
റായ്പൂർ : രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയെ കുറിച്ച് മോശമായ പരാമർശം നടത്തുകയും അദ്ദേഹത്തെ കൊലപ്പെടുത്തിയ ഘാതകൻ നാഥുറാം ഗോഡ്സെയെ പുകഴ്ത്തുകയും ചെയ്ത ആൾദൈവം കാളീചരൺ മഹാരാജ് അറസ്റ്റിൽ.
കഴിഞ്ഞ ആഴ്ച റായ്പൂരിൽ നടന്ന ധരം സൻസാദ് സമ്മേളന ചടങ്ങിൽ വെച്ചാണ് കാളി ചരൺ മഹാത്മാഗാന്ധിയെ നിന്ദിക്കുന്ന പ്രസ്താവന നടത്തിയത്. രാജ്യത്തിൻറെ വിഭജനത്തിന് കാരണമായത് മഹാത്മാഗാന്ധി ആണെന്നും ഗാന്ധിജിയെ വെടിവെച്ചു കൊലപ്പെടുത്തിയ ഗോഡ്സേയെ സല്യൂട്ട് ചെയ്യുന്നു എന്നും രാഷ്ട്രീയത്തിലൂടെ ഇന്ത്യയെ പിടിച്ചടക്കാൻ ആണ് മുസ്ലിം സമുദായത്തിലുള്ളവർ ശ്രമിക്കുന്നതെന്നുമായിരുന്നു കാളിചരണിന്റെ വിവാദ പ്രസ്താവന.
ഛത്തീസ്ഗഢ് പോലീസാണ് അറസ്റ്റ് ചെയ്തത്. മധ്യപ്രദേശിലെ ഖജുരാഹോ യിൽ നിന്ന് ഇന്നലെ രാത്രിയോടെയാണ് അറസ്റ്റ് ചെയ്തത്. ഭാഗേശ്വർ ഡാമിന് സമീപം വാടകക്ക് താമസിക്കുകയായിരുന്നു ഇയാളെന്ന് റായ്പൂർ എസ് പി പ്രശാന്ത് അഗർവാൾ പറഞ്ഞു. ഇന്ന് വൈകുന്നേരത്തോടെ കാളി ചരണിനെ റായ്പൂരിൽ എത്തിക്കും. റായ്പൂർ മുൻ മേയർ പ്രമോദ് ദൂബെ ആണ് കാളിചരണിനെതിരെ പരാതി നൽകിയത്.




