ് ലെസ്സ് അഡ്ജുഡിക്കേഷന്‍ സംവിധാനം നടപ്പിലാക്കുന്നു. ഇന്ത്യയില്‍ ഇത് നടപ്പിലാക്കുന്ന ആദ്യ സംസ്ഥാനമാണ് കേരളം.

അഡ്ജുഡിക്കേറ്റിങ് അതോറിറ്റിയും, ടാക്സ് പേയറും മുഖാമുഖം കാണാതെ, മുഴുവന്‍ പ്രക്രിയകളും ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമിലൂടെയും, ഇ-കമ്മ്യൂണിക്കേഷനിലൂടെയും നടക്കുന്ന സുതാര്യമായ നികുതി നിര്‍ണ്ണയ സംവിധാനമാണ് ഫേസ് ലെസ്സ് അഡ്ജുഡിക്കേഷന്‍. ഇതിന്റെ ഭാഗമായി ടാക്സ് പേയറിന് ഷോ കോസ് നോട്ടീസ് (SCN) ലഭിക്കല്‍ മുതല്‍ അതിന്റെ മറുപടി സമര്‍പ്പിക്കല്‍, ഹിയറിങ്, വെര്‍ച്യുല്‍/ രേഖാമൂലമുള്ള സമര്‍പ്പണം, ഫൈനല്‍ ഓര്‍ഡര്‍ പുറപ്പെടുവിക്കല്‍ തുടങ്ങിയ എല്ലാ നടപടികളും ഓണ്‍ലൈന്‍ ആയിരിക്കും. സംസ്ഥാന ചരക്ക് സേവന നികുതി വകുപ്പിലെ ഓഡിറ്റ് വിഭാഗം നല്‍കുന്ന കാരണം കാണിക്കല്‍ നോട്ടീസുകളിന്മേല്‍ ആഗസ്റ്റ് 1 മുതല്‍ വിധിനിര്‍ണ്ണയം നടത്തുന്നത് വകുപ്പിലെ, മുന്‍കൂട്ടി തീരുമാനപ്പെടുത്തിയിട്ടില്ലാത്ത, ഒരു നികുതി നിര്‍ണ്ണയ ഉദ്യോഗസ്ഥന്‍ ആയിരിക്കും. ആദ്യഘട്ടത്തില്‍, പരീക്ഷണാടിസ്ഥാനത്തില്‍ പത്തനംതിട്ട, ഇടുക്കി ജില്ലകളിലാണ് ഈ മാറ്റം നടപ്പിലാക്കുന്നത്.

നീതിയുക്തവും, വസ്തുനിഷ്ഠവുമായ നികുതി നിര്‍ണ്ണയം ഉറപ്പാക്കുകയും, ഭൗതിക വിധിനിര്‍ണ്ണയ നടപടികളുടെ പ്രവര്‍ത്തനത്തിലെ ചില പോരായ്മകള്‍, വിധിനിര്‍ണ്ണയ നടപടികളിലെ വ്യക്തിനിഷ്ഠത, രേഖാമൂലമുള്ള സമര്‍പ്പണങ്ങള്‍ പരിഗണിക്കാതിരിക്കല്‍, നികുതിദായകര്‍ക്ക് മറുപടി സമര്‍പ്പിക്കുന്നതിന് അവസരങ്ങള്‍ നല്‍കാതിരിക്കല്‍ തുടങ്ങിയവ ഒഴിവാക്കുക എന്നതാണ് ഇതിന്റെ ലക്ഷ്യം. അതോടൊപ്പം മാറുന്ന സാങ്കേതിക വിദ്യകള്‍ക്ക് അനുസൃതമായി നികുതി ഭരണത്തിലും മാറ്റങ്ങള്‍ കൊണ്ടുവന്ന് സര്‍ക്കാരിന്റെ പ്രഖ്യാപിത നയമായ ഈസ് ഓഫ് ഡൂയിങ് ബിസിനസ്സിലൂടെ സംസ്ഥാനത്തെ കൂടുതല്‍ വ്യവസായ സൗഹൃദമാക്കാനും സഹായകമാകും.

നികുതിദായകന് വകുപ്പിന്റെ ഓഫീസുകള്‍ സന്ദര്‍ശിക്കേണ്ട ആവശ്യവും ഇതിലൂടെ ഒഴിവാകും. നികുതി നിര്‍ണ്ണയ പ്രക്രിയയുമായി ബന്ധപ്പെട്ട കാരണംകാണിക്കല്‍ നോട്ടിസുകളിന്മേല്‍ നികുതിദായകന്റെ ഭാഗം കേള്‍ക്കുന്നത്, നിലവിലുള്ള ഏതെങ്കിലും ഓണ്‍ലൈന്‍ മീറ്റിങ് പ്ലാറ്റ് ഫോമുകള്‍ വഴി ”ഒരു ഫേസ് ലെസ്സ് അഡ്ജുഡിക്കേറ്റിംഗ് അതോര്‍റ്റി” ആയിരിക്കും. നികുതിദായകര്‍ക്ക് അവരുടെ ഭാഗം ന്യായീകരിക്കുവാനുള്ള രേഖകള്‍ സമര്‍പ്പിക്കുവാന്‍ ജി.എസ്.ടി കോമണ്‍ പോര്‍ട്ടല്‍ ഉപയോഗിക്കുകയും ചെയ്യാം. ഇത് വഴി നികുതിദായകര്‍ക്ക് സമയം ലാഭിക്കുവാനും തങ്ങളുടെ ഭാഗം കൃത്യമായി കേട്ടുവെന്ന് ഉറപ്പാക്കുവാനും സാധിക്കും.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യു
 

Share news
error: Content is protected !!
Scroll to Top