കരിപ്പൂര്‍ ഹജ്ജ് ക്യാമ്പിന് പരിസമാപ്തി, വിശുദ്ധിയിലേക്ക് ടേക്ക് ഓഫ് ചെയ്ത് 31 വിമാനങ്ങള്‍

സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന ഈ വര്‍ഷത്തെ ഹജ്ജ് തീര്‍ത്ഥാടനത്തിനായി കോഴിക്കോട് എംബാര്‍ക്കേഷന്‍ പോയിന്റ് വഴിയുള്ള യാത്രക്ക് പരിസമാപ്തി. അവസാന വിമാനം വ്യാഴാഴ്ച പുലര്‍ച്ചെ ഒരു മണിക്ക് പുറപ്പെട്ട് സഊദി സമയം പുലര്‍ച്ചെ 4.30 ന് ജിദ്ധയിലിറങ്ങും. 88 പുരുഷന്മാരും 81 സ്ത്രീകളും അടക്കം 169 തീര്‍ത്ഥാടകരാണ് അവസാന സംഗത്തിലുള്ളത്.
ഹജ്ജ് ക്യാമ്പിന്റെ സമാപന സംഗമം സംസ്ഥാന ന്യൂനപക്ഷ ക്ഷേമ, കായിക, വഖഫ്, ഹജ്ജ് തീര്‍ത്ഥാടന വകുപ്പ് മന്ത്രി വി.അബ്ദുറഹിമാന്‍ ഉദ്ഘാടനം ചെയ്തു. സംസ്ഥാനത്തെ മൂന്ന് എംബാര്‍ക്കേഷന്‍ പോയിന്റുകളിലും തീര്‍ത്ഥാടകര്‍ക്ക് എല്ലാ നിലയിലും മെച്ചപ്പെട്ട സൗകര്യങ്ങള്‍ ഒരുക്കുന്നതിന് സര്‍ക്കാര്‍ ഇതുവരെ പരമാവധി ശ്രമങ്ങള്‍ നടത്തിയിട്ടുണ്ടെന്നും സഊദി അറേബ്യയില്‍ എത്തിയാല്‍ ലക്ഷങ്ങള്‍ സംബന്ധിക്കുന്ന ഹജ്ജ് വേളയില്‍ ഏതെങ്കിലും തരത്തിലുള്ള പ്രയാസങ്ങള്‍ അനുഭവപ്പെടുമ്പോള്‍ സാഹചര്യങ്ങള്‍ മനസ്സിലാക്കി അത് പരിഹരിക്കാന്‍ എല്ലാവരും പരസ്പരം സഹകരിക്കണമെന്നും തീര്‍ത്ഥാടകരോട് മന്ത്രി അഭ്യര്‍ത്ഥിച്ചു. കേരളത്തിലെ തീര്‍ത്ഥാടര്‍ക്ക് വിവിധ ഘട്ടങ്ങളിലായി നല്‍കിയ പരിശീലന ക്ലാസ്സുകളള്‍ യാത്രയിലും ഹജ്ജ് വേളയിലും അങ്ങേയറ്റം ഗുണം ചെയ്യുമെന്നും മന്ത്രി പറഞ്ഞു. ഹജ്ജ് ക്യാമ്പില്‍ നിസ്വാര്‍തരായ അനേകം നല്ല മനുഷ്യരുടെ പ്രതിഫലേഛയില്ലാത്ത സേവനങ്ങള്‍ അങ്ങേയറ്റം ശ്ലാഘനീയമാണ്. പ്രവര്‍ത്തനങ്ങള്‍ ഭംഗിയാക്കുന്നതിന് സഹായിച്ച വോളണ്ടിയര്‍മാര്‍ ഉള്‍പ്പടെ എല്ലാവരേയും പ്രാര്‍ത്ഥനയില്‍ ഓര്‍ക്കണമെന്നും മന്ത്രി ഓര്‍മ്മപ്പെടുത്തി.
കോഴിക്കോട് വിമാനത്താവളത്തില്‍ ഹജ്ജ് തീര്‍ത്ഥാടന യാത്രക്ക് പരമാവധി സൗകര്യങ്ങള്‍ ഒരുക്കുയും പ്രവര്‍ത്തനങ്ങളില്‍ മികച്ച സേവനം കാഴ്ചവെക്കുകയും ചെയ്ത് സര്‍വ്വീസില്‍ നിന്നും വിരമിക്കുന്ന എയര്‍പോര്‍ട്ട് ഡയറക്ടര്‍ സി. വി. രവീന്ദ്രനാദിനു ഹജ്ജ് കമ്മിറ്റിയുടെ പ്രത്യേക ഉപഹാരം മന്ത്രി കൈമാറി. പി. നന്ദകുമാര്‍ എം.എല്‍.എ തീര്‍ത്ഥാടകര്‍ക്ക് യാത്രാ മംഗളങ്ങള്‍ നേര്‍ന്നു. ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ ഡോ. ഹുസൈന്‍ സഖാഫി ചുള്ളിക്കോട് അധ്യക്ഷനായി. സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീലുല്‍ ബുഖാരി പ്രാര്‍ത്ഥന നടത്തി. സംസ്ഥാന ഓര്‍ഫനേജ് കണ്‍ട്രോള്‍ ബോര്‍ഡ് ചെയര്‍മാന്‍ എന്‍. അലി അബ്ദുള്ള, ഹജ്ജ് കമ്മിറ്റി അംഗം കെ. ഉമര്‍ ഫൈസി മുക്കം, അഷ്‌കര്‍ കോറാട് ജില്ലാ കലക്ടറും ഹജ്ജ് കമ്മിറ്റി എക്‌സിക്യൂട്ടീവ് ഓഫീസറുമായ വി.ആര്‍. വിനോദ് ഐ.എ.എസ്, മുന്‍ ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ പ്രൊഫ. എ.കെ അബ്ദുല്‍ ഹമീദ്, വ്യാപാരി വ്യവസായി ജില്ലാ ഭാരവാഹികളായ അബ്ദുറഹിമാന്‍, ബാവ തുടങ്ങിയവര്‍ സംസാരിച്ചു. ഹജ്ജ് കമ്മിറ്റി അസി. സെക്രട്ടറി ജാഫര്‍ കെ കക്കൂത്ത് സ്വാഗം പറഞ്ഞു. ഹജ്ജ് സെല്‍ ഓഫീസര്‍ കെ.കെ മൊയ്തീന്‍ കുട്ടി ഐ.പി.എസ് യാത്രാ നിര്‍ദ്ദേശങ്ങള്‍ നല്‍കി. ഹജ്ജ് സെല്‍ സ്‌പെഷ്യല്‍ ഓഫീസര്‍ യു. അബ്ദുല്‍ കരീം ഐ.പി.എസ് (റിട്ട), ഹസന്‍ സഖാഫി തറയിട്ടാല്‍ യൂസുഫ് പടനിലം, വിവിധ സബ് കമ്മിറ്റി ഭാരവാഹികള്‍, ട്രൈനര്‍മാര്‍, ക്യാമ്പ് വോളണ്ടിയര്‍മാര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിച്ചു.
എം.പി അബ്ദുസ്സമദ് സമദാനി ചൊവ്വാഴ്ച വൈകുന്നരം ഹജ്ജ് ക്യാമ്പിലെത്തി തീര്‍ത്ഥാടകര്‍ക്ക് യാത്രാ മംഗളങ്ങള്‍ നേര്‍ന്നു.

കരിപ്പൂരില്‍ നിന്നും തീര്‍ത്ഥാടകരെ തികഞ്ഞ സംതൃപ്തിയോടെ യാത്രയാക്കാന്‍ പ്രയത്‌നിച്ച എല്ലാവര്‍ക്കും സംസ്ഥാന ഹജ്ജ് കമ്മിറ്റി പ്രത്യേക നന്ദി അറിയിച്ചു. മെയ് 9 മുതല്‍ ആരംഭിച്ച കരിപ്പൂരിലെ ഹജ്ജ് ക്യാമ്പിന്റെ വിജയത്തിനായി പ്രവര്‍ത്തിച്ചവര്‍ അനവധിയാണ്. സംസ്ഥാന ഹജ്ജ് കാര്യ വകുപ്പ് മന്ത്രി വി.അബ്ദുറഹിമാന്‍, ജനപ്രതിനിധികള്‍, ഹജ്ജ് കമ്മിറ്റി അംഗങ്ങള്‍, ജില്ലാ കലക്ടര്‍, എയര്‍പോര്‍ട്ട് അതോറിറ്റി, സര്‍ക്കാറിന്റെ വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍, ഹജ്ജ് കമ്മിറ്റി ട്രൈനര്‍മാര്‍, ഹജ്ജ് ക്യാമ്പില്‍ നിസ്വാര്‍ത്ഥ സേവനം ചെയ്ത വോളണ്ടിയര്‍മാര്‍, മെഡിക്കല്‍ ടീം, പോലീസ്, ഫയര്‍ & സേഫ്റ്റി ഉദ്യോഗസ്ഥര്‍, സി ഐ. എസ്. എഫ്, എമിഗ്രേഷന്‍, കസ്റ്റംസ് ഉദ്യോഗസ്ഥര്‍, എയര്‍ ഇന്ത്യ എക്‌സ്പ്രസ്സ് അധികൃതര്‍, കേന്ദ്ര ഹജ്ജ് കമ്മിറ്റി പ്രതിനിധികള്‍, സംസ്ഥാന ഹജ്ജ് കമ്മിറ്റി ഓഫീസ് ജീവനക്കാര്‍, ഹജ്ജ് സെല്‍ ഉദ്യോഗസ്ഥര്‍, മാധ്യമ പ്രവര്‍ത്തകര്‍, ഹരിത കര്‍മ്മ സേന, കെ എസ് ആര്‍ ടി സി, ബി എസ് എന്‍ എല്‍, കെ.എസ്.ഇ.ബി, സിവില്‍ സപ്ലൈസ്, ജല അതോറിറ്റി, പൊതുമരാമത്ത് വകുപ്പ്, സന്നദ്ധ സേവകര്‍, സ്ഥാപനങ്ങള്‍ തുടങ്ങി എല്ലാവരുടേയും യോജിച്ചുള്ള പ്രവര്‍ത്തനങ്ങള്‍ കൊണ്ടാണ് ക്യാമ്പ് വിജയകരമായത്.
തീര്‍ത്ഥാടകര്‍ക്കായി കൈമൈ മറന്ന് സ്തുത്യര്‍ഹമായ സേവനങ്ങള്‍ ചെയ്ത വോളണ്ടിയര്‍മാര്‍ക്കുള്ള അനുമോദന സംഗമവും സര്‍ട്ടിഫിക്കറ്റ് വിതരണവും നടത്തി. ക്യാമ്പില്‍ ഭക്ഷണ പാചക, വിതരണം നടത്തിയ കരാര്‍ ടീം അംഗങ്ങളുടെ പ്രത്യേക സംഗമവും ഇന്ന് ചൊവ്വാഴ്ച ഹജ്ജ് ഹൗസില്‍ നടന്നു. ആരിഫ് ഹാജി കോഴിക്കോട് സംബന്ധിച്ചു.
ഇക്കഴിഞ്ഞ മെയ് ഒമ്പതിനാണ് കരിപ്പൂരില്‍ ഹജ്ജ് ക്യാമ്പ് ആരംഭിച്ചത്. 31 വിമാനങ്ങളിലായി 5339 തീര്‍ത്ഥാടകരാണ് വിശുദ്ധ ഹജ്ജ് തീര്‍ത്ഥാടനത്തിനായി പുറപ്പെട്ടത്. ഇതില്‍ 2202 പേര്‍ പുരുഷന്മാരും 3137 പേര്‍ വനിതാ തീര്‍ത്ഥാടകരുമാണ്. അഞ്ച് വിമാനങ്ങളില്‍ പുരുഷ തുണയില്ലാത്ത വനിതാ തീര്‍ത്ഥാടകര്‍ മാത്രമാണ് യാത്രയായത്. തമിഴ്‌നാട്ടില്‍ നിന്നുള്ള ഏഴ്, കര്‍ണാടകയില്‍ നിന്നുള്ള പത്ത് പേരും കരിപ്പൂര്‍ വഴിയാണ് പുറപ്പെട്ടത്. 33 എസ്.എച്.ഐ മാരാണ് തീര്‍ത്ഥാടകരുടെ സഹായത്തിനായി അനുഗമിച്ചിട്ടുള്ളത്.

അവസാന വിമാനത്തിലേക്കുള്ള തീര്‍ത്ഥാടകര്‍ ബുധനാഴ്ച രാവിലെ പത്ത് മണിയോടെ ക്യാമ്പിലെത്തി. ഉച്ചക്ക് രണ്ട് മണിക്ക് ഇവര്‍ക്കുള്ള രേഖകള്‍ കൈമാറി. മഗ് രിബ് ഇശാ നിസ്‌കാരങ്ങള്‍ ഒരുമിച്ച് നിര്‍വ്വഹിച്ച് ഭക്ഷണം കഴിച്ച് രാത്രി ഒമ്പത് മണിയോടെ സംഗം എയര്‍പോര്‍ട്ടിലേക്ക് തിരിച്ചു. വികാരഭരിതമായാണ് വോളണ്ടിയര്‍മാരും ക്യാമ്പ് ഉദ്യോഗസ്ഥരും അസാനത്തെ സംഘത്തെ യാത്രയാക്കിയത്. പുറപ്പെട്ട എല്ലാവര്‍ക്കും ആരോഗ്യത്തോടെ പരിപൂര്‍ണ്ണമായ രൂപത്തില്‍ ഹജ്ജ് കര്‍മ്മത്തിന് ഉതവിയുണ്ടാവട്ടെയെന്ന പ്രാര്‍ത്ഥനയും ആശംസയും നേര്‍ന്നു കൊണ്ടാണ് എല്ലാവരും ക്യാമ്പ് വിട്ടിറങ്ങിയത്.

കോഴിക്കോട് നിന്നും ബുധനാഴ്ച മൂന്ന് വിമാനങ്ങളാണ് സര്‍വ്വീസ് നടത്തിയത്. പുലര്‍ച്ചെ 12.31 നും രാവിലെ 8.41 നും വൈകുന്നേരം 5.35 നുമാണ് വിമാനങ്ങള്‍ പുറപ്പെട്ടത്.

കണ്ണൂരില്‍ നിന്നും ബുധനാഴ്ച പുലര്‍ച്ചെ 3.38 ന് പുറപ്പെട്ട വിമാനത്തില്‍ 86 പുരുഷന്മാരും 85 സ്ത്രീകളുമാണ് യാത്രയായത്. വ്യാഴാഴ്ച രാത്രി 7.25 നാണ് സര്‍വ്വീസ്. വെള്ളിയാഴ്ച രണ്ട് വിമാനങ്ങള്‍ സര്‍വ്വീസ് നടത്തും.
കൊച്ചിയില്‍ നിന്നും ബുധനാഴ്ച മൂന്ന് വിമാനങ്ങളിലായി 846 തീര്‍ത്ഥാടകര്‍ യാത്രയായി. വ്യാഴാഴ്ച രാവിലെ 9.30 നും രാത്രി 8.20 നുമാണ് സര്‍വ്വീസ്. വെള്ളിയാഴ്ചയിലെ സര്‍വ്വീസ് രാത്രി 8.20 നാണ്.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യു
 

Share news
error: Content is protected !!
Scroll to Top