
മലപ്പുറം: വീട്ടില്‍ പ്രസവിച്ച അതിഥി തൊഴിലാളി യുവതിക്കും കുഞ്ഞിനും രക്ഷകരായി കനിവ് 108 ആംബുലന്‍സ് ജീവനക്കാര്‍. കൊല്‍ക്കത്ത സ്വദേശിയും നിലവില്‍ മലപ്പുറം ഹാജിയാര്‍ പള്ളിയില്‍ താമസവുമായ നൂറുദ്ദീന്റെ ഭാര്യ മീന ബീവി (30) ആണ് വീട്ടില്‍ ആണ്‍കുഞ്ഞിന് ജന്മം നല്‍കിയത്.
വെള്ളിയാഴ്ച രാവിലെ 6 മണിയോടെയാണ് സംഭവം. യുവതിക്ക് പ്രസവവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ഒപ്പമുള്ളവര്‍ ആശുപത്രിയിലേക്ക് മാറ്റാന്‍ ശ്രമിക്കവേ കുഞ്ഞിന് ജന്മം നല്‍കുകയായിരുന്നു. തുടര്‍ന്ന് വിവരം അറിഞ്ഞ ആശാ വര്‍ക്കര്‍ കനിവ് 108 ആംബുലന്‍സിന്റെ സേവനം തേടി. കണ്‍ട്രോള്‍ റൂമില്‍ നിന്ന് അത്യാഹിത സന്ദേശം മലപ്പുറം താലൂക്ക് ആശുപത്രിയിലെ കനിവ് 108 ആംബുലന്‍സിന് കൈമാറി.
ആംബുലന്‍സ് പൈലറ്റ് വിശാഖ് സി, എമര്‍ജന്‍സി മെഡിക്കല്‍ ടെക്‌നീഷ്യന്‍ രമേശ് ആര്‍ എനിവര്‍ സ്ഥലത്തെത്തി. തുടര്‍ന്ന് രമേശ് അമ്മയും കുഞ്ഞുമായുള്ള പൊക്കിള്‍കൊടി ബന്ധം വേര്‍പ്പെടുത്തി ഇരുവര്‍ക്കും വേണ്ട പ്രഥമ ശുശ്രൂഷ നല്‍കി ആംബുലന്‍സിലേക്ക് മാറ്റി. ഉടന്‍ ഇരുവരെയും ആംബുലന്‍സ് പൈലറ്റ് വിശാഖ് മലപ്പുറം താലൂക്ക് ആശുപത്രിയില്‍ എത്തിച്ചു. അമ്മയും കുഞ്ഞും സുഖമായി ഇരിക്കുന്നതായി ബന്ധുകള്‍ അറിയിച്ചു.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു




