HIGHLIGHTS : Kenya road accident: Bodies of five Malayalis to be brought to Kochi on Sunday
കെനിയയിലെ നെഹ്‌റൂറുവിലുണ്ടായ ബസ് അപകടത്തില്‍ മരണപ്പെട്ട അഞ്ച് കേരളീയരുടെ മൃതദേഹങ്ങള്‍ ഞായറാഴ്ച രാവിലെ 8.45 ന് ഖത്തര്‍ എയര്‍വേയ്‌സ് വിമാനത്തില്‍ നെടുമ്പാശേരി വിമാനത്താവളത്തില്‍ എത്തിക്കും. മൂവാറ്റുപുഴ സ്വദേശിനി ജസ്‌ന (29), മകള്‍ റൂഹി മെഹ്‌റിന്‍ ( ഒന്നര വയസ്), മാവേലിക്കര ചെറുകോല്‍ സ്വദേശിനി ഗീത ഷോജി ഐസക്ക് (58), പാലക്കാട് മണ്ണൂര്‍ സ്വദേശിനി റിയ ആന്‍ (41), മകള്‍ ടൈറ റോഡ്രിഗസ്(7) എന്നിവരുടെ മൃതദേഹങ്ങളാണ് എത്തിക്കുക.

കെനിയയില്‍ നിന്നും കൊണ്ടുവരുന്ന ഭൗതിക ശരീരങ്ങള്‍ക്കും ഒപ്പമുള്ള ബന്ധുക്കള്‍ക്കും ഇന്ത്യയിലേക്ക് പ്രവേശിക്കുന്നതിന് യെല്ലോ വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റ് വേണമെന്ന ആരോഗ്യപരമായ മുന്‍കരുതല്‍ നിബന്ധനയില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ അതിവേഗ ഇടപെടിലിനെ തുടര്‍ന്ന് കേന്ദ്രസര്‍ക്കാര്‍ പ്രത്യേക ഇളവ് അനുവദിച്ചു. കെനിയയില്‍ നിന്നു ഖത്തറിലേക്കു വിമാനം പുറപ്പെടുന്നതിന് ഏതാനും മണിക്കൂര്‍ മുന്‍പ് മാത്രമാണ് യെല്ലോ ഫിവര്‍ വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റ് അനിവശ്യമാണെന്ന് ട്രാവല്‍ ഏജന്‍സി അധികൃതര്‍ വ്യക്തമാക്കിയത്. ഇതോടെ ഭൗതിക ശരീരങ്ങള്‍ നാട്ടിലെത്തിക്കുന്നത് വൈകുമെന്ന ആശങ്ക ഉയര്‍ന്നു. കെനിയയിലെ ലോക കേരള സഭാംഗങ്ങള്‍ അടിയന്തിര ഇടപെടല്‍ തേടി നോര്‍ക്ക റൂട്ട്‌സിനെ വിവരം അറിയിച്ചു. ഉടന്‍ തന്നെ മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രശ്‌നത്തില്‍ ഇടപെട്ടു. നോര്‍ക്ക റൂട്ട്‌സും സംസ്ഥാന ആരോഗ്യ വകുപ്പും കേന്ദ്ര സര്‍ക്കാരുമായി അടിയന്തിര ഇടപെടല്‍ നടത്തി. ഇതേത്തുടര്‍ന്ന് യെല്ലോ ഫിവര്‍ വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റ് വേണമെന്ന നിബന്ധന പ്രത്യേക സാഹചര്യം പരിഗണിച്ച് ഒഴിവാക്കി നല്‍കുകയായിരുന്നു.
സംസ്ഥാന സര്‍ക്കാരിനെ പ്രതിനിധീകരിച്ച് മൃതദേഹങ്ങള്‍ നോര്‍ക്ക റൂട്ട്‌സ് ഏറ്റുവാങ്ങും. ഇവിടെ നിന്നും മൃതദേഹങ്ങള്‍ വീടുകളിലേക്കു കൊണ്ടുപോകും. മരണപ്പെട്ടവരുടെ ബന്ധുക്കളും വിമാനത്തില്‍ ഒപ്പമുണ്ടാകും. ജൂണ്‍ ഒന്‍പതിന് ഇന്ത്യന്‍ സമയം വൈകിട്ട് എഴു മണിയോടെയാണ് (കെനിയന്‍ സമയം വൈകിട്ട് 4.30 ന്) വിനോദസഞ്ചാരത്തിനെത്തിയ 28 പേരടങ്ങുന്ന ഇന്ത്യന്‍സംഘം സഞ്ചരിച്ച ടൂറിസ്റ്റ് ബസ് അപകടത്തില്‍ പെട്ടത്. ഖത്തറില്‍ നിന്നും വിനോദസഞ്ചാരത്തിനായി എത്തിയതായിരുന്നു ഇവര്‍. നെയ്‌റോബിയില്‍ നിന്നും 150 കിലോമീറ്റര്‍ അകലെ നെഹ്‌റൂറുവിലായിരുന്നു അപകടം. ഇവര്‍ സഞ്ചരിച്ച ബസ് താഴ്ചയിലേയ്ക്ക് കീഴ്‌മേല്‍ മറിയുകയായിരുന്നു.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ
ലിങ്കില്‍ ക്ലിക്ക് ചെയ്യു